Advertisment

പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാകും ! വിശദീകരണ നോട്ടീസിന് മറുപടി കിട്ടിയാലുടന്‍ നടപടിയെന്ന് സൂചന; മറുപടി നല്‍കാതെ കോടതിയില്‍ പോകാനൊരുങ്ങി ജോസഫ്; പാര്‍ട്ടിയെപ്പറ്റിയുള്ള അവകാശത്തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ലെന്നു കോടതിയെ അറിയിക്കും; സ്പീക്കര്‍ രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നുവെന്ന ആക്ഷേപം ഉയര്‍ത്തി പ്രതിരോധിക്കാന്‍ യുഡിഎഫും

New Update

തിരുവനന്തപുരം: ഓഗസ്റ്റ് 24ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ചെന്ന കേരളാ കോണ്‍ഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിന്റെ പരാതിയില്‍ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കിയേക്കും.

Advertisment

ഇരുവരോടും ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ കത്തു നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികളില്‍ വൈകാതെ തീരുമാനമെടുക്കണമെന്ന കീഴ് വഴക്കമുള്ളതനാല്‍ ഉടന്‍ തന്നെ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് സാധ്യത.

publive-image

വിപ്പ് ലംഘനത്തിന്റെ പേരില്‍ ആദ്യം ലഭിച്ച പരാതി റോഷി അഗസ്റ്റിന്റേതാണ്. അതിന് ഒരു ദിവസത്തിന് ശേഷമാണ് മോന്‍സിന്റെ പരാതി ലഭിച്ചത്. നിയമപ്രകാരമാണെങ്കില്‍ ആ പരാതിയില്‍ ഇന്നു അല്ലെങ്കില്‍ തിങ്കളാഴ്ച തുടര്‍ നടപടിയുണ്ടാകണം. പക്ഷേ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതുണ്ടാകാനിടയില്ല.

വിപ്പ് ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും ആറുവര്‍ഷത്തെ അയോഗ്യത കല്‍പ്പിക്കാനാകും സ്പീക്കറുടെ തീരുമാനമെന്നാണ് സൂചന. ചില രാഷ്ട്രീയ നീക്കങ്ങളും സ്പീക്കറുടെ തീരുമാനത്തിന് പിന്നിലുണ്ടായേക്കുമെന്ന സൂചനയുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശന നിലപാട് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ തന്നെ സ്പീക്കര്‍ അയോഗ്യതാ നോട്ടീസില്‍ തുടര്‍ നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗം തന്നെയാണെന്നാണ് വിലയിരുത്തല്‍.

അതേസമയം സ്പീക്കറുടെ തടപടിയില്‍ കോടതിയില്‍ പോകാനാണ് ജോസഫിന്റെ നീക്കം. നോട്ടീസ് കിട്ടിയാല്‍ തിങ്കളാഴ്ച ഹൈക്കോടതിയെ ജോസഫും മോന്‍സും സമീപിക്കും. പാര്‍ട്ടിയിലെ തര്‍ക്കവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരാതിരുന്ന സമയത്ത് നടന്ന അവിശ്വാസത്തിന്റെ വിപ്പ് ബാധകമല്ലെന്നുമാകും കോടതിയില്‍ പറയുക.

പാര്‍ട്ടിയുടെ അവകാശം സംബന്ധിച്ച് ഇപ്പോഴും കോടതിയില്‍ കേസു നടക്കുമ്പോള്‍ സ്പീക്കറുടെ നോട്ടീസിന് പ്രസക്തിയില്ലെന്നും ഹര്‍ജിയില്‍ പറയാനുള്ള സാധ്യതയുണ്ട്. അതേസമയം സ്പീക്കറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെടുമോയെന്ന സംശയവും സജീവമാണ്.

അതേസമയം സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന പ്രചാരണം ശക്തമാക്കാനാണ് യുഡിഎഫിന്റെ നീക്കം. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് സ്പീക്കര്‍ നടപ്പാക്കുന്നതെന്ന ആക്ഷേപം ഉയര്‍ത്തി സ്പീക്കറെ പ്രതിരോധത്തിലാക്കാനും ശ്രമം യുഡിഎഫ് തുടങ്ങിയിട്ടുണ്ട്.

pj joseph mons joseph
Advertisment