കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് കുവൈറ്റില്‍ പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധമുണ്ടായതായി പഠനറിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, September 16, 2020

കുവൈറ്റ് സിറ്റി: മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് പൊതുജനം കൂടുതല്‍ ബോധവാന്മാരായതായി അടുത്തിടെ നടത്തിയ അക്കാദമിക് പഠനം തെളിയിക്കുന്നുവെന്ന് അല്‍ ഖബാസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായ ഡോ. മാലിക് അല്‍ റഷീദാണ് പഠനം നടത്തിയത്. 679 പേര്‍ പഠനത്തില്‍ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച നടപടികളില്‍ വിശ്വാസമുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ രണ്ടു മാസങ്ങളിലെ ജനങ്ങളുടെ പ്രതികരണമായിരുന്നു ഇത്.

എന്നാല്‍ പിന്നീട് കൊവിഡ് കേസുകളും മരണവും വര്‍ധിച്ചത്, പ്രതിരോധ നടപടികളിലെ അസ്ഥിരത, കര്‍ഫ്യൂ തുടങ്ങിയ സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസ്യത കുറച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള പ്രവണതയും ജനങ്ങളില്‍ ഈ ഘട്ടത്തിലുണ്ടായി.

ഭാവിയില്‍ സമാന ആരോഗ്യപ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നയം രൂപീകരിക്കണമെന്നും അതോടൊപ്പം പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കാര്യക്ഷമമായി ശ്രമിക്കണമെന്നും പറഞ്ഞാണ് പഠനറിപ്പോര്‍ട്ട് അവസാനിക്കുന്നത്.

×