വെളുത്ത അരി കഴിക്കുന്നത് ശരീരഭാരത്തോടൊപ്പം പ്രമേഹസാധ്യതയും കൂട്ടും; പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ഹെല്‍ത്ത് ഡസ്ക്
Sunday, September 13, 2020

വെളുത്ത അരി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം.നമ്മുടെ ശരീരഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വെളുത്ത അരിയുടെ ഉപയോഗം കാരണമാകും. 21 രാജ്യങ്ങളിലെ 1,30,000 പേരില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടന്ന ഒരു പഠനത്തിന്റെ ഫലം പറയുന്നത് വെളുത്ത അരി ഉപയോഗിക്കുന്നവര്‍ക്ക് അത്ര ഗുണകരമല്ലെന്നാണ്.

വെളുത്ത അരിയുടെ ഉപയോഗം പ്രമേഹ സാധ്യത വളരെയധികം കൂട്ടുന്നു എന്ന് പഠനത്തില്‍ കണ്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലാണ് അപകടസാധ്യത കൂടുതല്‍ എന്നും പഠനത്തില്‍ കണ്ടു.

ചൈന, ബ്രസീല്‍, ഇന്ത്യ, തെക്ക് – വടക്കന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളി ഗവേഷകരുമായി സഹകരിച്ചു കാനഡയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വെളുത്ത അരി പ്രോസസ്സ് ചെയ്യപ്പെടുമ്ബോള്‍ അവയിലെ പോഷകങ്ങളായ ജീവകം ബി ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യപ്പെടുന്നു. കൂടാതെ ഇതിന്റെ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂട്ടുന്നു.

കൂടുതല്‍ വെളുത്ത അരി കഴിക്കുന്നത് പ്രമേഹ സാധ്യത 11 ശതമാനം കൂട്ടുമെന്ന് 2012 ല്‍ നടത്തിയ ഒരു പഠനത്തിലും കണ്ടിരുന്നു. പഠനം നടത്തിയ രാജ്യങ്ങളെ ആശ്രയിച്ച്‌, കണ്ടെത്തലുകളിലും മാറ്റം വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ തടസ്സം മറികടക്കാന്‍ 21 രാജ്യങ്ങളെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തി.

ജീവിതശൈലി, ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഇവ മൂലം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ പാരമ്ബര്യമായി പ്രമേഹ സാധ്യത കൂടുതല്‍ ഉള്ളവരാണെന്നു കണ്ടു.

വെളുത്ത അരിക്കു പകരം തവിടു കളയാത്ത ബ്രൗണ്‍ റൈസ് ഉപയോഗിക്കുന്നത് ഗ്ലൈസെമിക് ഇന്‍ഡക്സ് 23 ശതമാനം കുറയ്ക്കും. അമിതഭാരമുള്ള ഇന്ത്യക്കാരില്‍ ഇന്സുലിന്‍ റെസ്പോണ്‍സ് 57 ശതമാനം ആയി കുറയ്ക്കാനും ഇത് മൂലം കഴിയും.

×