തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുന്നതായി കുവൈറ്റ് എംപി സഫ അല്‍ ഹാഷിം; ഭീഷണി മുഴക്കുന്നത് ഒരു പ്രത്യേക രാജ്യക്കാര്‍; പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും എംപി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 29, 2020

കുവൈറ്റ് സിറ്റി: തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുന്നതായി കുവൈറ്റ് പാര്‍ലമെന്റ് അംഗം സഫ അല്‍ ഹാഷിം. ഇന്ന് മെയില്‍ വഴി ലഭിച്ച ഭീഷണി അടക്കം ഇതുവരെ ഒമ്പത് വധഭീഷണികള്‍ ലഭിച്ചതായും എംപി പറഞ്ഞു. ഒരു പ്രത്യേക രാജ്യക്കാരില്‍ നിന്നാണ് ഭീഷണി ലഭിക്കുന്നതെന്നും എംപി ആരോപിച്ചു.

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്നും അവരുടെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കണമെന്നും നിരന്തരമായി ആവശ്യപ്പെടുന്ന പാര്‍ലമെന്റ് അംഗം എന്നതിനാലാണ് തനിക്ക് വധഭീഷണി ലഭിക്കുന്നതെന്നാണ് എംപിയുടെ ആരോപണം.

സര്‍ക്കാരിനെതിരെയും എംപി ആഞ്ഞടിച്ചു. മന്ത്രിസഭയുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പ് കേട് കൊണ്ട് തഴയപ്പെടുന്നത് സ്വദേശികളുടെ തൊഴിലവസരങ്ങളാണെന്ന് എംപി ആരോപിച്ചു.

അതുകൊണ്ട് തന്റെ നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും താന്‍ നാളുകളായി മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ കൊറോണ നിമിത്തമായെന്നും എംപി അഭിപ്രായപ്പെട്ടു.

×