സൂപ്രണ്ട് ഡോക്ടർ പരീക്ഷയെഴുതി ടീച്ചർ ഡോക്ടറായി.!

സുനില്‍ പാലാ
Thursday, October 8, 2020

പാലാ :പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യുവാണ് പി. എസ്. സി. പരീക്ഷ വഴി കോട്ടയം മെഡിക്കൽ കോളജിൽ അദ്ധ്യാപികയായി ചേർന്നത്. ഒന്നര വർഷം മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം കഴിഞ്ഞ മാസമാണു വന്നത്.

പൊതുജനാരോഗ്യ വകുപ്പിൽ നിന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറിയ ഡോ. അഞ്ജുവിന് ഇന്നലെ ജനറൽ ആശുപത്രിയിലെ സഹപ്രവർത്തകർ യാത്രയയപ്പു നൽകി. ഇന്നലത്തന്നെ ഡോ. അഞ്ജു കോട്ടയം മെഡിക്കൽ കോളജിൽ ചുമതലയുമേറ്റു.

35-കാരിയായ ഡോ. അഞ്ജു പാലാ ജനറൽ ആശുപത്രിയുടെ ഇതേ വരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്രണ്ടായിരുന്നു.മെഡിക്കൽ ബിരുദാനന്തര ബിരുദ പരീക്ഷയിൽ റാങ്കോടെ പാസ്സായ ഡോ. അഞ്ജു 4 വർഷമായി സർക്കാർ സർവീസിലുണ്ട്. ഒന്നര വർഷം മുമ്പാണ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ടായി ചുമതലയേറ്റത്.

വിളക്കുമാടം ചെമ്പകശ്ശേരിൽ റിട്ട. ഡി.എം.ഒ. ഡോ. സി.വി. മാത്യുവിൻ്റെയും ആലീസിൻ്റെയും മകളാണ്. ഡോ. പി.ജെ. സിറിയക് ആണ് ഭർത്താവ്. കാതറിൻ, എലിസബത്ത് എന്നിവർ മക്കളും. പാലാ ജനറൽ ആശുപത്രിയുടെ താൽക്കാലിക ചുമതല ജില്ലാ ടി.ബി. ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകർ വഹിക്കും.

×