‘ സിസിടിവി’ യെക്കുറിച്ച് ഒരു ‘ഇടിമിന്നൽ’ക്കവിത….

സത്യം ഡെസ്ക്
Wednesday, July 29, 2020

നമുക്കു ചുറ്റും ഓരോ ദിവസവും നിറഞ്ഞുനിൽക്കുന്ന വാർത്തകൾ വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ദൈനംദിന വാർത്തകൾ കവിതാ രൂപത്തിലേയ്‌ക്ക് മാറുമ്പോൾ അത് വായനക്കാരനിൽ കൂടുതൽ കൗതുകം ജനിപ്പിക്കുന്നു.

ഇത്തരത്തിൽ ആനുകാലിക വിഷയങ്ങളെ അതാത് ദിവസം തന്നെ കവിതകളാക്കി മാറ്റിയെടുത്ത് അതിന്റെ സാമൂഹ്യവിമർശന ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുകയാണ്, ഇതിനകം ആയിരത്തോളം ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് കവിതകൾ എഴുതിയിട്ടുള്ള, ഹോളിവുഡ് സംവിധായകനും കവിയുമായ ഡോ.സോഹൻ റോയ്.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയതു സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കേന്ദ്ര ഏജൻസികളുടെ ഇതുസംബന്ധിച്ച അന്വേഷണങ്ങളും അതിന്റെ പുരോഗതിയും വാർത്താമാധ്യമങ്ങൾ ദൈനംദിനയെന്നോണം റിപ്പോർട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടുവെന്നും , എന്നാൽ ഇടിമിന്നലിനെ തുടർന്ന് സിസിടിവി യുടെ ചില ഭാഗങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കേണ്ടി വന്നുവെന്നുമുള്ള വാർത്തകളെ ചൊല്ലിയാണ് ഇപ്പോൾ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നത്. ഈ വിഷയങ്ങൾ വായനക്കാരെ ഓർമിപ്പിച്ചുകൊണ്ട്, ഹാസ്യത്തിന്റെ മേമ്പോടിയോടു കൂടി സിസിടിവി യെക്കുറിച്ച് എഴുതിയ ‘ഭൂത ദൃശ്യം’ എന്ന കവിതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സംസാരവിഷയമായിരിക്കുന്നത്.

‘തൊട്ടു മുൻപുവരെ നടന്ന വസ്തുതകളുടെ കള്ളം പറയാത്ത ദൃശ്യങ്ങൾ ‘ എന്ന അർത്ഥത്തിൽ, ‘ഭൂതസത്യം ‘ എന്ന് പേരിട്ടിരിക്കുന്ന കവിതയുടെ വരികൾ ഇങ്ങനെയാണ്..

” ഇരുളിൻ നിഴൽ വീണു കാഴ്ചകൾ മാഞ്ഞാലും
ഇഴവിട്ടു ബന്ധങ്ങളില്ലാതെയായാലും
ഇമപൂട്ടി അന്ധനായ് ഭാവിച്ചിരുന്നാലും
ഇടിമിന്നലേറ്റാൽ മായുമോ സത്യങ്ങൾ”

സാധാരണക്കാർക്ക് കാണാൻ കഴിയാത്തവണ്ണം ഇരുട്ട് പരന്നാലും ആ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ സിസിടിവിയ്‌ക്ക് കഴിയുമെന്നു പറയുന്ന കവി, ദൃശ്യങ്ങളിലൂടെ പുറത്തുവരുന്ന സത്യങ്ങൾ ഇടിമിന്നലിലൂടെ മാഞ്ഞുപോകില്ല എന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു.

വളരെ ഹാസ്യാത്മകമായ രീതിയിൽ ഈ കവിത ആലപിച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകനായ ബി ആർ ബിജുറാം. ഈ കവിതയുടെ സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

×