ഇന്ത്യന്‍ നാവിക സേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്; നാവികസേനയില്‍ ആദ്യ വനിതാ പൈലറ്റാകാന്‍ യുപി സ്വദേശി ശുഭാംഗി സ്വരൂപ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 23, 2017

ഇന്ത്യന്‍ നാവിക സേനയ്ക്ക് അഭിമാനമായി പെണ്‍കരുത്ത്. സേനയിലെ ആദ്യ വനിതാ പൈലറ്റായി ഉത്തര്‍പ്രദേശ് സ്വദേശിനി ശുഭാംഗി സ്വരൂപ് ഏഴിമല നാവിക അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. സേനയുടെ ആയുധ പരിശോധന വിഭാഗത്തിലെ ആദ്യ വനിതാ അംഗങ്ങളായി മലയാളി ഉള്‍പ്പടെ മൂന്ന് വനിതകളും ചുമതലയേറ്റു.

നാവിക അക്കാദമിയില്‍ ആറുമാസത്തെ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശുഭാംഗി കൊച്ചി നേവല്‍ ബേസിലെ വൈമാനിക പരിശീലന കേന്ദ്രത്തില്‍ അടുത്ത ഒരു വര്‍ഷം പൈലറ്റാകാനുള്ള പരിശീലനം നേടും. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റെന്ന ബഹുമതി ശുഭാംഗിക്കു സ്വന്തമാകും. ഏഴിമല നാവിക അക്കാദമിയില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കുന്ന കെഡറ്റുകളില്‍ ഓരോ പത്തുപേരെങ്കിലും പൈലറ്റ് പരിശീലനത്തിനായി പോകാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യമായാണ് ഒരു വനിത പൈലറ്റാകാന്‍ സന്നദ്ധയായത്. പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ശ്രമിക്കുമെന്നു ശുഭാംഗി പറഞ്ഞു. നാവികസേനയുടെ വിശാഖപട്ടണം ഡോക്‌യാര്‍ഡിലെ കമാന്‍ഡര്‍ ഗ്യാന്‍ സ്വരൂപിന്റെയും കല്‍പന സ്വരൂപിന്റെയും മകളാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ശുഭാംഗി.

തിരുവനന്തപുരം മരുതംകുഴി സ്വദേശി എസ്.ശക്തിമായ, പുതുച്ചേരിയിലെ എ.രൂപ, ഡല്‍ഹിയിലെ ആസ്താ സെഗാള്‍ എന്നിവരാണ് ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ ചേരുന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ കെ.ശശിധര കുറുപ്പിന്റെയും ശ്രീദേവിയുടെയും മകളാണു ശക്തിമായ. എന്‍ജിനീയറിങ് ബിരുദധാരികളായ ഇരുവരും നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സാണു പൂര്‍ത്തിയാക്കിയത്. ഇനി വിവിധ കേന്ദ്രങ്ങളില്‍ ആയുധങ്ങളെക്കുറിച്ചു പരിശീലനം നേടും. 328 നാവികരാണു പരിശീലനം പൂര്‍ത്തിയാക്കി ഇന്നലെ നാവിക അക്കാദമിയില്‍ നിന്നു പുറത്തിറങ്ങിയത്.

 

 

×