യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നവംബര്‍ 23 മുതല്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, November 21, 2020

തൊടുപുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ യോഗം ഇടുക്കി ജവഹര്‍ ഭവനില്‍ നടന്നു. ജില്ലാ ഡിവിഷന്‍ തല നേതൃയോഗങ്ങള്‍ 23, 24, 25 തിയതികളുലും മണ്ഡലം തല നേതൃയോഗങ്ങള്‍ 24, 25, 26 തിയതികളിലും വാര്‍ഡ് തല തെരഞ്ഞെടുപ്പ് യോഗങ്ങള്‍ 25, 26, 27 തിയതികളിലും നടത്തുവാന്‍ യോഗം തീരുമാനിച്ചു.

ഡിവിഷന്‍ തല നേതൃയോഗങ്ങളില്‍ അതാതു ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ബ്ളോക്ക്, വാര്‍ഡ് സ്ഥാനാര്‍ത്ഥികളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും. മണ്ഡലംതല യോഗങ്ങളില്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥികളും അതാത് ജില്ലാ – ബ്ളോക്ക് സ്ഥാനാര്‍ത്ഥികളും യു ഡി എഫ് നേതാക്കളും പങ്കെടുക്കും.

ജില്ലാ ഡിവിഷന്‍ തല തെരഞ്ഞെടുപ്പ് കമ്മറ്റികളും, മണ്ഡലം തല തെരഞ്ഞെടുപ്പ് കമ്മറ്റികളും പ്രസ്തുത യോഗങ്ങളില്‍ വച്ച് രൂപീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനയുമായുള്ള ആദ്യ റൗണ്ട് ഭവന സന്ദര്‍ശനം നവംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കും.ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥി പര്യടനം ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും.

യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബ് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം പി, അഡ്വ.ഇ എം ആഗസ്തി എക്സ് എം എല്‍ എ, ഡി സി സി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്, കെ പി സി സി സെക്രട്ടറി തോമസ് രാജന്‍, കെ പി സി സി നിര്‍വ്വാഹകസമതി അംഗം എ പി ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

-അഡ്വ. എസ് അശോകന്‍

×