തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇന്നു മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, October 17, 2020

ശബരിമല: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെ ഇന്നു മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.

250 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിനുള്ള അനുമതി. കേരള പൊലീസിന്‍റെ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അവസരം. നിലയ്ക്കലില്‍ ഭക്തരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ച്‌ സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം.

കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

×