ഓട്ടോ ഡ്രൈവർ പറന്ന് വന്ന് ഇടിച്ചിട്ട യുവതിയുടെ തലയിൽ 52 സ്റ്റിച്ച്! വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, August 1, 2020

ബംഗളുരു: ഓട്ടോ ഡ്രൈവർ പറന്ന് വന്ന് ഇടിച്ചിട്ട യുവതിയുടെ തലയിൽ 52 സ്റ്റിച്ച്. സംഭവം നടക്കുന്നത് ബംഗളുരു ടി.സി. പാല്യ റോഡിലാണ്. റെഡ് ലൈൻ ലംഘനം കണ്ടെത്താൻ വച്ചിരിക്കുന്ന ക്യാമറയുടെ കേബിളാണ് കഥയിലെ വില്ലൻ.

നിലത്തു വീണു കിടന്ന കേബിൾ ഓട്ടോ ചക്രങ്ങളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത് വിടുവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. കേബിൾ മാറ്റുന്നതിനിടെ വണ്ടിയുടെ ചക്രങ്ങൾ കേബിളിന് മുകളിലൂടെ നീങ്ങി ഡ്രൈവർ ശക്തിയായി വായുവിലൂടെ പറന്ന് പൊന്തുകയായിരുന്നു.

കേബിളിൽ പൊന്തിയ ഡ്രൈവർ അതുവഴി നടന്ന് പോവുകയായിരുന്ന സുനിത എന്ന യുവതിയെ ഇടിച്ചിട്ടുകൊണ്ടു കുതിച്ചു. ലോക്ക്ഡൗണിനിടെ ജൂലൈ 16ന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചത്. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ സുനിതയുടെ തലയിലൂടെ ചോരയൊലിച്ചു.

ഞെട്ടലും പരിഭ്രമവും മാറാത്ത അവസ്ഥയായിരുന്നു തനിക്കെന്നും സുനിത. തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന സുനിതയുടെ ഭർത്താവ് കൃഷ്ണമൂർത്തി സുനിതയെ ആശുപത്രിയിലെത്തിച്ചു. ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു എന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു. സുനിതയുടെ തലയിൽ 52 സ്റ്റിച്ചുകളുണ്ട്.

×