സുശാന്ത് ബാല്യം ചെലവിട്ട വീട് ഇനി സ്മാരകം; പാട്നയിലെ വീട്ടിൽ അദ്ദേഹം നെഞ്ചോട് ചേർത്ത് വച്ചിരുന്ന വസ്തുക്കളും ആയിരക്കണക്കിന് പുസ്തകങ്ങളും ടെലിസ്കോപ്പും ഫ്ളൈറ്റ് സ്റ്റിമുലേറ്ററുമടക്കം സൂക്ഷിക്കും

ഫിലിം ഡസ്ക്
Sunday, June 28, 2020

വെള്ളിത്തിരയിൽ ഉയർന്നുവരുന്ന കാലത്താണ് സുശാന്ത് സിങ് ജീവിതത്തോട് വിടപറായാൻ തീരുമാനമെടുത്തത്. ആ മരണം ബോളിവുഡിൽ വളരെയേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നു. ബോളിവുഡിൽ നിന്നും വിവിധ സിനിമാ മേഖലകളിലും അല്ലാതെയും ആ മരണം ചർച്ചയായി.

സുശാന്തിന്റെ പേരിലൊരു ഫൗണ്ടേഷൻ സ്ഥാപിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. അദ്ദേഹം ബാല്യം ചെലവിട്ട പാട്നയിലുള്ള വീട് സ്മാരകമാക്കി മാറ്റുമെന്നും കുടുംബം അറിയിച്ചു. സിനിമ, സയൻസ്, സ്പോർട്‍സ് മേഖലകളിൽ തത്പരരായ യുവപ്രതിഭകൾക്ക് പിന്തുണ നൽകുകയാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കുന്നു.

പാട്നയിലെ വീട്ടിൽ അദ്ദേഹം നെഞ്ചോട് ചേർത്ത് വച്ചിരുന്ന വസ്തുക്കളും ആയിരക്കണക്കിന് പുസ്തകങ്ങളും ടെലിസ്കോപ്പും ഫ്ളൈറ്റ് സ്റ്റിമുലേറ്ററുമടക്കം അവിടെ സൂക്ഷിക്കും. സുശാന്തിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. സുശാന്ത് തങ്ങൾക്ക് ഗുൽഷൻ ആയിരുന്നു എന്നും സംസാരിക്കാൻ ഇഷ്ടമുള്ള വിശാല ഹൃദയമുളള ഒരാളായിരുന്നു സുശാന്തെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സുശാന്തിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ സ്വജനപക്ഷവാദത്തെ കുറിച്ചും ബോളിവുഡ് ഭരിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകളാണ് പുറത്തു വന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ബയോപിക്കിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു സുശാന്ത് സിങ്.

കൈ പോ ച്ചെ, പി കെ, കേദാർനാഥ്, ക്രിക്കറ്റ് താരം ധോണിയുടെ ജീവിത കഥ ആസ്പദമാക്കി വന്ന എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി എന്നീ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

×