കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കുറ്റിപ്പുറത്ത് കൈമാറി

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, November 22, 2020

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 – 20) മലപ്പുറത്തെ കുറ്റിപ്പുറത്ത് നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി മുസാഹ്മിയ ഏരിയ അംഗമായ അബ്ദുൾ റസാഖിന്റെ മകൾ ഷാഹിദയ്ക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

സിപിഐ എം കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി ദിനേശ്, ഷാഹിദയ്ക്ക് കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറുന്നു.

സിപിഐ എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന ട്രഷററും സിപിഐ എം കുറ്റിപ്പുറം ലോക്കൽ സെക്രട്ടറിയുമായ ദിനേശാണ് പുരസ്‌കാരം കൈമാറിയത്. കേളി മുൻ ജോയിന്റ് സെക്രട്ടറി അയ്യപ്പൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. കേളി മുൻ വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, വി.പി.സക്കീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് ഷാഹിദ നന്ദി പറഞ്ഞു.

 

×