ലോക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ ലോകം! യൂട്യൂബ് ചാനലുമായി സച്ചിൻ ബേബി 

സ്പോര്‍ട്സ് ഡസ്ക്
Wednesday, July 29, 2020

ലോക്ഡൗൺ കാലത്ത് ഓൺലൈൻ ലോകത്ത് പുതിയൊരു ഇന്നിങ്സിനു പാഡ് കെ‍ട്ടിയിരിക്കുകയാണു കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. ‘സച്ചിൻ ബേബി ഒഫിഷ്യൽ’ എന്ന സ്വന്തം യൂട്യൂബ് ചാനലുമായാണു സച്ചിന്റെ പുതിയ പരീക്ഷണം. ഒരു മലയാളി കായിക താരത്തിന്റെ ആദ്യ യൂട്യൂബ് ചാനലാണിത്.

ചാനലിന്റെ രസകരമായ ടീസറും കർട്ടൻറൈസറും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ടീമിൽ സച്ചിന്റെ സഹതാരമായ ബേസിൽ തമ്പിയാണു ടീസറിലെ താരം. സ്വന്തം നാടായ പെരുമ്പാവൂരിലെ ഇരിങ്ങോൽക്കാവിനു മുന്നിലെ ചായക്കടയിലിരുന്ന് ക്ലബ് ഉദ്ഘാടനത്തിന് ‘സച്ചിൻ’ എത്തുന്നതിനെക്കുറിച്ച് നാട്ടുകാരുമായി ബേസിൽ സംസാരിക്കുന്നതും ‘സച്ചിൻ… സച്ചിൻ’ എന്ന വിഖ്യാതമായ ആരവത്തിന്റെ പശ്ചാത്തലത്തിൽ താരത്തിന്റെ കാറ് എത്തുന്നതുമാണ് ടീസറിൽ. സുഖമുള്ള ആ സ്വപ്നത്തിൽ നിന്ന് ഉണർന്ന് സച്ചിൻ ബേബി ചാനൽ അവതരിപ്പിക്കുകയാണ് കർട്ടൻ റൈസറിൽ.

ലോക്ഡൗൺ കാലത്ത് കളിയും പരിശീലനവും മുടങ്ങിയപ്പോൾ ശ്രീശാന്ത് ഉൾപ്പടെയുള്ളവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചതെന്നു സച്ചിൻ ബേബി പറഞ്ഞു. ക്രിക്കറ്റ് വിഡിയോകളല്ല, ക്രിക്കറ്റുമായി ബന്ധപ്പെട്ടടക്കമുള്ള കാര്യങ്ങളും സഹതാരങ്ങളുമായുള്ള സൗഹൃദ സംഭാഷണങ്ങളുമൊക്കെ ഉൾക്കൊള്ളിച്ച വിഡിയോകളാണു ചാനലിൽ ഉൾപ്പെടുത്തുകയെന്നു സച്ചിൻ വ്യക്തമാക്കുന്നു.

×