Advertisment

വീണ്ടും സഹായവുമായി സോണു സൂദ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇത്തവണ ബീഹാറിലെ ' Mountain Man' എന്നറിയപ്പെട്ടിരുന്ന ദശരഥ് മാഞ്ചിയുടെ കുടുംബത്തിനാണ് അരിയും ഗോതമ്പും പലചരക്കു സാധങ്ങളും പണവും എത്തിച്ചിരിക്കുന്നത്.

Advertisment

publive-image

അറിയുമോ ദശരഥ്‌ മാഞ്ചിയെ ? ഞാൻ 2018 ജനുവരിയിൽ അദ്ദേഹത്തെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു.തനിക്ക് ആഹാരവുമായി ജോലിസ്ഥലത്തേക്ക് വഴിയില്ലാത്തതിനാൽ ബുദ്ധിമുട്ടി വലിയ മലകയറി വന്ന ഭാര്യ, കാലുതെന്നി താഴേ ഗർത്തത്തിൽ വീണു മരിക്കാനിടയായ സംഭവത്തിനുശേഷം ഒരു ഹാമറും ,ഉളിയും പിക്കാസും കൊണ്ട് 22 വർഷത്തെ പ്രയത്നഫലമായി ആ മലയിലൂടെ 110 മീറ്റർ നീളവും 9 മീറ്റർ വീതിയും 7.7 മീറ്റർ താഴ്ചയിലും ഒറ്റയ്ക്ക് ഒരു റോഡ് നിർമ്മിച്ചു വിഖ്യാതനായ വ്യക്തിയാണ്

ദശരഥ് മാഞ്ചി.

ബീഹാർ സർക്കാർ അദ്ദേഹത്തെ Mountain Man എന്ന പദവി നൽകി ആദരിക്കുകയും പദ്‌മശ്രീ പുരസ്‌ക്കാര ത്തിന് ശുപാർശ ചെയ്യുകയുമുണ്ടായി.തപാൽ വകുപ്പ് മാഞ്ചിയുടെ പേരിൽ ഒരു സ്റ്റാമ്പും പുറത്തിറക്കിയിട്ടു ണ്ട്. മാഞ്ചി പണിത റോഡിന് അദ്ദേഹത്തിൻ്റെ പേരാണ് നൽകിയിരിക്കുന്നത്. ഗ്രാമത്തിൽ മാഞ്ചിയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടു.

മാഞ്ചിയുടെ കഥയറിഞ്ഞ ബോളിവുഡ് നടൻ ആമീർ ഖാൻ 2014 ൽ അവതരിപ്പിച്ച ടി.വി.ഷോയായ സത്യമേവ ജയതേ യുടെ ആദ്യ എപ്പിസോഡ് അദ്ദേഹത്തിന് സമർപ്പിക്കുകയായിരുന്നു. അതിനുശേഷം അമീർഖാൻ ബീഹാറിലെ ഗയ യുടെ അടുത്തുള്ള Gehlaur ഗ്രാമത്തിലെത്തി മാഞ്ചിയെയും കുടുംബത്തെയും സന്ദർശി ക്കുകയും സാഹായവാഗ്‌ദാനം ഉറപ്പുനല്കുകയുമുണ്ടായി. നിർഭാഗ്യവശാൽ നാളിതുവരെ അത് അവർക്ക് ലഭിച്ചിട്ടില്ല. മാഞ്ചിക്ക്, വീടെന്നുപറയാൻ പുല്ലുമേഞ്ഞ ഒരു നാൽക്കൂര മാത്രമാണുണ്ടായിരുന്നത്. ഇന്നും അതുതന്നെയാണ് സ്ഥിതി.

2015 ൽ ബോളിവുഡ് നിർമ്മാതാവ് കേതൻ മെഹ്ത്ത, മാഞ്ചിയുടെ കഥ സിനിമയാക്കുകയുണ്ടായി Manjhi - The Mountain Man എന്നപേരിൽ നവാജുദ്ദീൻ സിദ്ദിഖിയും രാധിക ആംട്ടേ യുമായിരുന്നു നായികാനായകന്മാർ. ചിത്രത്തിൻറെ റോയൽറ്റിയും സാമ്പത്തികസഹായവും നല്കാമെന്നവർ വാക്കുപറഞ്ഞിരുന്നെങ്കിലും അതും നൽകിയില്ല. ഒരർത്ഥത്തിൽ അവരെ കബളിപ്പിക്കുകയായിരുന്നു. കന്നഡയിലും മാഞ്ചിയുടെ കഥ സിനിമയാ യിട്ടുണ്ട്.

സർക്കാരിൽ നിന്നോ സിനിമാക്കാരിൽ നിന്നോ അഭിനന്ദനങ്ങളല്ലാതെ ഒരു സഹായവും അദ്ദേഹത്തിനോ കുടുംബാംഗങ്ങൾക്കോ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നതാണ് ദുഖകരമായ വസ്തുത.

മാഞ്ചി 2007 ൽ ക്യാൻസർ മൂലമാണ് മരിച്ചത്. അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്. മകളുടെ ഭർത്താവ് മതിയായ ചികിത്സകിട്ടാതെ അടുത്തിടെ മരിച്ചു. അതിനുവേണ്ടി നാട്ടുകാരോട് കടം വാങ്ങിയ 40000 രൂപ ഇന്ന് വലിയ ബാദ്ധ്യതയാണ്. പുല്ലുമേഞ്ഞ മൺഭിത്തി കൊണ്ട് നിർമ്മിച്ച ആ വീട്ടിലാണ് ഇന്നും കുടുംബം കഴിയുന്നത്.മഴയത്ത് തകർന്നുവീഴുന്ന അവസ്ഥയിലാണ് മേൽക്കൂര.

ലോക്ക് ഡൗൺ ആയതോടെ കുടുംബം പട്ടിണിയിലായി. അവരുടെ ദുരവസ്ഥ പുറംലോകത്തെത്തിച്ചത് വിനോദ് എന്ന യുവാവാണ്. വിവരം ബോളിവുഡ് ചാരിറ്റിമാൻ എന്നറിയപ്പെടുന്ന നടൻ സോണു സൂദിന്റെ കാതുകളിലെത്തിയതും മറുപടി ട്വീറ്റ് ഉടനുണ്ടായി. " മാഞ്ചിയുടെ കുടുംബത്തിന്റെ ദുഃഖങ്ങൾ ഇന്നത്തേ തോടുകൂടി അവസാനിക്കുന്നു. നാളെ അവർക്കുള്ള എല്ലാ സഹായവും എത്തിയിരിക്കും" ഇതായിരുന്നു ട്വീറ്റ്.

പിറ്റേദിവസം തന്നെ സോണു സൂദിന്റെ ടീം മാഞ്ചിയുടെ വീട്ടിലെത്തി ഭക്ഷ്യധാന്യങ്ങളും താൽക്കാലി കാവശ്യത്തിനുള്ള പണവും കൈമാറി. പുല്ലുമേഞ്ഞ വീട് പുതുക്കിപ്പണിതുനൽകാമെന്നും കുട്ടികളുടെ പഠനത്തിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കാമെന്നും രോഗബാധിതയായ മകൾ അൻഷു കുമാരിയുടെ ചികിത്സക്കുള്ള സഹായം എത്തിക്കുമെന്നും സോണു സൂദ് അവർക്കുറപ്പുനല്കി. ദശരഥ് മാഞ്ചിയുടെ മകൻ ഭഗീരഥ് മാഞ്ചി ഈ സഹായങ്ങൾക്കെല്ലാം നന്ദി അറിയിച്ചു..

സഹായം എത്തിക്കാൻ കടപ്പെട്ട സർക്കാരും, സംഘടനകളും,സിനിമാക്കാരും കയ്യൊഴിഞ്ഞപ്പോൾ അവരുടെ ആരുമല്ലാത്ത സോണു സൂദ് രക്ഷകനായി രംഗത്തെത്തുകയായിരുന്നു

sonu
Advertisment