സ്നേഹപ്പെയ്ത്ത് (കവിത)

സത്യം ഡെസ്ക്
Wednesday, September 23, 2020

-പ്രമോദ് ബാലകൃഷ്ണൻ പുളിയപ്പറ്റ

ഒരൊഴിഞ്ഞ പാത്രത്തിലേക്കെന്ന പോലെ
സ്നേഹം കോരിയൊഴിക്കുമ്പോൾ
ഉള്ളം വിശാലമായിക്കൊണ്ടിരുന്നു
നീ ചേർത്ത മധുരമേറെ തേനായൊലിച്ചു
വീണ്ടും വീണ്ടും മധുരമൂറുന്ന സ്നേഹ പാനം
പിന്നെയും പിന്നെയും ഞാനാഗ്രഹിച്ചു
ഒഴിയാതെ ഒഴിയാതെ സ്നേഹപ്പെയ്ത്ത്..
ഒരിക്കൽ
ഒരിക്കലൊരിത്തിരി കുറഞ്ഞു പോയപ്പോൾ
ഞാനാകെ
കരഞ്ഞു തളർന്നുവലഞ്ഞുറങ്ങി
ഒരു വറ്റിയ തടാകക്കരയിലിരിക്കുന്നതായി തോന്നി
ശൂന്യമായ ഇടങ്ങളിലൂടെ
ഇരുട്ടിലൂടെ സഞ്ചാരം
സ്വപ്ന സഞ്ചാരത്തിലാരോ പറഞ്ഞു
കാറ്റു വരും മഴ വരും പിന്നെ പാത്രം നിറയും
നിറഞ്ഞ പാത്രത്തിൽ നീ നീന്തിത്തുടിക്കും
പിന്നെ
ഉണർന്നെണീറ്റപ്പോൾ
ചുറ്റും സ്നേഹത്തിൻ്റെ പ്രളയമായിരുന്നു
നീന്തിക്കരകയറാൻ കഴിയാത്തത്ര
പ്രണയത്താൽ ചുറ്റപ്പെട്ട പ്രളയം
അതിരുകളില്ലാത്ത ലോകം പോലെ
ഞാനാഗ്രഹിച്ച സ്നേഹം പോലെ
പ്രണയം പെയ്തിറങ്ങി
സ്നേഹ പ്രളയമായി എന്നെ ചുറ്റിവരിഞ്ഞു
ഒരൊഴിഞ്ഞ പാത്രത്തിലേക്കെന്ന പോലെ
സ്നേഹപ്പെയ്ത്ത്
‘ഞാനതങ്ങനെ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു

×