കോണ്‍ഗ്രസ് 10 ദിവസം കാത്തിരുന്നത് ജോസ് കെ മാണി പക്ഷത്തെ പിളര്‍ത്താന്‍ ? ശ്രമിച്ചത് ചാഴികാടനെയും റോഷിയെയും ജയരാജിനെയും വരുതിയിലാക്കാന്‍ ! എംഎല്‍എമാരെയും എംപിയെയും ഒറ്റക്കെട്ടായി ഒപ്പം നിര്‍ത്തിയത് ജോസ് കെ മാണിയുടെ ആദ്യ വിജയം  

ബെയ് ലോണ്‍ എബ്രഹാം
Monday, June 29, 2020

കോട്ടയം: കോൺഗ്രസ് ലക്ഷ്യം വച്ചത് കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പിളർപ്പായിരുന്നു. അതിനായി കഴിഞ്ഞ 10 ദിവസങ്ങളായി തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിന്‍, ഡോ. എൻ. ജയരാജ് എന്നിവരെ കോൺഗ്രസ് നേതാക്കൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടും വിളിച്ചും പലതവണ ശ്രമം നടത്തിയിരുന്നു .

ഇവരിൽ ആരെങ്കിലും ഒരാളെ മയപ്പെടുത്തിയാൽ ജോസ് കെ. മാണിയെ വരുതിയിൽ നിർത്താം എന്നായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യം. പക്ഷേ മൂന്നു പേരും ജോസ് കെ. മാണിക്കൊപ്പം അടിയുറച്ചു നിന്നതാണ് കോൺഗ്രസിനെ അത്ഭുതപ്പെടുത്തിയത്.

ഈ രാഷ്ട്രീയ നീക്കത്തിൽ എംഎൽഎമാരെയും എംപിയെയും മാത്രമല്ല ഒരു പഞ്ചായത്ത് മെമ്പർപോലും മറുത്തൊരു നിലപാട് പറയാതെ പാർട്ടിയെ ഒന്നാകെ ഒപ്പം നിർത്താനായി എന്നത് ജോസ് കെ. മാണിയുടെ വിജയം തന്നെയാണ്. ആദ്യം റോഷി അഗസ്റ്റിനെ കൂടെ കൂട്ടാനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമം നടത്തിയത്.

ഇടുക്കിയില്‍ ഇനിയും ജയിക്കേണ്ടേ ? എന്നായിരുന്നത്രെ  റോഷിയോടുള്ള  ചോദ്യം. പക്ഷേ റോഷി വഴങ്ങിയില്ല. യു ഡി എഫ് വികാരം പറഞ്ഞ് ചാഴികടനും ജയരാജിനും പ്രലോഭനം ഉണ്ടായി. ആ പണിക്ക് ഞങ്ങളെ നോക്കേണ്ട എന്നവരും തീര്‍ത്തു പറഞ്ഞു. നേതാക്കളെ അടര്‍ത്തി മാറ്റി ജോസ് കെ മാണിയെ ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

എന്നാല്‍  ഈ  എം എല്‍ എ മാരും എംപിയും  ജോസ് കെ. മാണിയേക്കാൾ ആവേശത്തിൽ ആ പാർട്ടിക്കൊപ്പം നിൽക്കുന്നു എന്നതാണ് ജോസ് കെ. മാണിയുടെ ആത്മവിശ്വാസം.

സ്വന്തം പിതാവുകൂടി നേതൃത്വം നൽകി രൂപീകരിച്ച മുന്നണിയിൽ നിന്നും ഇറക്കിവിട്ടിട്ടും ആത്മവിശ്വാസത്തോടെയും തന്‍റേടത്തോടെയും ജോസ് കെ. മാണി ഇന്നു നടത്തിയ പത്രസമ്മേളനം അദ്ദേഹത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ചതും കൂടിയായിരുന്നു.

 കെ.എം മാണിയുടെ പാർട്ടിയിലെ 95% പ്രവർത്തകരും ജോസ് കെ. മാണിക്കൊപ്പം തന്നെയാണ്. അവരെ ഒന്നിപ്പിച്ചു നിർത്താൻ ജോസ് കെ. മാണിക്കു കഴിഞ്ഞാല്‍ വരാൻ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് വെള്ളം കുടിക്കും എന്നുറപ്പാണ് . മാത്രമല്ല വിലയ്ക്ക് വാങ്ങാൻ പറ്റാത്ത ആത്മാർത്ഥ പ്രവർത്തകരാ‌ണ് ഒപ്പമുള്ളതെന്ന കാര്യത്തിലും  ജോസിന് ആശ്വസിക്കാം.

×