“ഞാൻ സന്തോഷപൂർവ്വം ദൈവവിളി ഏറ്റെടുത്ത് പോന്നെങ്കിലും പ്രിയപ്പെട്ട ഇച്ചാച്ചനും അമ്മച്ചിക്കും എന്തു കരുതലായിരുന്നൂ എന്നോടും എനിക്ക് ശേഷമുണ്ടായ 11 മക്കളോടും “; ഗുവാഹട്ടിയിലെ ആർച്ച് ബിഷപ്പ്സ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുന്ന മാർ തോമസ് മേനാമ്പറമ്പിൽ പറയുന്നു

സുനില്‍ പാലാ
Monday, June 22, 2020

പ്രിയപ്പെട്ട ഇന്നച്ചാ, നിനക്ക് സുഖം തന്നെയെന്ന് കരുതുന്നു. സഭയ്ക്ക് വേണ്ടി സേവനം ചെയ്യുക എന്ന തീരുമാനമാണു നിനക്കുള്ളതെങ്കിൽ അതിൽ ഉറച്ചു നിൽക്കുക.തമ്പുരാൻ നിന്നെ വഴി നടത്തും. നീ നിരന്തരം പ്രവർത്തിച്ചു കൊണ്ടേയിരിക്കുക. ഫലം കർത്താവ് വിധിച്ചോളും…… ”

67 വർഷം മുമ്പത്തെ ഒരു ജൂണിൽ പുരാതന ക്രൈസ്തവ തറവാടായ പാലാ മേനാമ്പറമ്പിലെ പാപ്പച്ചൻ, തൻ്റെ മൂത്ത മകൻ ഇന്നസെൻ്റിന് എഴുതി. അന്ന് ആസാമിൽ വൈദിക വിദ്യാർത്ഥിയായി ഇന്നസെൻ്റ് സെമിനാരിയിൽ ചേർന്നിട്ട് ഒരു വർഷം.

മേനാമ്പറമ്പിൽ വീടിനെ അതിരിടുന്ന മീനച്ചിലാറ്റിലൂടെ പിന്നേയും വെള്ളം ഒരുപാടൊഴുകി. അന്നത്തെ ഇന്നസെൻ്റിന് ഇന്ന് എൺപത് . ഗുവാഹട്ടിയിൽ ബിഷപ്പും, പിന്നീട് ആർച്ച് ബിഷപ്പുമൊക്കെയായ മാർ ഡോ.തോമസ് മേനാമ്പറമ്പിലാണ് ഈ ഇന്നസെൻ്റ്.

ഇന്നലെ “ഫാദേഴ്സ് ഡേ “യിൽ അച്ഛൻ പാപ്പച്ചനും അമ്മ അന്നമ്മയും പതിറ്റാണ്ടുകൾക്കു മുമ്പ് തനിക്കെഴുതിയ കത്തുകൾ തപ്പിയെടുത്ത മാർ മേനാമ്പറമ്പിൽ ഈ കത്തുകളിലെ ജീവിത സന്ദേശങ്ങൾ വീണ്ടും പലവുരു വായിച്ചു;

“ഞാൻ സന്തോഷപൂർവ്വം ദൈവവിളി ഏറ്റെടുത്ത് പോന്നെങ്കിലും പ്രിയപ്പെട്ട ഇച്ചാച്ചനും അമ്മച്ചിക്കും എന്തു കരുതലായിരുന്നൂ എന്നോടും എനിക്ക് ശേഷമുണ്ടായ 11 മക്കളോടും “- ഇപ്പോൾ ആസാമിൽ ഗുവാഹട്ടിയിലെ ആർച്ച് ബിഷപ്പ്സ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുന്ന മാർ തോമസ് മേനാമ്പറമ്പിൽ പറഞ്ഞു.

ഇന്നലെ ഫാദേഴ്സ് ഡേയിൽ പുലർച്ചെ കുർബ്ബാന അർപ്പിച്ചയുടൻ മാർ മേനാമ്പറമ്പിൽ, പ്രിയപ്പെട്ട അച്ഛൻ്റെ കത്തുകളിലൊരെണ്ണം കയ്യിലെടുത്തു. ഇതിലെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ഒഴിവാക്കി , ജീവിതഗന്ധിയായ സാരാംശങ്ങൾ, ഉപദേശങ്ങൾ ഒക്കെ ഒരു കടലാസിലേക്ക് പകർത്തി. നല്ലൊരു തലക്കെട്ടുമിട്ടു ; “ഇന്നത്തെ പിതൃദിനത്തിൽ നിത്യതയിലെ ഇച്ചാച്ചനും അമ്മച്ചിയ്ക്കും പ്രിയപ്പെട്ട ഇന്നച്ചൻ എഴുതുന്നു ……

മാതാപിതാക്കൾ പണ്ട് തനിക്കയച്ച കത്തുകൾ ഇന്നലെ ഇ മെയിലായി ഇളയ സഹോദരങ്ങൾക്കും അയച്ചുകൊടുത്തു മാർ തോമസ്. ഇതു വരെയുള്ള തൻ്റെ സേവനങ്ങളെപ്പറ്റിയും ദൈവം വഴി നടത്തിയതിനെപ്പറ്റിയും വിശദമായൊരു ഗ്രന്ഥരചനയിലാണിപ്പോൾ ഇദ്ദേഹം. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ ബഹുമതികൾ നേടിയിട്ടുള്ള ആർച്ച് ബിഷപ്പ് (റിട്ട. ) മേനാമ്പറമ്പിൽ വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്.

ചൈന, ജർമനി, അമേരിക്ക, ബ്രിട്ടൻ , ആഫ്രിക്ക എന്നിവിടങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിലായി ഇരുനൂറോളം പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലുള്ള ഇദ്ദേഹത്തിൻ്റെ അറിവും ശ്രദ്ധേയമാണ്.

“ഞങ്ങളുടെ വല്ലിച്ചായന് (മാർ മേനാമ്പറമ്പിൽ) ഇച്ചാച്ചനും അമ്മച്ചിയും എഴുതിയ കത്തുകൾ മേനാമ്പറമ്പിലെ പുതു തലമുറയ്ക്കായി സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണു ഞങ്ങൾ “- മാർ മേനാമ്പറമ്പിലിൻ്റെ ഇളയ സഹോദരൻ റിട്ട. എസ്. ബി. ഐ. ഉദ്യോഗസ്ഥൻ അലക്സ് മേനാമ്പറമ്പിൽ പറഞ്ഞു.

രണ്ടു വർഷം മുമ്പാണ് ഡോ. തോമസ് മേനാമ്പറമ്പിൽ ഒടുവിൽ പാലായിലെ തറവാട്ടിലെത്തിയത്. ഇനി ഒക്ടോബറിൽ വന്നേക്കും .അപ്പോഴേയ്ക്കും ഈ കത്തുകളുടെ കോപ്പിയെടുത്ത് ഒരു സമാഹാരമാക്കി വല്ലിച്ചായന് സമ്മാനമായി സമർപ്പിക്കാനൊരുങ്ങുകയാണ് അലക്സും സഹോദരങ്ങളും.

×