ഉറക്കം നിസാരമല്ല ! ഉറക്കില്ലാത്തവര്‍ക്ക് ഇതാ സ്ലീപ്പിങ് ലാബുകള്‍...

New Update

പാതിരാത്രിയായിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക. ഉറക്കംവരാതെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുക. പാതിരാവരെ ടിവി കണ്ടിരിക്കുക…

Advertisment

ഇന്നത്തെ പല മലയാളി കുടുംബങ്ങളിലെയും സ്ഥിരം കാഴ്ചയാണിത്. പക്ഷേ ഒന്നോര്‍ക്കുക. ഉറക്കം ഒരു നിസ്സാര സംഭവമല്ല. ഉറങ്ങേണ്ടത് ഉറങ്ങി തന്നെ തീര്‍ക്കണം.

ഉറക്കമില്ലെങ്കില്‍ സംഗതി ഗൗരവമാണ്. ശ്രദ്ധക്കുറവ്, ക്ഷീണം, ദേഷ്യം, വിശപ്പില്ലായ്മ, തലപെരുക്കല്‍, ആശങ്ക തുടങ്ങിയവ ഉറക്കക്കുറവുള്ളവരില്‍ കാണാം. ഉറക്കമില്ലാതായാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റും.

ഉറക്കക്കുറവുമൂലം ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ ഇവയാണ്. ഇന്‍സോമ്നിയ-ഇതു പ്രധാനമായും ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ഞെട്ടി ഉണരല്‍ എന്നിവയാണ്. നാര്‍കോലെപ്‌സി-സംസാരിച്ചിരിക്കുമ്പോള്‍ വീണു പോവുക, ഉറങ്ങുന്നതുപോലെ തോന്നുക എന്നതാണ് പ്രധാന ലക്ഷണം.

ഉറക്കത്തിലെ നടത്തം പോലുള്ള പാരാസോമ്‌നിയ അസുഖങ്ങളും ഉറക്കമില്ലായ്മയുടെ ഫലമാണ്. ഉറക്കക്കുറവിനു പരിഹാരം തെറ്റായ ശീലങ്ങള്‍ മാറ്റിയെടുക്കലാണ്. ഉറക്കം കിട്ടാന്‍ ഗുളിക കഴിക്കുന്നത് നല്ല ശീലമല്ല. പിന്നീട് ഗുളികയില്ലാതെ ഉറങ്ങാന്‍ പറ്റാതെ വരും.

ഇനി നന്നായി ഉറങ്ങാനും ചില തയ്യാറെടുപ്പുകള്‍ വേണം. ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പു ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഉറങ്ങുന്നതിനു കൃത്യം ഒന്നര മണിക്കൂര്‍ മുന്‍പു കുളിക്കുക. എങ്കില്‍ സാധാരണയിലും 10 മിനിറ്റ് മുന്‍പ് ഉറക്കം അനുഗ്രഹിക്കുമെന്നും പഠനം പറയുന്നു.

ഇനി നല്ല ഉറക്കം എങ്ങനെയെന്നു നോക്കാം. അത്താഴം കഴിച്ച് നേരത്തേ കിടക്കുന്നതാണു നല്ലത്. രാത്രിയില്‍ ലഘുഭക്ഷണമാണ് സുരക്ഷിതം. ദഹനപ്രക്രിയ എളുപ്പമാകും. ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയുടെ ഉപയോഗം രാത്രിയില്‍ പൂര്‍ണമായും ഒഴിവാക്കണം.

ഉറങ്ങുന്നതിന് മുന്‍പ് മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാം. ദിവസവും ഒരേസമയം കിടക്കുക, ഒരേസമയം ഉണരുക. ഉറക്കം വന്നില്ലെങ്കിലും ആ സമയം പാലിക്കുക.

ഏഴുമണിക്കൂര്‍ ഉറങ്ങിയാല്‍ നല്ലത്. രാത്രി പത്തു മുതല്‍ അഞ്ചുവരെ ഉറങ്ങുന്നതാണു പ്രായോഗികം. ഉറങ്ങാന്‍ മാത്രം കിടക്കുക. ടിവി കാണാനും മറ്റും കിടക്കുന്നത് ഉറക്കത്തെ ബാധിക്കും. മൊബൈല്‍ അടുത്തു വച്ച് ഉറങ്ങരുത്. ഉറങ്ങുന്ന അന്തരീക്ഷം സ്വസ്ഥവും വൃത്തിയുള്ളതും ആയിരിക്കണം.

ഇനി ഒട്ടും ഉറങ്ങാത്തവരാണോ നിങ്ങള്‍ ? ഉറങ്ങാന്‍ സ്ലീപ് ലാബുകളുമുണ്ട്. ചുമ്മാകിടന്നുറങ്ങിയാല്‍ മതി. ദേഹത്ത് കുറേ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടാവുമെന്നു മാത്രം. പോളി സോമ്‌നോഗ്രഫിയിലൂടെയാണു നമ്മുടെ ഉറക്കം വിലയിരുത്തുക.

വീട്ടിലെ കിടപ്പുമുറിയുടെ രൂപത്തിലായിരിക്കും ആശുപത്രിയിലെ ഉറക്കമുറി. നാഡിമിടിപ്പ്, ബിപി, ശ്വാസം വലി, കൂര്‍ക്കം വലി, നെഞ്ചിന്റെ ചലനം, രക്തത്തിലെ ഓക്‌സിജന്റെ അളവ് ഇവയൊക്കെ രേഖപ്പെടുത്തും. ഉറങ്ങുമ്പോള്‍ തലച്ചോറില്‍ വരുന്ന വ്യതിയാനങ്ങളും രേഖപ്പെടുത്തും.

health tips
Advertisment