ശ്രീശാന്ത് വീണ്ടും കളിക്കളത്തിൽ : പക്ഷേ ശ്രീശാന്തിനു മുന്നില്‍ കടമ്പകള്‍ ഇനിയും !

പ്രകാശ് നായര്‍ മേലില
Monday, September 14, 2020

ക്രിക്കറ്റർ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്ക് അവസാനിച്ചു. ഇന്നുമുതല്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ലോകത്ത് സജീവമാകാൻ ഒരു തടസ്സവും ഇനി ബാക്കിയില്ല.

37 കാരനായ ശ്രീശാന്തിന് ഇനി ശാരീരികക്ഷമത തെളിയിക്കുക എന്നതാണ് വലിയ കടമ്പ. അതിനുശേഷം രഞ്ജിട്രോഫിക്കായുള്ള കേരള ടീമിൽ ഇടം നേടാനാകും.

എന്നാൽ ഇക്കൊല്ലം രഞ്ജി ട്രോഫി മത്സരങ്ങൾ നടക്കാനുള്ള സാദ്ധ്യത കുറവാണ്. രാജ്യത്ത് സാധാരണനില കൈവരാതെ രഞ്ജി മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരഭ് ഗാംഗുലി എല്ലാ ടീമുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ ശ്രീശാന്തിന്റെ കാത്തിരിപ്പ് ഇനിയും നീളും.

2013 ൽ ഐപിഎല്‍ സ്പോട്ട് ഫിക്‌സിംഗ് കേസിൽ ഡൽഹി പോലീസാണ് ശ്രീശാന്തിനെയും അജിത് ചണ്ടീല, അങ്കിത് ചവാൻ എന്നിവരെയും അറസ്റ്റ് ചെയ്തത്. തുടർന്ന് മൂവർക്കും ബിസിസിഐ ക്രിക്കറ്റിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

2018 ൽ കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് നീക്കിയെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. മറിച്ച് ശ്രീശാന്തിന്റെ ശിക്ഷ ലഘൂകരിക്കാൻ കോടതി ബിസിസിഐ യോട് നിർദ്ദേശിച്ചു. അതേത്തുടർന്നാണ് ആജീവനാന്ത വിലക്ക് അവർ 7 വർഷമായി കുറച്ചത്. അതിന്നലെ അവസാനിക്കുകയും ചെയ്തു.

×