പതിനഞ്ചിലധികം സീറ്റുകളില്‍ അവകാശവാദവുമായി ജോസഫ്, അധിക സീറ്റുകളില്‍ വിഹിതം ആവശ്യപ്പെട്ട് ലീഗ് !  ജോസഫിന് അര്‍ഹതപ്പെട്ട 4-ഉം അധികമായി പരമാവധി രണ്ടു സീറ്റുകളും വരെയെന്ന് കോണ്‍ഗ്രസ് ! കലഹം ഒഴിവാക്കാന്‍ ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് വീണ്ടും ‘വടി’യെടുത്തില്ലെങ്കില്‍ സീറ്റ് വിഭജനം കീറാമുട്ടിയാകും !

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, October 17, 2020

കൊച്ചി: പരസ്പരം കലഹിച്ച കേരളാ കോണ്‍ഗ്രസുകളിലൊന്നിനെ യുഡിഎഫ് നേതൃത്വം പടിയിറക്കി വിട്ടത് മുന്നണിയിലെ കലഹങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു.

എന്നാല്‍, മുന്നണിയില്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ നടപടി ഫലം കാണില്ലെന്നതിന്‍റെ സുചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസും എംപി വീരേന്ദ്രകുമാറിന്‍റെ ജനതാദളും പുറത്തുപോയപ്പോള്‍ 17 സീറ്റുകളാണ് യുഡിഎഫില്‍ ഒഴിവുവരുന്നത്.

എന്നാല്‍ അതില്‍ അവകാശവാദങ്ങളുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലിം ലീഗും രംഗത്തെത്തിയതോടെ നേതൃത്വം ആശങ്കയിലാണ്.

കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്കുവേണമെന്നാണ് ജോസഫിന്‍റെ ആവശ്യം. കൂടാതെ ജനതാദള്‍ പുറത്തുപോയപ്പോള്‍ ഒഴിവുവന്ന 6 സീറ്റുകളില്‍ ആനുപാതികമായ വിഹിതവും ജോസഫ് ആവശ്യപ്പെടുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ശക്തമായ നിലപാടില്‍ തന്നെയാണ്. പിജെ ജോസഫ് വിഭാഗം കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് സീറ്റുകളില്‍ മത്സരിച്ചത് 15-ല്‍ 4 എണ്ണത്തിലാണ്.

കടുത്തുരുത്തി, തൊടുപുഴ, കുട്ടനാട്, കോതമംഗലം – ആ സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് തര്‍ക്കമില്ല. മാത്രമല്ല, അന്ന് കെഎം മാണിക്കൊപ്പമുണ്ടായിരുന്ന തോമസ് ഉണ്ണിയാടന്‍ ജോസഫിന്‍റെ കൂടെ എത്തിയതിനാല്‍ ആ സീറ്റ് ജോസഫിന് നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്.

അപ്പോള്‍ 5 ആയി. മാത്രമല്ല, കെഎം മാണിയുടെ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് ജോസഫിനൊപ്പം പോന്ന നേതാവെന്ന നിലയില്‍ ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ ജോസഫിന്‍റെ അവകാശവാദം കോണ്‍ഗ്രസ് പൂര്‍ണമായും തള്ളുന്നില്ല.

പക്ഷേ ചങ്ങനാശ്ശേരി കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ്. ജോസഫിന് നിയോജകമണ്ഡലത്തിലാകെ 100 പ്രവര്‍ത്തകര്‍ പോലുമില്ല. അതിനാല്‍ ചങ്ങനാശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കും.

അതിനുപകരം കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ച തളിപ്പറമ്പ് ജോസഫിന് വിട്ടുനല്‍കും. അതോടെ ജോസഫിന്‍റെ വിഹിതം കഴിഞ്ഞ തവണത്തേതിനേക്കാള്‍ 2 കൂടി ആറാകും.

പക്ഷേ അതുകൊണ്ടും ജോസഫ് അവകാശവാദം അവസാനിപ്പിക്കില്ല. ഇടുക്കിയും തിരുവല്ലയും ജോസഫ് ശക്തമായി ആവശ്യപ്പെടുകയാണ്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ ജോസഫ് ഗ്രൂപ്പ് പണ്ടേ ദുര്‍ബലമാണ്.

ഇടുക്കിയിലെ ഹൈറേഞ്ച്-ലോറേഞ്ച് പോരില്‍ ലോറേഞ്ചിന്‍റെ പ്രതിനിധിയാണ് ജോസഫ്. പണ്ട് ഇടുക്കിയില്‍ അനുവദിച്ച മെഡിക്കല്‍ കോളജിന് പിജെ ജോസഫാണ് പാരവച്ചതെന്ന വിവാദം ഉയര്‍ത്തി അന്നത്തെ ഇടുക്കി എംഎല്‍എ പിപി സുലൈമാന്‍ റാവുത്തര്‍ ഉയര്‍ത്തിയ പോരാട്ടം ഉദാഹരണമാണ്.

അതിനാല്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. എന്നാല്‍ തിരുവല്ലയുടെ കാര്യത്തില്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും.

ഒന്നുകില്‍ തിരുവല്ല ജോസഫിനു നല്‍കുക, അല്ലെങ്കില്‍ പകരമായി കഴിഞ്ഞ തവണ മത്സരിച്ച പേരാമ്പ്ര നല്‍കുക എന്നതാകും പായ്ക്കേജ്. അങ്ങനെ വന്നാല്‍ ജോസഫ് വിഭാഗത്തിന് 7 സീറ്റുകള്‍ നല്‍കേണ്ടിവരും.

അതിന് കോണ്‍ഗ്രസില്‍ ശക്തമായ വിയോജിപ്പുണ്ട്. കോണ്‍ഗ്രസ് നിന്നാല്‍ നിഷ്പ്രയാസം വിജയിക്കാവുന്ന സീറ്റുകളാണിതില്‍ പലതും.

സീറ്റ് നല്‍കുന്നത് മാത്രമല്ല, കോണ്‍ഗ്രസിന്‍റെ ചിലവില്‍ വിജയിച്ചു വന്നാല്‍ മന്ത്രി സ്ഥാനത്തിന്‍റെയും വകുപ്പിന്‍റെയും കാര്യത്തില്‍ വീണ്ടും തര്‍ക്കം ഉടലെടുക്കുകയും ചെയ്യും.

കേരളാ കോണ്‍ഗ്രസിനു പുറമേ മുസ്ലീം ലീഗും അധികം വരുന്ന സീറ്റുകളുടെ വിഹിതത്തിനായി രംഗത്തുണ്ട്. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ ലീഗ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ 24 സീറ്റുകള്‍ 30-35 ആയി ഉയര്‍ത്തണമെന്നാണ് ലീഗിന്‍റെ ആവശ്യം. എല്ലാ ജില്ലകളിലും ലീഗ് ഓരോ സീറ്റുവീതം അധികമായി ആവശ്യപ്പെടുന്നുണ്ട്. എന്തായാലും ലീഗിന് 4 സീറ്റുകളെങ്കിലും വിട്ടുനല്‍കിയേക്കും.

 

×