എട്ടുവര്‍ഷത്തിലധികം കാലം പ്രണയിച്ചു, മറ്റൊരു യുവതിയുമായി കാമുകന്‍ പ്രണയത്തിലായി; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

അഗര്‍ത്തല: ത്രിപുരയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 27കാരി. അഗര്‍ത്തല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 30കാരന്റെ നില ഗുരുതരമായി തുടരുന്നു. കണ്ണിനും മൂക്കിനും പൊളളലേറ്റിട്ടുണ്ട്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത യുവതിയെ 14ദിവസം റിമാന്‍ഡ് ചെയ്തു.

എട്ടുവര്‍ഷത്തിലധികം കാലം യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബിനാറ്റ സന്താള്‍ പൊലീസിന് മൊഴി നല്‍കി. അടുത്തിടെ മറ്റൊരു യുവതിയുമായി കാമുകന്‍ പ്രണയത്തിലായതാണ് പ്രകോപനത്തിന് കാരണം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് യുവാവിനെ അറിയാമെന്ന് യുവതി പറയുന്നു.

യുവാവ് ബിരുദം പൂര്‍ത്തിയാക്കിയ ഉടനെ തങ്ങള്‍ ഇരുവരും പൂനെയിലേക്ക് താമസം മാറ്റി. അവിടെ വീട്ടുജോലി ചെയ്യുകയായിരുന്നു ബിനാറ്റ സന്താള്‍. 2018 മാര്‍ച്ചില്‍ തന്നെ ഉപേക്ഷിച്ച് യുവാവ് ത്രിപുരയിലേക്ക് മടങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ താനുമായുളള എല്ലാവിധ ബന്ധങ്ങളും യുവാവ് അവസാനിപ്പിച്ചതായി യുവതിയുടെ മൊഴിയില്‍ പറയുന്നു.

ബിനാറ്റ സന്താള്‍ കാമുകനെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ഗ്രാമത്തില്‍ യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് റാഞ്ചിയില്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ ജോലി ചെയ്യാന്‍ തുടങ്ങി.

അതിനിടെ ദുര്‍ഗാപൂജയുടെ സമയത്ത് യുവാവിനെ കണ്ടുമുട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. യുവാവ് നിരസിച്ചതോടെ ബിനാറ്റ സന്താള്‍ ആസിഡാക്രമണം നടത്തുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.

×