പ്രിയപ്പെട്ട ഇന്നച്ചാ, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു. സഭയ്ക്ക് വേണ്ടി സേവനം ചെയ്യുക എന്ന തീരുമാനമാണു നിനക്കുള്ളതെങ്കിൽ അതിൽ ഉറച്ചു നിൽക്കുക.തമ്പുരാൻ നിന്നെ വഴി നടത്തും. നീ നിരന്തരം പ്രവർത്തിച്ചു കൊണ്ടേയിരിക്കുക. ഫലം കർത്താവ് വിധിച്ചോളും...... "
67 വർഷം മുമ്പത്തെ ഒരു ജൂണിൽ പുരാതന ക്രൈസ്തവ തറവാടായ പാലാ മേനാമ്പറമ്പിലെ പാപ്പച്ചൻ, തൻ്റെ മൂത്ത മകൻ ഇന്നസെൻ്റിന് എഴുതി. അന്ന് ആസാമിൽ വൈദിക വിദ്യാർത്ഥിയായി ഇന്നസെൻ്റ് സെമിനാരിയിൽ ചേർന്നിട്ട് ഒരു വർഷം.
/sathyam/media/post_attachments/m67ftzpNKeZutqcc7UFm.png)
മേനാമ്പറമ്പിൽ വീടിനെ അതിരിടുന്ന മീനച്ചിലാറ്റിലൂടെ പിന്നേയും വെള്ളം ഒരുപാടൊഴുകി. അന്നത്തെ ഇന്നസെൻ്റിന് ഇന്ന് എൺപത് . ഗുവാഹട്ടിയിൽ ബിഷപ്പും, പിന്നീട് ആർച്ച് ബിഷപ്പുമൊക്കെയായ മാർ ഡോ.തോമസ് മേനാമ്പറമ്പിലാണ് ഈ ഇന്നസെൻ്റ്.
ഇന്നലെ "ഫാദേഴ്സ് ഡേ "യിൽ അച്ഛൻ പാപ്പച്ചനും അമ്മ അന്നമ്മയും പതിറ്റാണ്ടുകൾക്കു മുമ്പ് തനിക്കെഴുതിയ കത്തുകൾ തപ്പിയെടുത്ത മാർ മേനാമ്പറമ്പിൽ ഈ കത്തുകളിലെ ജീവിത സന്ദേശങ്ങൾ വീണ്ടും പലവുരു വായിച്ചു;
"ഞാൻ സന്തോഷപൂർവ്വം ദൈവവിളി ഏറ്റെടുത്ത് പോന്നെങ്കിലും പ്രിയപ്പെട്ട ഇച്ചാച്ചനും അമ്മച്ചിക്കും എന്തു കരുതലായിരുന്നൂ എന്നോടും എനിക്ക് ശേഷമുണ്ടായ 11 മക്കളോടും "- ഇപ്പോൾ ആസാമിൽ ഗുവാഹട്ടിയിലെ ആർച്ച് ബിഷപ്പ്സ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുന്ന മാർ തോമസ് മേനാമ്പറമ്പിൽ പറഞ്ഞു.
ഇന്നലെ ഫാദേഴ്സ് ഡേയിൽ പുലർച്ചെ കുർബ്ബാന അർപ്പിച്ചയുടൻ മാർ മേനാമ്പറമ്പിൽ, പ്രിയപ്പെട്ട അച്ഛൻ്റെ കത്തുകളിലൊരെണ്ണം കയ്യിലെടുത്തു. ഇതിലെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ഒഴിവാക്കി , ജീവിതഗന്ധിയായ സാരാംശങ്ങൾ, ഉപദേശങ്ങൾ ഒക്കെ ഒരു കടലാസിലേക്ക് പകർത്തി. നല്ലൊരു തലക്കെട്ടുമിട്ടു ; "ഇന്നത്തെ പിതൃദിനത്തിൽ നിത്യതയിലെ ഇച്ചാച്ചനും അമ്മച്ചിയ്ക്കും പ്രിയപ്പെട്ട ഇന്നച്ചൻ എഴുതുന്നു ......
മാതാപിതാക്കൾ പണ്ട് തനിക്കയച്ച കത്തുകൾ ഇന്നലെ ഇ മെയിലായി ഇളയ സഹോദരങ്ങൾക്കും അയച്ചുകൊടുത്തു മാർ തോമസ്. ഇതു വരെയുള്ള തൻ്റെ സേവനങ്ങളെപ്പറ്റിയും ദൈവം വഴി നടത്തിയതിനെപ്പറ്റിയും വിശദമായൊരു ഗ്രന്ഥരചനയിലാണിപ്പോൾ ഇദ്ദേഹം. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള ആർച്ച് ബിഷപ്പ് (റിട്ട. ) മേനാമ്പറമ്പിൽ വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്.
ചൈന, ജർമനി, അമേരിക്ക, ബ്രിട്ടൻ , ആഫ്രിക്ക എന്നിവിടങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിലായി ഇരുനൂറോളം പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലുള്ള ഇദ്ദേഹത്തിൻ്റെ അറിവും ശ്രദ്ധേയമാണ്.
"ഞങ്ങളുടെ വല്ലിച്ചായന് (മാർ മേനാമ്പറമ്പിൽ) ഇച്ചാച്ചനും അമ്മച്ചിയും എഴുതിയ കത്തുകൾ മേനാമ്പറമ്പിലെ പുതു തലമുറയ്ക്കായി സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണു ഞങ്ങൾ "- മാർ മേനാമ്പറമ്പിലിൻ്റെ ഇളയ സഹോദരൻ റിട്ട. എസ്. ബി. ഐ. ഉദ്യോഗസ്ഥൻ അലക്സ് മേനാമ്പറമ്പിൽ പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് ഡോ. തോമസ് മേനാമ്പറമ്പിൽ ഒടുവിൽ പാലായിലെ തറവാട്ടിലെത്തിയത്. ഇനി ഒക്ടോബറിൽ വന്നേക്കും .അപ്പോഴേയ്ക്കും ഈ കത്തുകളുടെ കോപ്പിയെടുത്ത് ഒരു സമാഹാരമാക്കി വല്ലിച്ചായന് സമ്മാനമായി സമർപ്പിക്കാനൊരുങ്ങുകയാണ് അലക്സും സഹോദരങ്ങളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us