ഒന്നോ രണ്ടോ ഓവര്‍ മുന്‍പ് കെ എല്‍ രാഹുല്‍ കളി ഫിനിഷ് ചെയ്തിരുന്നു എങ്കില്‍ എനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചാനെ; പഞ്ചാബ് തോറ്റെന്ന് കരുതുക, ഉത്തരവാദിത്വം ഏറ്റെടുക്കുക ഗെയ്‌ലോ രാഹുലോ പൂരനോ? വിമര്‍ശനവുമായി സെവാഗ്

സ്പോര്‍ട്സ് ഡസ്ക്
Friday, October 16, 2020

ഡല്‍ഹി: അനായാസം ജയത്തിലേക്ക് നീങ്ങുകയായിരുന്നു ആര്‍സിബിക്കെതിരെ പഞ്ചാബ്. എന്നാല്‍ ഫിനിഷീങ്ങിലേക്ക് എത്തിയപ്പോള്‍ പഞ്ചാബ് പതറി. ഒടുവില്‍ ജയിച്ചു കയറിയത് അവസാന പന്തിലും. ഇവിടെ ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ പഞ്ചാബിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

ഒന്നോ രണ്ടോ ഓവര്‍ മുന്‍പ് കെ എല്‍ രാഹുല്‍ കളി ഫിനിഷ് ചെയ്തിരുന്നു എങ്കില്‍ എനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചാനെ. കാരണം നിങ്ങള്‍ അത്രയും നല്ല ഫോമിലാണെങ്കില്‍ അതിന് സാധിക്കും. രണ്ട് മികച്ച ബാറ്റ്‌സ്മാന്മാരുമാണ് ക്രീസില്‍ നിന്നിരുന്നത്, രാഹുലും ഗെയ്‌ലും. 3 ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. 2 ഓവര്‍ മുന്‍പ് കളി ജയിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ നെറ്റ് റണ്‍റേറ്റും ഉയര്‍ത്താന്‍ സാധിച്ചാനെ, സെവാഗ് പറഞ്ഞു.

കളിയും ടൂര്‍ണമെന്റും ജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നെറ്റ്‌റണ്‍റേറ്റും ശ്രദ്ധിക്കണം. ഒരേ പോയിന്റോടെ ടീമുകള്‍ വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ നിര്‍ണായകമാവുക നെറ്റ് റണ്‍റേറ്റ് ആണ്. അങ്ങനെ വരുമ്പോള്‍ ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോവുക പ്രയാസമാവും. ആ കളിയില്‍ പഞ്ചാബ് തോറ്റിരുന്നു എങ്കിലോ? പൂരന്‍ അവസാന പന്തില്‍ ഔട്ട് ആയിരുന്നു എങ്കിലോ? ആരാവും ഉത്തരവാദിത്വം ഏറ്റെടുക്കുക? കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, പൂരന്‍ എന്നിവരില്‍ ആരാവും പഴി ഏറ്റുവാങ്ങുക? സെവാഗ് ചോദിച്ചു.

സൂപ്പര്‍ ഓവറില്‍ തോറ്റിരുന്നു എങ്കില്‍ ആരാവും ഉത്തരവാദിത്വം ഏറ്റെടുക്കുക? നിങ്ങളാണ് നായകന്‍ എങ്കില്‍, 20ാം ഓവര്‍ വരെ നിങ്ങള്‍ ക്രീസില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ഫോമില്‍ നില്‍ക്കുമ്പോള്‍, നിങ്ങളുടെ ഉത്തരവാദിത്വം ആണ് കളി അവസാന ഓവറിന് മുന്‍പ് ഫിനിഷ് ചെയ്യുക എന്നത്.

കെ എല്‍ രാഹുല്‍ പഠിക്കേണ്ടത് അതാണ്. കാരണം അവസാന ഓവറില്‍ ഒരു തെറ്റായ നീക്കം, ഒരു നല്ല ഡെലിവറി, ഒരു റണ്‍ ഔട്ട് എന്നിവയെല്ലാം കളിയുടെ ഗതി തിരിക്കും, സെവാഗ് പറഞ്ഞു.

×