ഫ്ലാഷ് ന്യൂസുകളാല്‍ ലോകം കീഴ്മേല്‍ മറിയ്ക്കുന്ന മലയാള ചാനലുകള്‍ക്ക് സഹപ്രവര്‍ത്തകനായിരുന്ന സോണി എം ഭട്ടതിരിപ്പാടിന്‍റെ തിരോധാനത്തേക്കുറിച്ച് എന്തേ മിണ്ടാട്ടമില്ല ? സ്വന്തം സിനിമകളിലൂടെ ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സച്ചിയോട് എന്തായിരുന്നു ഇങ്ങനെ ? മാധവൻകുട്ടിയും ബിഎം ഗഫൂറും ടോംസും ടി ദാമോദരനും രഞ്ജി പണിക്കരുമൊക്കെ അരങ്ങുവാണിരുന്ന നാട്ടില്‍ ഇപ്പോള്‍ വിമര്‍ശനം മീഡിയയിലുമില്ല, സിനിമയിലുമില്ല, കോമഡി സ്റ്റാറിലുമില്ല !! കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

ദാസനും വിജയനും
Monday, June 22, 2020

സോണി ഭട്ടതിരിപ്പാട്, സത്യം സത്യമായി മാത്രം ചാനലിൽ വിളമ്പിയിരുന്ന ഒരു നല്ല കുടുംബത്തിൽ പിറന്ന ദൈവവിശ്വാസിയായ ഒരു ചെറുപ്പക്കാരൻ . ഇന്ത്യാവിഷൻ എന്ന ചാനലിൽ  ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സോണി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ ചങ്കൂറ്റമുള്ള ഒരു മാധ്യമ പ്രവർത്തകനായിരുന്നു .

നേതാക്കന്മാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി വാർത്തകള്‍ വളച്ചൊടിച്ച് അവരുടെ ഇഷ്ടപ്രകാരം ജനങ്ങൾക്ക് വിളമ്പുന്ന ഒരു പ്രകൃതക്കാരനായിരുന്നില്ല സോണി. നല്ല ചങ്കുറപ്പും തന്റേടവും വാക്കുകളുടെ ഉറപ്പും റിപ്പോർട്ടിങ്ങിൽ നിഴലിച്ചിരുന്നു .

പിന്നെ എങ്ങനെ ആ മനുഷ്യൻ അപ്രത്യക്ഷനായി . രഞ്ജിത്ത് ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിരമായി ഇടപെട്ടിരിക്കുന്നു എന്നത് കുടുംബാംഗങ്ങൾക്ക് സ്വൽപ്പം ആശ്വസിക്കാം .

എൻഡോസൾഫാനിൽ തൊടുമ്പോൾ തന്നെ പലരും മുന്നറിയിപ്പ് നൽകിയിരുന്നു . എൻഡോസൾഫാൻ പോലെത്തന്നെ തീവ്രവിഷമുള്ളതാണ് അതുമായി ബന്ധപ്പെട്ട് കിടക്കുന്നത് . കാസർഗോട്ടെ എൻഡോസൾഫാൻ ബാധിത പ്രദേശം ഒട്ടനവധി വിഷമരുന്നുകളുടെ പരീക്ഷണ പ്രദേശമാണ് .

സാധാരണ മനുഷ്യന്റെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാവുന്നതല്ല അവിടത്തെ വിഷ സർപ്പങ്ങളെ . പക്ഷെ മലയാളത്തിലെ ഒന്നാം കിട മാധ്യമ കമ്പനിയായ മനോരമ സോണിക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു . അന്ന് മനോരമ ന്യൂസ് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മളൊന്നും എൻഡോസൾഫാൻ എന്തെന്നറിയില്ലായിരുന്നു . അങ്ങനെയൊരു ദുരന്തം കേരളത്തിന്റെ മണ്ണിൽ നടക്കുന്ന കാര്യം ആരിലും എത്തില്ലായിരുന്നു . അപ്പോൾ എൻഡോസൾഫാൻ മാഫിയ ആണോ സോണിയുടെ തിരോധാനത്തിന്റെ പിന്നിൽ .

കാസര്‍കോട്ടെ എൻഡോസൾഫാന് തമിഴന്‍റെ റിപ്പോർട്ട്

പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ( പിസികെ ) ഈ എൻഡോസൾഫാൻ നാശത്തെ കുറിച്ച് പഠിക്കുവാൻ ഒരു കമ്മറ്റിയെ നിശ്ചയിച്ചു .
പക്ഷെ ആ കമ്മറ്റിയിൽ അവിടത്തെ പഞ്ചായത്തുകളോ രാഷ്ട്രീയപാർട്ടികളോ പരിസരവാസികളോ ഉൾപ്പെട്ടിരുന്നില്ല .

തമിഴ്നാട് ആസ്ഥാനമായ ഫ്രഡറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ & ടോക്സിക്കോളജി ( fippat) എന്ന കമ്പനിയാണ് പഠനം ഏറ്റെടുത്തതെങ്കിലും അത് കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതിനോട് തുല്യമായിരുന്നു . പേസ്റ്റിസൈഡ് മാനുഫാക്റ്ററേഴ്സ് & ഫോസ്സിലുമുലേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (pmfai ) പ്രസിഡന്റ് പ്രദീപ് ദവെ എന്നയാളാണ് ആ റിപ്പോർട്ട് റിലീസ് ചെയ്തത് .

കാസര്കോടിന്റെ മണ്ണിൽ ഒരു മണ്ണാങ്കട്ടയും ഇല്ലെന്നായിരുന്നു തമിഴന്മാരുടെ റിപ്പോർട്ട് . അതിന്റെയർത്ഥം കാസർഗോട് ചില പഞ്ചായത്തുകളിൽ കശുമാവിൻ തോട്ടത്തിൽ ആകാശത്ത് നിന്നും തളിക്കുന്ന എൻഡോസൾഫാൻ എന്ന ഉഗ്രവിഷമുള്ള മരുന്നുകൊണ്ട് ഭൂമിയിൽ ജീവിക്കുന്നവർക്കോ ഭൂമിക്കോ മണ്ണിനോ പ്രകൃതിക്കോ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ല എന്ന പഠന റിപ്പോർട്ട് .

എന്നേ കത്തിച്ചുകളയണം ?

കാസർഗോട്ടെ ഭാഷയിൽ പറഞ്ഞാൽ കത്തിച്ചുകളയണം അവന്റെ ഒലക്കേമല ആ റിപ്പോർട്ടും  ഒക്കെ . അത്രയും ദുരിതമാണ് പാവങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് . ഈ പ്രദീപ് ദാവേയെന്ന മുംബൈക്കാരൻ , പേസ്റ്റിസൈഡ് മാനുഫാക്റ്ററേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നൈജീരിയ യുഎസ്എ എന്നിവിടങ്ങിലെ കുത്തകകളുമായിട്ടാണ് ഡീൽ ചെയ്യുന്നത് .

അസംസ്കൃത വസ്തുക്കൾ നൈജീരിയയിൽ നിന്നും കൊണ്ടുവന്ന് ആഫ്രിക്ക മുഴുവനും നശിപ്പിച്ചുകൊണ്ടിരിക്കുന്ന കീടനാശിനികളുടെ ഉത്പാദകരാണ് അവർ . അമേരിക്ക ഈ  കീടനാശിനികൾ നിരോധിച്ചപ്പോൾ പേരുകൾ മാറ്റിയും ലേബലുകൾ മാറ്റിയുമൊക്കെയാണ് ഇവർ കളിക്കുന്നത് .

തമിഴ്‌നാടും ആന്ധ്രയും യുപിയും മഹാരാഷ്ട്രയുമൊക്കെ ഇവരുടെ കീഴിലാണിപ്പോൾ . അതോടൊപ്പം ക്യാൻസറും മറ്റു മഹാമാരികളും ഇവർ വിതക്കുന്നു . ഭരിക്കുന്നവരെയും പ്രതിപക്ഷത്തെയുമൊക്കെ പണംകൊടുത്തും ഭീഷണിപ്പെടുത്തിയുമൊക്കെ ഇവർ കൊറോണയെക്കാൾ ഭയാനകമായ അസുഖങ്ങൾ നാട്ടിൽ വിതച്ചുകൊണ്ടിരിക്കുന്നു .

ഈ വിവരങ്ങൾ വളരെ പച്ചയോടെ കേരളത്തിന്റെ മുന്നിൽ അവതരിച്ച ഒരേയൊരാളാണ് സോണി ഭട്ടതിരിപ്പാട് . ഇന്നിപ്പോൾ ഇന്ത്യാവിഷനുമില്ല മനോരമയുമില്ല എൻഡോസൾഫാൻ ആക്ഷൻ കമ്മറ്റികളുമില്ല . നഷ്ടപ്പെട്ടത് ആ പത്മനാഭൻ ഭട്ടത്തിരിപ്പാടിനും സുവർണിനി അന്തർജ്ജനത്തിനും മാത്രം .

ഈ തിരോധനത്തെക്കുറിച്ച് അൽപ്പമെങ്കിലും കേരളത്തോട് സംസാരിച്ചത് അദ്ദേഹത്തിന്റെ ബന്ധുവായ വണ്ടൂരുകാരിയും , ശ്രീലക്ഷ്മി നായരും , ഏഷ്യാനെറ്റ് ന്യൂസും മാധ്യമവും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മാത്രമാണ് .

മീഡിയക്കാര്‍ ഭീരുക്കളോ ? 

ശ്രീലക്ഷ്മിയുടെ തുറന്നു പറച്ചിലിൽ മീഡിയക്കാരെ ഭീരുക്കളാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത് . ഒന്നുകിൽ അവരൊക്കെ സത്യാവസ്ഥ അറിഞ്ഞിട്ടും പേടിച്ചുമിണ്ടാതിരിക്കുന്നതാണ് . അല്ലെങ്കിൽ അവർക്കൊക്കെ ഇത്രയേ ആത്മാർത്ഥത എല്ലാവരോടും ഉള്ളൂ എന്നതാണ് .

കാരണം ഒരു കൂടപ്പിറപ്പ് അല്ലെങ്കിൽ സഹപ്രവർത്തകന്റെ തിരോധാനത്തിന് ശേഷം എത്രയോ ഫ്ലാഷ് ന്യുസുകൾ അവർ ജനങ്ങളിൽ എത്തിച്ചു . എന്നിട്ടും സോണിയുടെ കാര്യം വന്നപ്പോൾ എല്ലാവരും കണ്ണടക്കുന്നു . അതല്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുന്നവർ ഈ പേടിത്തൊണ്ടന്മാരായ മീഡിയക്കാരെയും ഭീഷണിപ്പെടുത്തിക്കാണുമോ ?

ഇവിടെ ഇപ്പോൾ പലർക്കും മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു . ഇന്ത്യയിലും ഇപ്പോൾ ഇതാ കേരളത്തിലും പ്രതികരിക്കുന്ന മീഡിയക്കാരെ മൊത്തത്തിൽ വിലയിട്ട് വാങ്ങിയിരിക്കുന്നു , പലരും !!! . പണ്ടൊക്കെ ഉശിരുള്ള റിപ്പോർട്ടർമാരും ലേഖകന്മാരും വലിയ വടവൃക്ഷങ്ങളുടെ ഭാഗമായിരുന്നു .

മാസാമാസം ശമ്പളം വാങ്ങിയാൽ മതിയായിരുന്നു . ഇന്നിപ്പോൾ എല്ലാ അണ്ടനും അടകോടനും ഗോസ്വാമിയുമൊക്കെ സ്വന്തമായി ചാനൽ തുടങ്ങി ട്രൗസർ പൊട്ടി തുടങ്ങിയപ്പോൾ ഓരോരോ മാഫിയകൾ അവരെയൊക്കെ അങ്ങേറ്റെടുക്കുകയായിരുന്നു . അവരൊക്കെ ഇപ്പോൾ കളിപ്പാവകളായി മാറിയപ്പോൾ നമ്മൾ കാണുന്ന വാർത്തകളും കേൾക്കുന്ന വർത്തകളുമൊക്കെ ചണ്ടിയായതാണ് .

അല്ലാതെ സത്യമായതോ നേരുള്ളതോ നെറിവുള്ളതോ ഒന്നുമല്ല . ദൈവം വരെ ഇപ്പോൾ മീഡിയകളെയൊക്കെ സാത്താനിൽ ഏൽപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സാത്താൻ ആരാധകരാണ് 90 ശതമാനവും വാർത്തകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് .

എന്തൊക്കെയോ സംഭവിക്കുന്നു !

നമ്മളെയൊക്കെ ആദ്യമായി വാർത്തകൾ കേൾപ്പിച്ച മാവേലിക്കര രാമചന്ദ്രൻ എന്ന രാമചന്ദ്രൻ മിസ്സിംഗ് ആണ് . എവിടെ ഉണ്ടെന്നോ ? എവിടെ പോയെന്നോ ? എന്ത് സംഭവിച്ചെന്നോ അന്വേഷിക്കുവാൻ ആളില്ല . എന്നാൽ ഫേസ്ബുക്കിലോ സോഷ്യൽ മീഡിയകളിലോ ആരെങ്കിലും വിമർശിച്ചു പോസ്റ്റിട്ടാൽ അവർ ലോകത്ത് ഏവിടെ ഇരുന്നാലും അവരെ പൊക്കിയെടുക്കുവാൻ ഇവർക്കൊക്കെ സമയമുണ്ട് . സൗകര്യങ്ങളുണ്ട് .

ഇതുപോലെ എത്രയോ തിരോധനങ്ങൾ ? എത്രയോ അപകടമരണങ്ങൾ ? എത്രയോ ഭക്ഷ്യവിഷമരണങ്ങൾ ? എത്രയോ പാമ്പുകടി മരണങ്ങൾ ?എത്രയോ തീവണ്ടിതട്ടിയുള്ള മരണങ്ങൾ ? എത്രയോ ആശുപത്രി ചികിത്സ കൊലപാതകങ്ങൾ ?

കൂടത്തായിയിലെ ജോളിയുടെ അമേരിക്കയിലെ ബന്ധുക്കളിൽ ഉയർന്ന സംശയം പതിറ്റാണ്ടുകൾക്ക് ശേഷം തെളിയിക്കപ്പെട്ടതുപോലെ , പാമ്പുകടിയേറ്റ ഉത്രയുടെ മരണത്തിൽ ഉയർന്ന സംശയം , എവറസ്റ്റിന്റെ മുതലാളിയുടെ വാഹനാപകട മരണത്തിൽ ഭാര്യയിൽ ഉയർന്ന സംശയം ഹിമാലയക്കാരിൽ എത്തിയതും , പല വർഗീയ കൊലകൾ രാഷ്ട്രീയകൊലകൾ ആയി മാറിയതും രാഷ്ട്രീയകൊലകൾ വർഗീയകൊലകൾ ആയതും ഒക്കെ ഓർക്കുമ്പോൾ ഒന്നിനെയും ഇപ്പോൾ എഴുതിത്തള്ളുവാനാകുന്നില്ല .

ജയന്‍ മുതല്‍ കലാഭവന്‍ മണി വരെ 

കലാഭവൻ മണിയിലെ ദുരൂഹത ഇപ്പോഴും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നു . ജയലളിതയെ പ്രണയിച്ചതിന്റെ കാരണത്താൽ ജയനെ എംജിആർ കൊല്ലിച്ചതാണെന്ന സംശയവും ഇപ്പോഴും മദ്രാസിലുള്ളവർ ഉണർത്തുമ്പോഴും ഒന്നും ഹേമന്ത് കർക്കറെയുടെയും വിജയ് സലാസ്കറും ഒക്കെ എങ്ങനെ ഇല്ലാതായി എന്നതും ഒരെത്തും പിടുത്തവും കിട്ടുന്നില്ല .

സിറാജ് പത്രത്തിന്റെ ബഷീറിന്റെ മരണത്തിലെ ദുരൂഹത ഇപ്പോഴും മാഞ്ഞിട്ടില്ല . അത് വണ്ടി ഇടിച്ചതാണോ ഇടിപ്പിച്ചതാണോ എന്നൊന്നും ആർക്കും അറിയേണ്ടതില്ല . ശാരി എസ് നായരുടെ മരണത്തിലെ വിഐപിയെ ഇപ്പോഴും കേരളം ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുന്നു .

രാമലീലയെന്ന സിനിമയും റൺ ബേബി റൺ എന്ന സിനിമയും ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയുമൊക്കെ പലയിടത്തും പലരെയും കൊള്ളിച്ച സിനിമകളാണ് . ഐവി ശശി ടി ദാമോദരൻ , ഷാജികൈലാസ് രഞ്ജിപണിക്കർ ഒക്കെ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരെയും അല്ലാത്തവരെയും ഒക്കെ വിമർശിച്ചവരാണ് .

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും പലരെയും വിമർശിട്ടുണ്ട് . പക്ഷെ ഒരു ഷോ മാത്രമാണ് ആ സിനിമ കളിച്ചത് എന്നതും ഓർക്കണം . രാമലീല ഇറങ്ങാതിരിക്കുവാനുള്ള തത്രപ്പാടായിരുന്നു നടന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും . ഇന്നത്തെ ഈ പി ആർ കാലഘട്ടത്തിൽ ജനങ്ങളിൽ സത്യങ്ങൾ എത്തുന്നില്ല .

പാവം സച്ചി !

ചാനലുകളും പത്രങ്ങളുമൊക്കെ അതിലുള്ള ചങ്കൂറ്റമുണ്ടായിരുന്ന ചുണകുട്ടികളൊക്കെ മസ്തിഷ്ക മരണം സംഭവിച്ച അവസ്ഥകളിലാണ് . എതിർക്കുന്നവനെയും വിമർശിക്കുന്നവനെയും ഇല്ലാതാക്കുന്ന ഒരു ഏകാധിപത്യ രീതി എവിടെയും നടമാടിക്കൊണ്ടിരിക്കുന്നു . 45 മിനിറ്റ് നേരം ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ ഒരു രോഗിയെ വടക്കാഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് എത്തിക്കുന്ന ഏത് ഡോക്ടറാണ് മാപ്പർഹിക്കുക .

തൃശൂരിൽ രോഗിയെത്തുമ്പോൾ തലച്ചോറിൽ ഓക്സിജൻ കിട്ടാതെ ആ രോഗിയുടെ തലച്ചോറിന്റെ പ്രവർത്തനം ഇല്ലാതാവുക . മാവോയിസ്റ്റുകളെ വെള്ളപൂശിയതിൽ ആർക്കെങ്കിലും എതിർപ്പുകൾ ഉണ്ടോ ആവോ? ബുദ്ധിയുള്ള കൊലകൾ ഒന്നും ആർക്കും പിടുത്തം കിട്ടാറില്ലല്ലോ ? ആർക്കും വിശ്വാസം വരാറില്ലല്ലോ ? സംശയം ജനിപ്പിക്കാറില്ലല്ലോ ?

ആരോഗ്യരംഗത്ത് നൂറ് മേനിവിളയുന്നു എന്ന് ബിബിസിയിലും സി എന്‍ എന്നിലും വീമ്പിളക്കുന്ന കേരളത്തിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നോർക്കുക . ഇടുപ്പ് ശസ്ത്രക്രിയ എന്ന് പറയുന്നത് അത്രവലിയ സംഭവമൊന്നുമല്ലെങ്കിലും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്
ഒരു നല്ല കലാകാരനെയാണ് .

നമ്പർ 2 നെ ഭയപ്പെട്ടവര്‍ 

”നമ്പർ 2” എന്നപേരിൽ മലയാളത്തിലെ ഏറ്റവും സംസാരവിഷയമാവുമായിരുന്ന ഒരു സിനിമയുടെ തിരക്കഥ രചനക്കുള്ള തയാറെടുപ്പുകൾ നടക്കുമ്പോഴായിരുന്നു ഇങ്ങനെയൊക്കെ സംഭവിച്ചതെന്നതിനാലാണ് ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നത് .

മുളയിലേ നുള്ളുകയെന്ന തത്വമാണോ ഇതിന്റെ പിന്നിലെന്ന് ആരെങ്കിലും ആരോപിച്ചാൽ നമ്മുക്ക് ആരെയാണ് കുറ്റപ്പെടുത്തുവാനാകുക .
എല്ലാവര്ക്കും ജീവനിൽ കൊതിയുള്ളതുകൊണ്ടും കള്ളക്കേസുകളിൽ അകപ്പെടുവാൻ പേടിയുള്ളതുകൊണ്ടും പലതും പലരും കണ്ടില്ലെന്ന് നടിക്കുന്നു കേട്ടില്ലെന്ന് നടിക്കുന്നു .

ഒരാളെ ഇല്ലാതാക്കുവാൻ ഒരാൾ ഇറങ്ങിപ്പുറപ്പെട്ടാൽ അതിന് വലിയ പണിയൊന്നുമില്ല . യുപിയിലും ബീഹാറിലുമൊക്കെ എതിരാളികളെ മുതലക്കുളങ്ങിലേക്ക് ഇട്ടുകൊടുക്കുന്ന രീതികളൊക്കെ ഉണ്ടെന്ന് നാം വായിച്ചിട്ടുണ്ട് . ഇവിടെ ആരെയും വിരൽ ചൂണ്ടുന്നില്ല . ആരെയും സംശയിക്കുന്നില്ല . പക്ഷെ എന്തുകൊണ്ട് വടക്കാഞ്ചേരി ? ആരാണ് അവിടേക്ക് നിർബന്ധിച്ചത് എന്നതൊക്കെ പൊതുസമൂഹം ചർച്ച ചെയ്യേണ്ടതായുണ്ട് .

കരുണാകരനും ആന്റണിയും കേള്‍ക്കാത്തതുണ്ടോ ?

പത്രം എന്ന ഒരു ബ്രഹ്മാണ്ഡ പൊളിറ്റിക്കൽ സിനിമക്ക് ശേഷം രഞ്ജിപണിക്കർ പെട്ടെന്ന് ഉൾവലിയുകയായിരുന്നു . പക്ഷെ ടി ദാമോദരൻ ഏതൊരു സ്ക്രിപ്റ്റ് എഴുതിയാലും അത് കരുണാകരനെ വിമർശിക്കുന്നതായാലും , അവർ രണ്ടുപേരും ഐവി ശശിയും ടി ദാമോദരനും കരുണാകരനെ തിരക്കഥ കേൾപ്പിച്ചുകൊടുക്കുമായിരുന്നു .

കരുണാകരനും അറിയാമായിരുന്നു അവർ രണ്ടാളും ഇടതു സഹയാത്രികർ ആണെന്നുള്ളത് . അതുപോലെ സിനിമാലക്കാരും മിമിക്രിക്കാരും ഏറ്റവും കൊന്നു കൊലവിളിച്ചിരുന്നത് കരുണാകരനെയും എകെ ആന്റണിയെയുമായിരുന്നു . പക്ഷെ ആ തമാശകളും ഷോകളും നിലനിർത്തിക്കൊണ്ടുപോകുവാൻ ചാനലുകൾക്ക് എന്തുകൊണ്ട് ആകുന്നില്ല ?

ഈയിടെയായി സിനിമാലക്കാർക്ക് തമാശയൊന്നും വരുന്നില്ലേ ? അപ്പോൾ എവിടെയോ ഒരു ഭയപ്പാട് നിഴലിക്കുന്നു . എവിടെയോ ഒരു ഭീഷണി നിഴലിക്കുന്നു !!!. കേരളം ഇങ്ങനെയൊന്നും ആയിരുന്നില്ല . മാധവൻകുട്ടിയും ബിഎം ഗഫൂറും ടോംസും ടി ദാമോദരനും രഞ്ജി പണിക്കരുമൊക്കെ അരങ്ങുവാണിരുന്ന നാടാണിത് .

ഇന്നിപ്പോൾ പാമ്പുകടിയും സൈനയിഡും അപകടങ്ങളും നിറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിൽ ആരെയാണ് വിശ്വസിക്കുക ?
ഇവിടെ ആരോഗ്യരംഗം എങ്ങനെയാണ് ലോകത്തിലെ ഒന്നാമത്തേത് എന്നൊക്കെ വീമ്പിളക്കുക ?

സോണിയും സച്ചിയും ബഷീറുമൊക്കെ ഇപ്പോഴും കേരളജനതയുടെ ഇഷ്ടക്കാർ തന്നെയെന്ന് വിശ്വസിച്ചുകൊണ്ട് ദാസനും
ഇത്രേം വിവരമുള്ളവർ ഉണ്ടെന്ന് പറയപ്പെടുന്ന കേരളത്തിൽ ഇനിയും ഇങ്ങനെയൊന്നും സംഭവിച്ചുകൂടാ എന്നോർമ്മിപ്പിച്ചുകൊണ്ട് വിജയനും

×