ഇന്ത്യയിലെ ഏറ്റവും നല്ല സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാർ : കെ.എൻ.ബാലഗോപാൽ

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, November 22, 2020

റിയാദ് : ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാറായി  പിണറായി സർക്കാരിനെ തിരഞ്ഞെടുത്തത് ഇന്ത്യയിലേയും ലോകത്തിലേയും വിവിധ മാഗസിനുകളും ഏജൻസികളുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ രാജ്യസഭാംഗവും ആയ കെ.എൻ.ബാലഗോപാൽ. കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എൽഡിഎഫ് തദ്ദേശ സ്യയം ഭരണ തിരഞ്ഞെടുപ്പ് ഓൺലൈൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേളി സംഘടിപ്പിച്ച എൽഡിഎഫ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കൺവെൻഷന്‍ കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ തികച്ചും തൃണവൽഗണിച്ചാണ്‌ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ ഈ കോവിഡ് കാലത്തും ഭരണം നടത്തി കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടഞ്ഞു നിർത്താനോ, മരണ നിരക്ക് കുറക്കാനോ ഉള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നില്ല.

 പകരം തൊഴിലാളി ദ്രോഹ നടപടികളും, കോർപ്പറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാർ തുനിയുന്നത്. എന്നാൽ, കേരളത്തിൽ മരണനിരക്ക് ലോകത്തിലേക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ പിടിച്ച് നിർത്താനും, സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യം ഒരുക്കിയും, മുഴുവൻ ജനങ്ങൾക്കും വിവിധ സഹായങ്ങൾ എത്തിച്ചും ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടിയെടുക്കാനും പിണറായി സർക്കാരിന് സാധിച്ചിട്ടുണ്ട്.

ജനങ്ങളുടെ പൊതു നന്മ ലക്ഷ്യമാക്കിയും, വികസനത്തിലുമൂന്നിയ ഭരണം കാഴ്ചവെക്കുന്ന ഇത്തരം ഒരു ഇടതുപക്ഷ ബദലിനെ തകർക്കാനാണ് വിവിധ സർക്കാർ അന്വേഷണ ഏജൻസികളുടെ സഹായത്തോടെ കേന്ദ്ര സർക്കാരും അതിന് എല്ലാവിധ ഒത്താശയും ചെയ്യാനാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ഒരു വിഭാഗം വലതു പക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്. അതൊക്കെ അവഗണിച്ച് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ സർക്കാരിന് തിരഞ്ഞെടുപ്പിൽ പരിപൂർണ്ണ പിന്തുണ നൽകുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്പിച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേളി കലാസംസ്‍കാരിക വേദിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നാട്ടിലേക്ക് മടങ്ങിയ നിരവധി പ്രവർത്തകർ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി കേളി രക്ഷാധികാരി കൺവീനർ കെപിഎം സാദിഖ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിക്കുകയും അവരെ കൺവെൻഷനിൽ പരിചയപ്പെടുത്തുകയും ചെയ്തു.

കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ന്യൂ ഏജ് സെൻട്രൽ എക്സി. അംഗം ഷാജഹാൻ കായംകുളം, ഐഎംസിസി നാഷണൽ  കമ്മിറ്റി അംഗം സജ്ജാദ് സാഹിർ, കേളി രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ ഹരിപ്പാട്, കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, കേളി ജോ: സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

×