മുഖ്യമന്ത്രീ, പൗരജനങ്ങളുടെ ജീവനും സ്വത്തിനും അങ്ങയുടെ സമാധാന പാർട്ടി ഉയർത്തുന്ന ഭീതിജനകമായ വെല്ലുവിളി കണ്ടിട്ടും അങ്ങ് ഉറക്കം നടിക്കുന്നു. ഈ കാര്യങ്ങളെ കുറിച്ച് ഒരു വിവരവും താങ്കളുടെ പോലീസ് സേന നൽകുന്നില്ലെങ്കിൽ ആ സേനയെ പിരിച്ച് വിട്ടുകൊണ്ട് അങ്ങ് കാശിക്ക് പോകുന്നതായിരിക്കും നല്ലത്…

സത്യം ഡെസ്ക്
Saturday, September 5, 2020

സമാധാനത്തിന്റെ ബോംബ് നിർമ്മാണത്തിന് ആര് പണം നൽകി ?
ലോക സമാധാനത്തിനു വേണ്ടി ഇന്നു ലോകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏക പാർട്ടി സിപിഎം ആണെന്നാണ് പൂർവ്വാശ്രമത്തിൽ സിമിയുടെയും ഇപ്പോൾ ഡിവൈഎഫ്‌ഐയുടെയും നേതാവായ എഎ റഹിം മുതൽ കൊടിയേരി ബാലകൃഷ്ണൻ വരെയുള്ളവർ പറയുന്നത്.

തിരുവനന്തപുരത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി പറന്നു നടക്കുന്ന മാർക്‌സിസ്റ്റുകാർ കണ്ണൂർ, കതിരൂർ, പൊന്ന്യം ചൂളയിൽ ബോംബു നിർമ്മിക്കുന്നതും സമാധാനത്തിനു വേണ്ടിയാണ് പാർട്ടി ഈ സൽകൃത്യം ചെയ്യുന്നത് എന്നാണ് സമാധാനത്തിന്റെ അപ്പോസ്തലനായ പാർട്ടി ജില്ലാ സെക്രട്ടറി ജയരാജൻ പറയുന്നത്.

സഖാക്കൾ സമാധാനപരമായി ബോംബ് നിർമ്മിച്ചുകൊണ്ടിരിക്കെ മൂന്ന് ബോംബുകൾ സമാധാനപരമായി പൊട്ടിത്തെറിച്ചു. ബോംബ് നിർമ്മാണത്തിൽ വ്യാപരിച്ചുകൊണ്ടിരുന്ന സമാധാന സഖാക്കൾക്ക് പരിക്കേറ്റു. 15 സമാധാന ബോംബുകളാണ് പാർട്ടി സമാധാനപരമായി നിർമ്മിച്ചത്. മൂന്നെണ്ണം പൊട്ടിത്തെറിച്ചു. പന്ത്രണ്ടണ്ണം സമാധാനപരായി ഏതുനിമിഷവും ആർക്ക് എതിരെയും എറിയപ്പെടും.

പാർട്ടി സഖാക്കൾ സമാധാനപരമായി ബോംബ് നിർമ്മിച്ച് സമാധാനത്തിനു വേണ്ടി പാർട്ടി ശത്രുക്കൾക്ക് എതിരെ സമാധാനപരമായി എറിയുന്നു. പാർട്ടി ശത്രുക്കൾ സമാധാനപരമായി കൊല്ലപ്പെടുന്നു. കൊലയാളികളെ സംരക്ഷിക്കാനായി പാർട്ടി സമാധാനപരമായി പണം പിരിക്കുന്നു.

പാർട്ടി തന്നെ സമാധാനപരമായി പ്രതികളെ പോലീസിന് കൈമാറുന്നു. പ്രതികൾ സമാധാനപരമായി കുറ്റവിമുക്തരാക്കപ്പെടുന്നു. ജയിലിൽ പോകുന്നവർക്കായി പാർട്ടി സമാധാനപരമായി പ്രതിരോധം തീർക്കുന്നു.

മാർക്‌സിസ്റ്റ് പാർട്ടിയെക്കുറിച്ച് മറ്റുള്ളവർക്ക് ഒരു ചുക്കും അറിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എത്രയോ ശരി. പക്ഷെ, മുഖ്യമന്ത്രീ ചില കാര്യങ്ങൾക്ക് അങ്ങ് മറുപടി പറയുകതന്നെ വേണം.

(1 ) കതിരൂരിലെ സഖാക്കൾ സമാധാന ബോംബ്‌ നിർമ്മിച്ചത് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണോ?

(2) കതിരൂരിലെ സമാധാന സഖാക്കൾ ബോംബ് നിർമ്മിക്കുന്ന കാര്യം സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിരുന്നോ?

(3) ടി സഖാക്കൾക്ക് ബോംബ് നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ആരാണ് നൽകിയത്?

(4) കണ്ണൂരിലെ പാർട്ടി സഖാക്കൾക്ക് സമാധാന ബോംബ് നിർമ്മിക്കുന്നതിനായി ആരാണ് പരിശീലനം നൽകിയത്?

(5) ബോംബ് നിർമ്മിക്കാൻ ആവശ്യമായ പണം ആരാണ് നൽകിയത്?

മുഖ്യമന്ത്രീ, ഈ ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കുന്നത് കേരളത്തിലെ ആഭ്യന്തര മന്ത്രിയോടാണ്. അങ്ങ് മറുപടി പറയണം. പൗരജനങ്ങളുടെ ജീവനും സ്വത്തിനും അങ്ങയുടെ സമാധാന പാർട്ടി ഉയർത്തുന്ന ഭീതിജനകമായ വെല്ലുവിളി കണ്ടിട്ടും അങ്ങ് ഉറക്കം നടിക്കുന്നു. ഈ കാര്യങ്ങളെ കുറിച്ച് ഒരു വിവരവും താങ്കളുടെ പോലീസ് സേന നൽകുന്നില്ലെങ്കിൽ ആ സേനയെ പിരിച്ച് വിട്ടുകൊണ്ട് അങ്ങ് കാശിക്ക് പോകുന്നതായിരിക്കും നല്ലത്.

-ഡോ. കെ. എസ്. രാധാകൃഷ്ണൻ

×