2016ലാണ് അക്തർ സുശാന്തിനെ അവസാനമായി കാണുന്നത്; അന്ന് സുശാന്തിനോട് സംസാരിക്കാത്തതിൽ ഇന്ന് ഖേദിക്കുന്നു; അക്തര്‍ പറയുന്നു

സ്പോര്‍ട്സ് ഡസ്ക്
Monday, June 29, 2020

സുശാന്ത് സിങ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. 2016ലാണ് അക്തർ സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് സുശാന്തിനോട് സംസാരിക്കാത്തതിൽ ഇന്ന് ഖേദിക്കുന്നുവെന്നും അക്തർ പറഞ്ഞു.

ഇന്ത്യൻ പര്യടനം കഴിഞ്ഞു തിരിച്ചു പോകാൻ നിൽക്കവേയാണ് മുംബൈയിലെ ഒലീവ് ഹോട്ടലിൽ വച്ച് സുശാന്തിനെ ഞാൻ അവസാനമായി കാണുന്നത്. സത്യം പറയാമല്ല അന്ന് അദ്ദേഹം അത്ര ആത്മവിശ്വസമുള്ളയാളായി കാണപ്പെട്ടില്ല. തല കുനിച്ച് എന്റെ സമീപത്തു കൂടി അദ്ദേഹം നടന്നു നീങ്ങി. അപ്പോൾ എന്റെ സുഹൃത്താണ് പറഞ്ഞത് അദ്ദേഹമാണ് എം.എസ്. ധോണിയുടെ സിനിമ ചെയ്യുന്നതെന്ന്.’ അക്തർ ഒരു യുട്യൂബ് വിഡിയോയിൽ പറഞ്ഞു.

ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ നിലയിൽ നിന്ന് ഉയർന്നുവന്ന ആളാണ് അദ്ദേഹം, പക്ഷെ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. സിനിമ വിജയമായി മാറി. എന്നാൽ അന്ന് സുശാന്തിനെ അവിടെ തടഞ്ഞു നിർത്താത്തതിലും ഒരു വാക്ക് ജീവിതത്തെ കുറിച്ച് ചോദിക്കാത്തതിലും ഞാൻ ഖേദിക്കുന്നു. എന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവയ്ക്കാമായിരുന്നു, എനിക്ക് അദ്ദേഹത്തോട് സംസാരിക്കാമായിരുന്നു. അത് ഒരു പക്ഷെ ജീവിതത്തെ കുറിച്ച് ഒരു വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിനു നൽകിയേനെ. സുശാന്തിനോട് അന്ന് സംസാരിക്കാത്തതിൽ ഇന്നു ഖേദിക്കുന്നുവെന്നും അക്തർ വ്യക്തമാക്കി.

സൽമാൻ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചും അക്തർ സംസാരിച്ചു. തെളിവുകളില്ലാതെ ആരെയും വിമർശിക്കുന്നത് ശരിയല്ലെന്ന് അക്തർ പറഞ്ഞു. ‘ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. തിരിച്ചടികൾ ജീവിതത്തിന്റെ സ്വത്താണ്.

എന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളത് മറ്റൊരാളുമായി പങ്കുവയ്ക്കണം. ബ്രേക് അപ്പിനു ശേഷം വിഷാദത്തിലായ ദീപിക പദുക്കോൺ അതിൽ നിന്നു പുറത്തുവന്നയാളാണ്. അവർക്ക് സഹായം ആവശ്യമായിരുന്നു. സുശാന്തിനും അത്തരത്തിൽ ഒരു സഹായം ആവശ്യമായിരുന്നെന്ന് ഞാൻ കരുതുന്നു’– അക്തർ പറഞ്ഞു.

×