ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടു കൂടി അടുത്ത അന്വേഷണം വരാന്‍ പോകുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടു കൂടി അടുത്ത അന്വേഷണം വരാന്‍ പോകുന്നത് പിണറായി വിജയനിലേക്ക് തന്നെയാണ്. ഇതിന്റെ ഒന്നാംപ്രതി പിണറായി വിജയനായി മാറുകയാണ് എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചത് എന്ന് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്? ഇനിയും അദ്ദേഹത്തിന്റെ ഓഫീസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന് പറയുന്നു.

കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണകൂടം ഹവാല ഇടപാടിനും സ്വര്‍ണ കള്ളക്കടത്തിനും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും ദുരുപയോഗം ചെയ്‌തെങ്കില്‍ അതിന്റെ ആദ്യത്തെ പ്രതി പിണറായി വിജയനാണ്- അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ഒരു നടപടി ക്രമവും പാലിക്കാതെ ഒരു അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിക്ക് നല്‍കിയപ്പോള്‍ താന്‍ ശിവശങ്കര്‍ അപകടകാരിയാണെന്ന് മുന്നറിയിപ്പ് നല്‍കി. സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാവ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നു എന്നാണ്. തുടക്കം മുതല്‍ മുഖ്യമന്ത്രി ശിവശങ്കറെ സംരക്ഷിക്കുകയായിരുന്നു.

താനുന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. ബെവ്ക്യു അഴിമതി, ഇ മൊബീലിറ്റി പദ്ധതി, പമ്പ മണല്‍ക്കടത്ത് അഴിമതി എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്.

താന്‍ പറഞ്ഞത് പോകട്ടേ, മുന്നണിയിലെ രണ്ടാമത്തെ കക്ഷി സിപിഐയുടെ സംസ്ഥാന സെക്രട്ടറി നേരിട്ടും കത്തിലൂടെയും ശിവശങ്കറിനെ മാറ്റാന്‍ ആവശ്യപ്പെട്ടു. അന്നും തയ്യാറായില്ല. അപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയതുകൊണ്ടല്ലേ ശിവശങ്കറെ മാറ്റാതിരുന്നത് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

×