Advertisment

എല്ലാം ഒന്നിച്ചു വിഴുങ്ങണമെന്ന വാശി പാടില്ലെന്നത് ശശികലയെക്കൊണ്ടു സമ്മതിപ്പിച്ചു, ശശികലയ്ക്ക് വിധേയനാകണമെന്ന് പനീര്‍ശെല്‍വത്തോടും നിര്‍ദ്ദേശിച്ചു ! ദിനകരന്‍ ഹാപ്പിയാണ് ! എടപ്പാടിക്ക് മുഖ്യമന്ത്രി സ്ഥാനവും ! കരുതലോടെ കളം നിറയാനുറച്ച് ശശികല. ഏച്ചുകെട്ടിയ നേതൃത്വങ്ങളുമായുള്ള ബിജെപിയുടെ തമിഴ്‌നാട്ടിലെ പരീക്ഷണം വിജയം കാണുമോ ?

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ ലഭ്യമായ സാഹചര്യത്തിലെ മികച്ച അവസരമൊരുക്കുക എന്ന രാഷ്ട്രീയ പരീക്ഷണത്തിനാണ് ബിജെപി ഒരുങ്ങുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നുമാകില്ല, ഡിഎംകെ ഒപ്പം കൂടുകയുമില്ല. പിന്നെയുള്ള ആശയം നിലവിലെ സഖ്യമായ അണ്ണാ ഡിഎംകെയാണ്. അവരാണെങ്കില്‍ പല കഷണങ്ങളായി തിരിഞ്ഞുനിന്നു പോരിലുമാണ്.

ഈ സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെയെ ശക്തിപ്പെടുത്തി സഖ്യത്തെ ബലപ്പെടുത്താന്‍ ബിജെപി തീരുമാനിച്ചത്. അണ്ണാ ഡിഎംകെയില്‍ നിലവില്‍ 4 തുല്ല്യ ഗ്രൂപ്പുകളാണുള്ളത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലെ പ്രബല വിഭാഗം, ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്‍റെ ഗ്രൂപ്പ്, ടിടിപി ദിനകരന്‍ നയിക്കുന്ന വിഭാഗം, ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികലയെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗം. ഇവരെ ഒന്നിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്.

ആദ്യം ശശികലയെ ഒതുക്കി, ഇനി വളര്‍ത്തും !

മുഖ്യമന്ത്രി കസേരയ്ക്ക് വക്കോളം എത്തിയിടത്തുനിന്നാണ് പഴയ അഴിമതിക്കേസില്‍ ശശികല ജയിലിലാകുന്നത്. അന്ന് ശശികലയുടെ സ്ഥാനാരോഹണം നീട്ടിക്കൊണ്ടുപോയതിലും ശശികലയ്ക്കെതിരായ കേസിന്‍റെ തീരുമാനം വേഗത്തിലാക്കിയതും സമീപകാലത്ത് ഇന്ത്യ കണ്ട കൃത്യമായ ടൈമിങ്ങിലുള്ള രാഷ്ട്രീയ നീക്കങ്ങളായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേരിട്ട് വിലപേശിയതായിരുന്നു അന്ന് ശശികലയ്ക്ക് പറ്റിയ അമളി. അത് രാഷ്ട്രീയ മെയ് വഴക്കം ഇല്ലാതെപോയപ്പോള്‍ പറ്റിയ അബദ്ധമായിരുന്നു. 4 വര്‍ഷത്തെ ജയില്‍വാസം ശശികലയേയും പരുവപ്പെടുത്തിയെന്നാണ് കരുതുന്നത്.

അണ്ണാ ഡിഎംകെയുടെ പ്രശ്നം ആള്‍ക്കുട്ടത്തെ ആകര്‍ഷിപ്പിക്കാന്‍ കഴിയുന്ന കരിസ്മയുള്ള നേതാക്കള്‍ ഇല്ലെന്നതാണ്. അവിടെയാണ് ശശികല എന്ന ജയലളിതയുടെ തോഴിയെ ഒരു പരീക്ഷണമാക്കാന്‍ ബിജെപി ഒരുങ്ങുന്നത്.

അതിനായി ദിനകരനും എടപ്പാടി പളനി സ്വാമിക്കും പനീര്‍ ശെല്‍വത്തിനും മുമ്പില്‍ പായ്ക്കേജ് അവതരിപ്പിച്ചിരിക്കുന്നത് ബിജെപിയാണ്. നാലാള്‍ക്കും പരസ്പരം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ് ബിജെപിയുടെ പായ്ക്കേജ്. അതനുസരിക്കണം, അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അതാണ് ബിജെപിയുടെ മുന്നറിയിപ്പ്.

മുഖ്യമന്ത്രി സ്ഥാനം മോഹിക്കരുതെന്ന് ശശികലയോടും പനീര്‍ ശെല്‍വത്തോടും ?

ശശികലയുടെ ലക്ഷ്യം പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ചുവേണമെന്നതാണ്. എടപ്പാടിയ്ക്കും ഓപിഎസിനും ആദ്യം ഭരണം വേണം, അതിനായി പാര്‍ട്ടിയും കൈപ്പിടിയിലാക്കണം. ദിനകരന്‍ അടുത്തിടെ ശശികലയുമായി ഒന്നു പിണങ്ങിയെങ്കിലും  ബന്ധുവായ ശശികലയുമായി യോജിക്കാന്‍ അദ്ദേഹത്തിന് മടിയില്ല.

ശശികലയ്ക്കുശേഷം എല്ലാംകൂടി ഒന്നിച്ചു കിട്ടിയാല്‍ മതിയെന്നതാണ് ദിനകരന്‍റെ ലക്ഷ്യം. എന്നാല്‍ നാലാള്‍ക്കും അവരേക്കൊണ്ട് പറ്റുന്നത് ഞങ്ങള്‍ വീതിച്ചു നല്‍കാമെന്നാണ് ബിജെപി പറയുന്നത്.

തല്‍ക്കാലം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയില്‍ ജയലളിതയുടെ പിന്‍ഗാമിയായി ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി രംഗത്തിറക്കാനാണ് പുതിയ നീക്കം. മുഖ്യമന്ത്രി സ്ഥാനം എടപ്പാടിക്ക് നല്‍കണം, അത് തിരിച്ചു ചോദിയ്ക്കരുത്.

പനീര്‍ശെല്‍വം ഉപ മുഖ്യമന്ത്രിയായി തുടരുകയും വേണം. പനീര്‍ശെല്‍വത്തിനാണ് ഇക്കാര്യത്തില്‍ ഏറ്റവും എതിര്‍പ്പ്. ഒപിഎസും ശശികലയും തമ്മില്‍ ഇനി മാനസികമായി യോജിക്കില്ല. ശശികല പാര്‍ട്ടി തലപ്പത്തെത്തിയാല്‍ തന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കാനായിരിക്കും അവരുടെ നീക്കമെന്നാണ് ഒപിഎസിന്‍റെ ഭയം.

എന്നാല്‍ അത് പാടില്ലെന്ന് ശശികലയ്ക്ക് ബിജെപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, നിലവില്‍ എംപിയായ ഒപിഎസിന്‍റെ മകന് കേന്ദ്രമന്ത്രി പദവിയാണ് ബിജെപിയുടെ വാഗ്ദാനം. അഴിമതി കേസുകളും അനധികൃത സ്വത്ത് സമ്പാദന കേസുകളും നേരിടുന്ന ഒപിഎസിനെ സംബന്ധിച്ചാലും തല്‍ക്കാലം ബിജെപിക്കു വഴങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല.

അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്കു വഴങ്ങുകയല്ലാതെ എടപ്പാടിക്കും ഒപിഎസിനും ശശികലയ്ക്കും അവരുടെ അനന്തരവനായ ദിനകരനും മുമ്പില്‍ വേറെ മാര്‍ഗമില്ല.

ഇതൊക്കെയാണെങ്കിലും ഡിഎംകെയുടെ മുന്നേറ്റത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അണ്ണാ ഡിഎംകെയ്ക്ക് കഴിയുമോ എന്ന് സംശയമാണ്. അണ്ണാ ഡിഎംകെ ഭരണം പത്താം വര്‍ഷമാണ് തുടരുന്നത്. അതിന്‍റെ വിരസത ജനങ്ങള്‍ക്കുണ്ട്. പുതിയ നേതാവ് എംകെ സ്റ്റാലിന്‍ ശക്തനുമാണ്. അതിനാല്‍ തന്നെ ഏച്ചുകെട്ടിയ നേതൃത്വങ്ങളെയുമായുള്ള ബിജെപിയുടെ പരീക്ഷണം എത്രകണ്ട് ഫലം കാണുമെന്ന് കണ്ടറിയണം.

 

thamizhnadu politics
Advertisment