വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, November 21, 2020

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. രണ്ടര മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അനിതയോടൊപ്പം അഞ്ച് വിദഗ്ദ്ധ ഡോക്ടര്‍മാരും മന്ത്രിയെ പരിശോധിച്ച വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നു.

മന്ത്രിയുടെ ചികിത്സാ രേഖകളും സംഘം പരിശോധിച്ചു. ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിഎംഒയ്ക്ക് കൈമാറും. മെഡിക്കല്‍ ബോര്‍ഡ് കൂടി ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡോ. അനിത അറിയിച്ചു. ഡിഎംഒ ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും.

×