Advertisment

ഗൂഡ്രിക്കല്‍: മനുഷ്യനും പ്രകൃതിയും ഐതീഹ്യങ്ങളും സംഗമിക്കുമിടം

New Update

തൻറെ വലിയ ജനപ്രീതിയാർജ്ജിച്ച, കുമയോണിലെ നരഭോജികൾ എന്ന പുസ്തകത്തിൻറെ ആമുഖത്തിൽ ലോകപ്രശസ്തനായ കടുവവേട്ടക്കാരൻ ജിം കോർബറ്റ് ഇങ്ങനെ ചേർത്തിരിക്കുന്നു.

Advertisment

"ഒരു പുള്ളിപ്പുലിയിൽ, അതും അതിനായി എഴുതിവച്ച പ്രകൃതി വിഭവങ്ങൾ ഭാഗീകമായോ പൂർണ്ണമായോ നശിച്ച ഒരു പ്രദേശത്ത് വാഴുന്ന ഒന്നിൽ, പകർച്ചവ്യാധിയാൽ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യശവശരീരങ്ങൾ അതിവേഗം ഒരു അസ്വാഭാവിക ഭക്ഷണശീലം ഉണ്ടാക്കിയെടുത്തേക്കാം. പിന്നീട് പകർച്ചവ്യാധി കേട്ടടങ്ങുമ്പോൾ തൻറെ ആയാസരഹിത ഭക്ഷണ വിതരണം ഖണ്‌ഡിക്കപ്പെട്ടു എന്നറിയുന്ന സാഹചര്യം മൃഗത്തിനെ മറ്റ് വഴികൾ തേടുവാൻ നിർബന്ധിതനാക്കിയേക്കാം - മനുഷ്യവേട്ടയുൾപ്പെടെ. തങ്ങൾക്കിടെ അഞ്ഞൂറ്റിയിരുപത്തിയഞ്ചിന് മേൽ മനുഷ്യജീവനുകൾ പകുത്തെടുത്ത കുമയോണിലെ രണ്ട് പുള്ളിപ്പുലികളിൽ ഒന്ന് കോളറക്കാലത്തിന് പിന്നാലെയാണ് രംഗത്ത് വന്നതെങ്കിൽ അടുത്തത് പ്രത്യക്ഷപ്പെട്ടത് 1918 ൽ യുദ്ധപ്പനി എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഒരു മാരക പകർച്ച വ്യാധി അടങ്ങിയതിന് പിന്നാലെ ആയിരുന്നു."

വേനല്‍ക്കാലത്താണ് വന്യമൃഗങ്ങള്‍ ഏറെയും കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. കാട്ടുചോലകളും അരുവികളും വരളുകയും കാട്ടിനുള്ളില്‍ വെള്ളം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിനീർ തേടിയും ആയാസരഹിതമായി ലഭിക്കുന്ന ഭക്ഷണം തേടിയുമൊക്കെയാണ് കടുവ, പുലി, കാട്ടാന, കുരങ്ങ്, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങിയ വന്യജീവികൾ നാട്ടിലിറങ്ങി ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്.

publive-image

ഈ ചര്യയുടെ ഭാഗമായോ മറ്റോ ആവണം ഗൂഡ്രിക്കല്‍ വനമേഖലയിൽ പെടുന്ന ആങ്ങമൂഴി - പ്ലാപ്പള്ളി റോഡിലെ പാലത്തടിയാര്‍ മേഖലയിൽ അടുത്തകാലത്ത് പുള്ളിപ്പുലിയിറങ്ങിയതും ദൗർഭാഗ്യവശാൽ പുരയിടത്തിനടുത്തുള്ള വനത്തില്‍ ആടിന് തീറ്റവെട്ടാനായി പോയ ബേബിയെന്ന മധ്യവയസ്ക്കൻ അതിൻറെ ആക്രമണത്തിനിരയാവുന്നതും തുടർന്ന് ഒരു നാടപ്പാടെ തന്നെ കുറച്ചുകാലത്തേക്കെങ്കിലും പുലിപ്പേടിയിലാഴ്ന്നതും.

ഗൂഡ്രിക്കല്‍, പുരാണത്തിലും ചരിത്രത്തിലും

ഗൂഡ്രിക്കൽ വനപ്രദേശത്തെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന സീതത്തോട്‌ പഞ്ചായത്തിനെ ചുറ്റിപറ്റി, പുരാണഗ്രന്ഥമായ രാമായണത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കുറെ ഐതിഹ്യങ്ങൾ ആണ് ആദ്യം ഇവിടെ സഞ്ചാരികളെ വരവേൽക്കുക.

സീത ഭൂമി പിളര്‍ന്നു താഴേക്ക് പോയ ഭാഗത്തിന് സമീപത്തുകൂടി ഒഴുകുന്ന തോട് സീതത്തോട് എന്ന് വിളിക്കപ്പെടുകയും പില്‍ക്കാലത്ത് അതുതന്നെ നാടിൻറെ പേരായിമാറുകയും ചെയ്തുവെന്നതാണ്‌ ഇവയിൽ മുഖ്യമായത്. ഈ ഗ്രാമത്തിലെ പല സ്ഥലനാമങ്ങളുടെ ഉത്ഭവങ്ങള്‍ക്കും പിന്നിൽ രാമായണത്തിൻറെ നെടുവീർപ്പുകൾ അനുഭവപ്പെടും. വാത്മീകിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നുവെന്ന ഐതിഹ്യമുള്ള സ്ഥലം വാത്മീകിക്കുന്ന് എന്ന പേരില്‍ അറിയപ്പെടുന്നു.

വാത്മീകികുന്നിൻറെ താഴ്ഭാഗം സീതക്കുഴിയായി തീർന്നത് ഇവിടെയാണ് സീത ഭൂമി പിളര്‍ന്നു താഴേക്ക് പോയതെന്ന വിശ്വാസത്തിലാണ്. ഭൂമി പിളര്‍ന്നു താഴേക്കു പോയ സീതയുടെ മുടിയില്‍ വ്യഥയോടെ കയറിപ്പിടിച്ച ശ്രീരാമന് മുടിയുടെ ഒരുഭാഗം ലഭിക്കുകയും, നിരാശയോടെ അത് വലിച്ചെറിഞ്ഞ സ്ഥലം സീതമുടിയായി മാറുകയും ചെയ്തുവത്രെ. സീതയുടെ മക്കളായ ലവകുശന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്ന സ്ഥലമത്രെ ഗുരുനാഥന്‍മണ്ണായി അറിയപ്പെടുന്നത്.

ചരിത്രം പറയുന്നത് പന്തളം ഭരിച്ചിരുന്ന കോയിക്കല്‍ തമ്പുരാക്കന്മാര്‍ ഭരണസൗകര്യത്തിനായി രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നതിൽ പന്തളവും സമീപപ്രദേശങ്ങളുമുള്‍പ്പെടുന്ന ഭാഗം വലിയകോയിക്കല്‍ എന്നും രാജ്യത്തിൻറെ കിഴക്കന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം കൊച്ചുകോയിക്കല്‍ എന്നും അറിയപ്പെട്ടുവെന്നാണ് .

ഇതില്‍ കൊച്ചുകോയിക്കല്‍ സീതത്തോട് പഞ്ചായത്തിലെ പ്രധാനസ്ഥലമാണ്, പന്തളംരാജാവിൻറെ വളര്‍ത്തുപുത്രനായ ശ്രീഅയ്യപ്പന്‍ വിലയം പ്രാപിച്ച ശബരിമല കൊച്ചുകോയിക്കലിൻറെ പ്രാന്തപ്രദേശമാണെന്നത് വിഖ്യാതവും. ശബരിമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊന്നമ്പലമേട് ഈ പഞ്ചായത്തിലാണ്.

എ.ഡി.52-ല്‍ തോമാശ്ളീഹ (ക്രിസ്തുവിന്റെ ശിഷ്യന്‍) ഈ പഞ്ചായത്തിലുള്ള നിലയ്ക്കലില്‍ എത്തുകയും അവിടെ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.

ആനകളുടെയും കടുവകളുടെയും ഗൂഡ്രിക്കല്‍, പ്രകൃതി വിഭവങ്ങളുടെയും

ഇന്ന് കേരളത്തിൻറെ വൈൽഡ് ലൈഫ് ടൂറിസം ഭൂപടത്തിലെ പ്രധാന പേരുകളിൽ ഒന്നായ ഗവിയിലെത്താൻ വിനോദ സഞ്ചാരികള്‍ സ്വയം വികസിപ്പിച്ചെടുത്ത പാതയാണ് ആങ്ങമുഴി-ഗവി റൂട്ട്. ആങ്ങമുഴിയിൽ തുടങ്ങി വൈദ്യുതി ബോര്‍ഡിൻറെ മൂന്ന് ചെക്ക്‌പോസ്റ്റുകളുൾപ്പെടെ അഞ്ച് ചെക്ക്‌പോസ്റ്റുകള്‍ കടന്ന് ഗവിയിലെത്താവുന്ന ഈ പാത ശബരിഗിരി പദ്ധതി പ്രദേശത്തെ ചുറ്റിയാണ്‌ കടന്നുപോകുന്നത്.

ഗവി സന്ദർശിക്കുവാൻ റാന്നി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ വനം വകുപ്പിൻറെ ചെക്ക്‌പോസ്റ്റിലെ പ്രവേശന ഫീസ് മാത്രം നല്‍കിയാല്‍ മതി എന്ന സൗകര്യവും ഈ വഴി നല്കുന്നുണ്ട്.

ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്ന സഞ്ചാരികളെ കഴിയുമെങ്കില്‍ തിരിച്ചയക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ നയമെങ്കിലും ഗവിയിലേക്ക് പോകാൻ ഈ വഴി തിരഞ്ഞെടുക്കുന്ന വിനോദയാത്രികരുടെ എണ്ണം നാൾക്കുനാൾ ഏറിവരുന്നതായാണ് കാണുന്നത്.

ശബരിഗിരി ജല വൈദ്യുത പദ്ധതി, ഇടുക്കി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ്. ഗവി ഡാമിന് തൊട്ടുതാഴെയായി പമ്പ ഡാം കാണാം. ഇതിന് താഴെയായി കൊച്ചുപമ്പ, ആനത്തോട്, കക്കി ഡാമുകള്‍. ഏറ്റവും താഴെ ആണ് മൂഴിയാര്‍ ഡാം. ഇതിനടുത്തായാണ് ശബരിഗിരി പദ്ധതിയുടെ പവര്‍ സ്റ്റേഷന്‍. ഇവിടെയുള്ള ഡാമുകളില്‍ ഏറ്റവും വലുത് കക്കി ഡാമാണ്.

publive-image

ആനത്തോട് കക്കി ഡാമുകള്‍ ചേര്‍ന്നാണ് കക്കി റിസര്‍വോയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ശബരിഗിരി പദ്ധതിയുടെ പരമാവധി പരിധി 335 മെഗാവാട്ട് ആണ്( ഇടുക്കിയുടേത് 780 മെഗാവാട്ട്). ഈ അഞ്ചു ഡാമുകളെയും ബന്ധിപ്പിച്ചു കൊണ്ടാണ് അടൂര്‍-വണ്ടിപ്പെരിയാര്‍ ദേശീയപാത (എന്‍.എച്ച്. 183 എ) കടന്നു പോകുന്നത്.

കക്കി ഡാമിന്‍റെ എതിര്‍ദിശയിലേക്ക് നോക്കിയാല്‍ പച്ചപ്പും മൂടല്‍മഞ്ഞും ചേതോഹരമായി വിലയിക്കുന്ന കാഴ്ച കാണാം; ഭാഗ്യമുണ്ടെങ്കിൽ ജലസംഭരണിയുടെ തീരങ്ങളിൽ മേയുന്ന ആനകളെയും.

പമ്പാനദിയിലൂടെയുള്ള വെള്ളം കക്കി – ആനത്തോട്, കൊച്ചുപമ്പ ഡാമുകളില്‍ സംഭരിച്ച് 2611.53 മീറ്റര്‍ നീളത്തില്‍ മൂന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് മൂഴിയാറിലെ പവര്‍ഹൗസില്‍ എത്തിക്കുന്നത്. ശബരിഗിരിയില്‍ നിന്ന് ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം മൂഴിയാറില്‍ സംഭരിച്ച് ആങ്ങമൂഴി കക്കാട് നിലയത്തില്‍ 50 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കുന്നുണ്ട്.

മൂഴിയാര്‍ പവര്‍ ഹൗസിൻറെ വിദൂരക്കാഴ്ചയും പെന്‍സ്റ്റോക്ക് പൈപ്പിൻറെ സമീപക്കാഴ്ചയുമെല്ലാം ഗൂഡ്രിക്കല്‍-ഗവി റൂട്ടിലെ യാത്രയെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങളാണ്.

ഗൂഡ്രിക്കല്‍ റേഞ്ചില്‍പ്പെട്ട 148 ചതുരശ്ര കിലോമീറ്റര്‍ വനമേഖല പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലേക്ക് (പെരിയാര്‍ കടുവാസങ്കേതം) ചേർത്തത് വാർത്തയായിരുന്നു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കടുവകളുടെ സുഗമമായ വളര്‍ച്ചയ്ക്കും ആവാസകേന്ദ്രം ശക്തിപ്പെടുത്തുന്നതിൻറെയും ഭാഗമായാണ് ഇത്രയുംസ്ഥലം കൂടി പെരിയാര്‍ കടുവാസങ്കേതത്തിൽ ഉൾക്കൊള്ളിച്ചത്.

ഇതോടെ ഗൂഡ്രിക്കല്‍ റേഞ്ചിൻറെ മർമ്മപ്രധാന പ്രദേശങ്ങളായ പൊന്നമ്പലമേട്, വരയാടിന്‍കൊക്ക, ചന്താമരകൊക്ക, കൊച്ചുപമ്പയുടെ ഭാഗങ്ങള്‍, ആനത്തോട് ഡാമിന് സമീപം കിടക്കുന്ന ഭാഗങ്ങള്‍ തുടങ്ങിയവ പെരിയാര്‍ കടുവാസങ്കേതത്തിൻറെ ഭാഗമായിത്തീരുന്നു. ഭാഗീകരണം റേഞ്ചിൻറെ വിസ്തൃതിയെ കാര്യമായി ബാധിച്ചിരിക്കുന്നുവെങ്കിലും പ്രദേശത്തെ വന്യചാരുതയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല.

അപൂര്‍വ സസ്യ-ജന്തുജാലങ്ങളുടെ കലവറയാണ് ഗൂഡ്രിക്കല്‍ വനമേഖല. അറുനൂറ്റി ഇരുപത്‌ ചതുരശ്ര കി.മീറ്റര്‍ വരുന്ന വിസ്‌തൃതമായ ഈ വനമേഖല തമിഴ്‌നാട്‌ അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്നു. പ്ലാപ്പള്ളി, പമ്പ, അപ്പര്‍ മൂഴിയാര്‍, ഇളംപമ്പ എന്നിവിടങ്ങൾ മുഖ്യമായും ആന സംരക്ഷണ കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. ഈ മേഖലകളിലാണ്‌ കുട്ടിയാനകള്‍ ഏറെയുള്ളതും. ഇവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ്‌ പ്രത്യേക സ്‌ക്വാഡിനെത്തന്നെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.

ഗൂഡ്രിക്കല്‍ വനമേഖലയില്‍ കാട്ടാനകളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായതായി വനം വകുപ്പിൻറെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ആഹ്ലാദജനകമായ വാർത്തയാണ്. മലനിരകളിലും വ്യാപകമായ രീതിയില്‍ കാട്ടാനക്കൂട്ടത്തെ കാണുന്നുണ്ട്‌.

ഒരു കൂട്ടത്തില്‍ കുറഞ്ഞത്‌ പതിനഞ്ചിനും ഇരുപതിനും മധ്യേ ആനകളാണുള്ളത്. വനമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യമാണിപ്പോള്‍ എന്നതിനാല്‍ കാട്‌ വിട്ട്‌ വെള്ളം തേടി നാട്ടിലേക്ക്‌ ആനകള്‍ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്‌. ഇവിടെയും വനംവകുപ്പ്‌ സ്ക്വാഡുകൾ ജാഗരൂകരാണ്. ആന കണക്കില്‍ കവിഞ്ഞ്‌ പെരുകുന്നതുമൂലം ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പലപ്പോഴും സഞ്ചാരികൾക്കും ദൃശ്യമാകാറുണ്ട്.

വിനോദസഞ്ചാരികളുടെ പിഴ

എന്നാല്‍ ആനകളുടെ (മറ്റ് മൃഗങ്ങളുടെയും) നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പല പ്രവര്‍ത്തനങ്ങളും ഗൂഡ്രിക്കല്‍ വനമേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും ഉണ്ടാകുന്നതായി വനം വകുപ്പ്‌ അറിയിക്കുന്നത് നിരാശാജനകമാണ്.

പ്ലാസ്‌റ്റിക്ക്‌ കുപ്പികളും പാഴ്‌വസ്‌തുക്കളും വനത്തിനുള്ളിലേക്ക്‌ വലിച്ചെറിയുന്ന പ്രവണതയ്‌ക്ക്‌ ഇനിയും തടയിടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവ അകത്താക്കുന്ന ആനകള്‍ ഇരണ്ടക്കെട്ടുമൂലം പതിവായി ചരിയാറുണ്ടെന്നുമുള്ള വനം വകുപ്പിൻറെ പരാതി കാര്യമായിത്തന്നെ എടുക്കേണ്ടതുണ്ട്.

publive-image

ഇത്‌ മുന്നില്‍ കണ്ട്‌ വനത്തിനുള്ളിലേക്ക്‌ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്ക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ഇറങ്ങിയിരിക്കുന്ന വന സംരക്ഷണ സമിതി പ്രവർത്തകരോട് സഹകരിക്കുവാനുള്ള സന്മനസ്സും വിനോദസഞ്ചാരികൾക്ക് ഉണ്ടാവേണ്ടതുണ്ട്.

വിനോദസഞ്ചാരികളുടെ ഭാഗത്ത് നിന്നും ചിലപ്പോഴെങ്കിലും ഇത്തരം ഉത്തരവാദിത്വരഹിത സമീപനം കാണപ്പെടുന്നുണ്ടെങ്കിലും പ്രദേശത്ത് വസിക്കുന്നവർ പൊതുവെ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്നവർ ആണെന്നറിയുന്നത് വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്.

ഗൂഡ്രിക്കൽ വനപ്രദേശത്ത് സ്ഥിരമായി വസിക്കുന്നവർ തങ്ങളുമായി അതിര് പങ്കിടുന്ന വന്യജന്തുക്കളുമായി ഓരോ അണുവിലും പരസ്പരബഹുമാനം സ്ഫുരിക്കുന്ന ഒരുതരം സഹവർത്തിത്വമനോഭാവം വച്ചുപുലർത്തുന്നവരാണ്. തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് രാത്രികാലങ്ങളിൽ മിന്നൽ സന്ദർശനങ്ങൾ നടത്തുന്ന പന്നികളും കേഴകളും ഒക്കെ ജീവനോടെ തന്നെയാണ് മടങ്ങുന്നതെന്ന കാര്യം പ്രദേശവാസികൾ ഉറപ്പ് വരുത്തുന്നതിൽ ശ്രദ്ധാലുക്കളാവുമ്പോൾ ആ മൃഗങ്ങളോ, ഏറിയ പങ്കും മനുഷ്യരുമായി നേരിട്ടൊരു ഉരസ്സൽ ഉണ്ടാവാതെ നോക്കുന്നതിൽ അങ്ങേയറ്റം സൂക്ഷമത പുലർത്തുകയും ചെയ്യുന്നു.

തെക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ ഒരു ഗണ്യമായ ഭാഗത്തെ ആവരണം ചെയ്യുന്ന പശ്ചിമഘട്ടത്തിൻറെ, സ്വന്തം പക്ഷിയായ കോഴിവേഴാമ്പൽ പലയിടങ്ങളിലും മാംസത്തിനായി ക്രൂരമായി കശാപ്പ് ചെയ്യപ്പെടുമ്പോൾ ഇവിടെ ഗൂഡ്രിക്കൽ പ്രദേശത്തെ വേഴാമ്പൽ പക്ഷികളുടെ എണ്ണത്തിലെ സമൃദ്ധി, ഇതിനെതിരായ പ്രദേശവാസികളുടെ അവബോധത്തെ തന്നെയാണ് അടിവരയിട്ട് കാട്ടുന്നത്. മലയണ്ണാനുകളുടെ കാര്യവും അങ്ങനെതന്നെ.

പുലിയുണ്ടാക്കിയ പുകിൽ

ശബരിമല പാത കടന്നുപോകുന്ന ഈ മേഖലയില്‍ കാലാകാലങ്ങളായി വന്യമൃഗങ്ങളുടെ കാര്യമായ ഉപദ്രവമൊന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല. ആങ്ങമൂഴി, മൂഴിയാര്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര പാലത്തടിയാര്‍ റോഡിലൂടെയാണ്. മൂഴിയാറിലേക്കുള്ള കെഎസ്‌ഇബി ഉദ്യോഗസ്ഥരും ഗവിയിലേക്കുള്ള സഞ്ചാരികളുമൊക്കെ നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്.

ഇന്നും സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഈ പ്രദേശത്തുകൂടി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ഇരുചക്രവാഹനങ്ങളില്‍ പോലും യാത്ര ചെയ്യുന്നത്. ഏപ്രിൽ മാസം ബേബി പുലിയുടെ ആക്രമണത്തി കൊല്ലപ്പെട്ടത് മുതലാണ്‌ പൊടുന്നനെ പ്രദേശം ഭീതിയുടെ നിഴലിലാഴുന്നത്.

തൊട്ടടുത്ത ദിവസം തന്നെ പുലിയുടെ അക്രമണത്തില്‍ നിന്ന് വഴിയാത്രക്കാരനായ ഒരു യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത പ്രചരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുവാൻ തുടങ്ങി.

ബേബിയുടെ മരണം സംഭവിച്ച പാലത്തടിയാർ ഭാഗത്ത് നിന്നും വെറും 300-മീറ്റര്‍ സഞ്ചരിച്ചാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആങ്ങമൂഴി കവലയായി എന്നതാണ് നാട്ടുകാരിൽ ഏറെ പരിഭ്രമം ഉണ്ടാക്കിയത്. അപ്പോഴേക്കും പുലിയെ ഭയന്ന് നാട്ടുകാര്‍ക്ക് രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കൂടി ഭയമായി തുടങ്ങിയിരുന്നു.

ആയിടെ സീതത്തോടിനു സമീപമുള്ള വനത്തോട് ചേർന്ന ജനവാസകേന്ദ്രമായ ആനച്ചന്തയില്‍ പുലിയിറങ്ങി രണ്ടു വീടുകളില്‍നിന്ന് നായ്ക്കളെ പിടികൂടിയതും ജനങ്ങളുടെ പരിഭ്രാന്തി ഏറ്റുന്നതിന് വലിയ കാരണമായി. ഏറെനാളായി ആനച്ചന്തയുടെ സമീപപ്രദേശങ്ങളില്‍ പുലിയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സമീപവാസികൾ പക്ഷെ ഇതാദ്യമായാണ് ആനച്ചന്തയില്‍ പുലിയിറങ്ങി നായ്ക്കളെ പിടികൂടുന്നതെന്ന് പറയുന്നതും ഒപ്പം ചിറ്റാര്‍ പഞ്ചായത്തിലെ കുളങ്ങരവാലി, നീലിപിലാവ്, കട്ടച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയിറങ്ങി ആടുകളെയും, നായ്ക്കളേയും പിടികൂടിയതായി വാർത്ത പ്രചരിച്ചതും ഇവിടെ കൂട്ടിയാണ് വായിക്കേണ്ടത്.

publive-image

പുലിയുടെ കഥകൾ കേട്ട് ഭയന്ന മറ്റൊരു വിഭാഗമാണ്‌ പ്രദേശത്തെ ഈറ്റത്തൊഴിലാളികൾ. ഇക്കൂട്ടരിൽ പലരും ഇടക്കാലത്ത് ഉൾവനത്തിലേക്കു കയറി ഈറ്റ വെട്ടാൻ മടിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് റേഞ്ചിലെ പ്ലാപ്പള്ളി മേഖലയിൽ നിന്നു ബാംബൂ കോർപറേഷൻ, എച്ച്എൻഎൽ സ്ഥാപനങ്ങൾക്കാണ് ഈറ്റ സംഭരിക്കുന്നത്. പുലിയുടെ സാന്നിധ്യം കണ്ട സ്ഥലങ്ങളും ഇവർ ഈറ്റ വെട്ടുന്ന പ്രദേശത്ത്‌ പെടും.

പുലിപ്പേടി ഒന്നൊതുങ്ങി ഇന്ന് വീണ്ടും തൊഴിലാളികൾ ഈറ്റ വെട്ടുവാനായി കാടേറാൻ തുടങ്ങിയിരിക്കുമ്പോൾ കൂട്ടമായി നിൽക്കുന്നതിനാൽ പുലിയുടെ ആക്രമണം ഉണ്ടാകില്ലെന്ന വിശ്വാസം മാത്രമാണത്രെ ഇവർക്ക് രക്ഷയായുള്ളത്. ആങ്ങമൂഴിയിലുള്ള സ്ഥലവാസികൾക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള തൊഴിലാളികളും ഇവിടെ ഈറ്റ വെട്ടുന്നുണ്ട്.

പുലിയെപ്പറ്റി വനപാലകർ തൊഴിലാളികൾക്കു മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇവർക്ക് ജോലി മുടക്കാനാവില്ല. വനത്തിൽ തൊഴിലാളികളുടെ സാന്നിധ്യം പതിവാകുന്നതോടെ പുലി ഉൾവനത്തിലേക്ക് മാറിയേക്കാമെന്ന അഭ്യൂഹവും പരക്കെയുണ്ട്.

പ്രദേശവാസികളുടെ സമാധാനം കെടുത്തുന്ന പുലിഭീഷണി വലിയ കാലതാമസം ഉണ്ടാകാതെ ഒഴിവാക്കാനാണ് അധികൃതർ കൂട് സ്ഥാപിച്ച് പുലിയെ കുടുക്കാന്‍ ശ്രമം നടത്തിയത്. ഒപ്പം പുലിയെ നിരീക്ഷിക്കാന്‍ ക്യാമറയും സ്ഥാപിക്കുകയുമുണ്ടായി.

പക്ഷെ ക്യാമറയില്‍ പുലിയുടെ ചിത്രം നിരന്തരം പതിയുന്നുണ്ടെങ്കിലും പുലി കൂട്ടിലേക്കു കയറാഞ്ഞത് വനപാലകരെയും പ്രദേശവാസികളെയും ഒരുപോലെയാണ് ആശങ്കപ്പെടുത്തിയത്. ആങ്ങമൂഴി-പാലത്തടിയാര്‍ വനത്തിലും പിന്നീട് ആനച്ചന്തയിലും കൂട് സ്ഥാപിച്ചിട്ട് ഒന്നരമാസം പിന്നിട്ടിരിക്കുകയാണ്.

പുലിയെ ക്ഷണിച്ചു വരുത്തിയതോ?

അതേസമയം ആങ്ങമൂഴി കവലയോട് ചേര്‍ന്ന് പാലത്തടിയാര്‍ വനത്തില്‍ ചിലർ മാംസാവഷിഷ്ടങ്ങൾ തള്ളുന്നതാണ് ഇവിടെ പുലിയുടെ സാന്നിദ്ധ്യം ശക്തമാക്കിയതെന്ന ശക്തമായൊരു വാദം മുൻപ് മുതലേ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് വനപാലകർ മുന്നറിയിപ്പ് നല്കിയതുമായിരുന്നുവത്രെ.

ഗൂഡ്രിക്കല്‍ റെയിഞ്ച് ഓഫീസിന് തൊട്ടടുത്തുള്ള പാലത്തടിയാര്‍ വനത്തിലായി മാംസാവശിഷ്ടങ്ങള്‍ വലിയ തോതില്‍ ഉപേക്ഷിക്കുന്നത് ഭക്ഷിക്കാനെത്തുന്ന നായ്ക്കളെയും, കാട്ടുപന്നികളെയും പിടികൂടി ഭക്ഷിക്കാനാണ് പുലി ഇവിടെ താവളമുറപ്പിച്ചതെന്ന് കരുതുന്ന കുറെ മനുഷ്യരെങ്കിലും ഇവിടെയുണ്ട്.

അവരുടെ നിഗമനത്തിൽ ഒരു മാറ്റത്തിനായെന്നവണ്ണം അത് മനുഷ്യനെയും കടന്നാക്രമിക്കാന്‍ തുടങ്ങിയെന്ന് മാത്രം.

മൂന്നു വര്‍ഷം മുമ്പ് ആങ്ങമൂഴിയില്‍ ഇതേ പ്രദേശങ്ങളില്‍ തന്നെ പുലിയിറങ്ങിയിരുന്നു. പുലി നാട്ടിലിറങ്ങിയത് വേനല്‍ കടുത്തതോടെ കാട്ടരുവികളും മറ്റും വറ്റിയതിനെത്തുടര്‍ന്ന് വെള്ളം കുടിക്കാനായിരുന്നുവെന്നും ആയിടെ റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഗൂഡ്രിക്കല്‍, വടശ്ശേരിക്കര റേഞ്ചിലെ കാടുകളില്‍ തീ പടര്‍ന്ന സാഹചര്യത്തില്‍ പ്രാണരക്ഷാര്‍ഥമായിരുന്നുവെന്നും രണ്ട് ഭാഷ്യം അന്നുയർന്ന് കേട്ടിരുന്നു.

ഏതായാലും നാട്ടിലിറങ്ങി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ പുള്ളിപ്പുലി നാട്ടുകാരുമായുണ്ടായ മല്‍പ്പിടിത്തത്തിനൊടുവില്‍ ജീവൻ വെടിയുകയാണുണ്ടായത്.

വീണ്ടും മൊട്ടിടുന്ന ടൂറിസം സ്വപ്‌നങ്ങൾ

പുലിയുടെ കാലടിശബ്ദങ്ങൾ അകന്നൊടുങ്ങിയിട്ട് ഒരു മാസം കടന്നുപോയിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കൽകൂടി പ്രദേശം പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ വേളയിൽ ഇവിടത്തെ ജനങ്ങൾ കാത്തിരിക്കുന്നത് വിനോദസഞ്ചാരമേഖലയിൽ ഒരു കുതിച്ചുചാട്ടം തന്നെയാണ്; ഒപ്പം അതിലൂന്നി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന വികസനവും ജീവിതനിലവാരോദ്ധാരണവും.

അതിനവർക്ക് പ്രതീക്ഷയേകിക്കൊണ്ട് തൊട്ടപ്പുറത്ത് കോന്നി അതിൻറെ മിന്നിത്തിളങ്ങുന്ന അടവി വന്യവിനോദസഞ്ചാര പദ്ധതിയുമായി മുന്നോട്ട് കുതിക്കുകയാണ്. ഈ ശ്രമത്തിൽ ഇവർക്ക് ഉന്നതങ്ങളിൽ നിന്നെന്നപോലെ ലഭിച്ചേക്കാവുന്ന വലിയ പിന്തുണയോ, പ്രദേശത്തെ മടിയിലൊളിപ്പിച്ചിരിക്കുന്ന സീതത്തോട്‌ പഞ്ചായത്തിനെ ചുറ്റിപറ്റിയുള്ള പുരാണസംഭവങ്ങളെ ആസ്പദമാക്കിയുള്ള ജ്വലിക്കുന്ന ഐതിഹ്യങ്ങളിൽ നിന്നുതന്നെയാവുകയുമാവാം.

ജിം കോർബറ്റിൻറെ വീക്ഷണം, വന്യജീവികൾ മനുഷ്യൻറെ പരിസരങ്ങൾ താണ്ടുന്നെങ്കിൽ അതിന് പിന്നിൽ തീർച്ചയായും വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കുമെന്നതാണ്. അവ, അശ്രദ്ധമായ മൃതശരീരസംസ്കരണ ശൈലിയും പകർച്ചവ്യാധിബാധയും മുതൽ അശാസ്ത്രീയ മാലിന്യസംസ്കരണവും ജലദൗർലഭ്യവും കാട്ടുതീയും വരെ ആയേക്കാം.

കാരണങ്ങൾ എന്തൊക്കെയാണെങ്കിലും ഇവയിൽ സിംഹഭാഗവും മനുഷ്യൻറെ ചെയ്തികളിൽ പെടുന്നവയാണെന്ന തിരിച്ചറിവിൽ തന്നെയാണ് പ്രകൃതിയെ മനസ്സിലാക്കുന്ന ഉത്തമ മനുഷ്യൻറെ അസ്ഥിത്വം സാർത്ഥകമാവുന്നത്.

ഒന്നോർത്താൽ ഈ അസ്തിത്വത്തിൻറെ തിരിച്ചറിയൽ ലക്ഷ്യമാക്കിയാവേണ്ടതല്ലേ ഓരോ വനയാത്രയും?

travel tourism
Advertisment