രജനീകാന്തിനെയും കമലിനെയും മലര്‍ത്തിയടിച്ച് വിശാലിന്‍റെ രാഷ്ട്രീയ പ്രവേശനം. വിശാല്‍ ആര്‍കെ നഗറില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ച്

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, December 2, 2017

ചെന്നൈ∙ തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നേരവും കാലവും നോക്കി കാത്തിരുന്ന സൂപ്പര്‍ താരങ്ങളായ രജനീകാന്തിനെയും കമല്‍ഹസനെയും ഞെട്ടിച്ച്‌ നടന്‍ വിശാല്‍ രാഷ്ട്രീയത്തിലേയ്ക്ക്. നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ടാണ് വിശാലിന്‍റെ നീക്കം . തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഒരു പാര്‍ട്ടിയുടെയും പിന്തുണ തേടാതെ സ്വതന്ത്രനായാണു വിശാൽ മത്സരിക്കുക .

നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാലിന്‍റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് .

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗർ. ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഇ.മധുസൂദനന്‍, ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ്, സ്വതന്ത്രൻ ടി.ടി.വി. ദിനകരന്‍ എന്നിവര്‍ക്കൊപ്പം വിശാല്‍ കൂടി എത്തുന്നതോടെ പോരാട്ട൦ പ്രവചനാതീതമായി മാറിയിരിക്കുകയാണ്. വോട്ടര്‍മാര്‍ അതിലേറെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് .

സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നയാളാണ് വിശാല്‍. സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുമുണ്ട്. നടികര്‍ സംഘം സെക്രട്ടറി സ്ഥാനത്തേക്കു പൊരുതിയായിരുന്നു ജയിച്ചു കയറിയത് . അധികാരമുണ്ടെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി ഇടപെടലുകൾ നടത്താന്‍ കഴിയൂ എന്ന ചിന്തയാണ് വിശാലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അതിലൂടെ ജനങ്ങള്‍ക്ക് അഴിമതി വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നും നവംബര്‍ ഏഴിന് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയ കമല്‍ പറഞ്ഞിരുന്നു. തമിഴ്നാട് മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാണ് ശ്രമിക്കുകയെന്നും കമല്‍ പറഞ്ഞിരുന്നു.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ജന്മദിനമായ ഡിസംബര്‍ പന്ത്രണ്ടിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ജനുവരിയിലായിരിക്കും പാര്‍ട്ടി പിറക്കുക എന്നാണു സഹോദരന്‍ നാഗേശ്വര റാവു വ്യക്തമാക്കിയത്.

ഇതിനിടെ അവിചാരിതമായി വിശാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കാനാണു സാധ്യത. തന്ത്രങ്ങള്‍ ഒരുക്കുന്നതിലും അത് വിജയിപ്പിക്കുന്നതിലും അതിസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്ന വിശാലിന്‍റെ രംഗപ്രവേശം ആര്‍ കെ നഗറിലെ ടി ടി വി ദിനകരനെപോലുള്ള ചില സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇപ്പഴേ ഏകദേശ തീരുമാനം ഉണ്ടാക്കി കഴിഞ്ഞു.

×