ശിഖർ ധവാനെ പുറത്താക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളാണ് ചെന്നൈ പാഴാക്കിയത്; ധവാൻ സെഞ്ച്വറി അടിച്ച് ഡൽഹിയെ വിജയിപ്പിക്കുകയും ചെയ്തു; ചെന്നൈയെ തോ‌ൽപ്പിച്ചത് ജഡേജയുടെ അവസാന ഓവറല്ല, പിഴവുകൾ ചൂണ്ടിക്കാട്ടി സംഗക്കാര

സ്പോര്‍ട്സ് ഡസ്ക്
Sunday, October 18, 2020

അവസാന ഓവർ വരെ വിജയപ്രതീക്ഷ നിലനിർത്തിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിൽ വഴങ്ങിയ ആറ് സിക്സുകളാണ് സിഎസ്കെയുടെ പരാജയത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഫീൽഡിംഗിലെ പിഴവുകളും ക്യാച്ചുകൾ വിട്ടതുമാണ് സിഎസ്കെയെ തോൽവിയിലേക്ക് നയിച്ചതെന്ന് പറയുകയാണ് ശ്രീലങ്കൻ മുൻതാരം കുമാർ സംഗക്കാര.

“ഫീൽഡിംഗിൽ വളരെ പിറകിലായത് സിഎസ്‌കെയെ മത്സരത്തിൽ പിന്നോട്ടടിച്ചിരുന്നു. ശിഖർ ധവാനെ പുറത്താക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളാണ് ചെന്നൈ പാഴാക്കിയത്. ധവാൻ സെഞ്ച്വറി അടിച്ച് ഡൽഹിയെ വിജയിപ്പിക്കുകയും ചെയ്തു.

ധവാൻ നേരത്തെ പുറത്തായിരുന്നെങ്കിൽ അവസാന ഓവറിൽ ഒരുപാട് റൺസ് ഡൽഹിക്ക് മുന്നിലുണ്ടാവുമായിരുന്നു”, സം​ഗക്കാര പറഞ്ഞു.

സാം കറന്റെ ഓവറിൽ സിഎസ്‌കെ മത്സരത്തിലേക്ക് തിരിച്ചെത്തിയതാണ്. ഡെത്ത് ബൗളിംഗിൽ ഡ്വെയ്ൻ ബ്രാവോയില്ലാത്തത് ധോണിക്ക് തിരിച്ചടിയായി. ഇതോടെ അവസാന ഓവർ എറിയാൻ ജഡേജയെ ഏൽപ്പിക്കേണ്ടിവന്നു.

ഈ ഓവറിൽ അക്ഷർ പട്ടേൽ മൂന്ന് സിക്‌സർ അടിച്ച് കളി ജയിപ്പിക്കുകയായിരുന്നു. ആ ക്യാച്ചുകളൊന്നും വിട്ടില്ലായിരുന്നെങ്കിൽ അവസാന ഓവറിലേക്ക് മത്സരം നീളില്ലെന്ന് ഉറപ്പാണെന്നും സംഗക്കാര പറഞ്ഞു

×