1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുമായി നെക്‌സോ ഇന്ത്യയിലേക്ക്; കൊറിയന്‍ വിപണിയിലുള്ള നെക്‌സോ എഫ്‌സിവിയെയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 11, 2019

ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇലക്ട്രിക്ക് വാഹനങ്ങൾ എന്ന കേന്ദ്ര സർക്കാർ ബജറ്റ് തീരുമാനത്തിന് പിന്നാലെ 1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുമായി നെക്‌സോ ഇന്ത്യയിലെത്തുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ആണ് കോന എന്ന മോഡലിനെ കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ഒറ്റ ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ വരെ കോന സഞ്ചരിക്കും.

1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഫ്യുവല്‍സെല്‍ (എഫ്‌സിവി) കാറായ നെക്‌സോ ആണ് ഇനി ഹ്യുണ്ടായിയുടെ ഇന്ത്യന്‍ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളാണ് എഫ്‌സിവി എന്നറിയപ്പെടുന്നത്.

ഫ്യൂവല്‍ സെല്ലാണ് വാഹനത്തിലെ ഇലക്ട്രിക്ക് മോട്ടോറിന് വൈദ്യുതി നല്‍കുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവല്‍ സെല്‍ ഇന്ധനത്തിലെ രാസോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

കൊറിയന്‍ വിപണിയിലുള്ള നെക്‌സോ എഫ്‌സിവിയെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്നത്. കൊറിയന്‍ നിരത്തിലുള്ള നെക്‌സോയുടെ റേഞ്ച് 800 കിലോമീറ്ററാണ്. എന്നാല്‍, ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 1000 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.

 

സാധാരണ ഇലക്ട്രിക്ക് പവര്‍ട്രെയ്‌നേക്കാള്‍ ഭാരം കുറഞ്ഞതാണ് ഫ്യൂവല്‍ സെല്‍ ഡ്രൈവ്‌ട്രെയ്ന്‍. നെക്‌സോ എസ്‌യുവി 161 ബിഎച്ച്പി പരമാവധി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് വെറും 9.2 സെക്കന്‍ഡ് മാത്രം മതി വാഹനത്തിന്.

മണിക്കൂറില്‍ 177 കിലോമീറ്ററാണ് ടോപ് സ്പീഡ്. പുറത്തെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോഴും നെക്‌സോ എഫ്‌സിവി കോള്‍ഡ് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും.
ഷാര്‍പ്പ് ലുക്കിലുള്ള, ഐ20-യുടെയും ക്രെറ്റയുടെയും ക്രോസ് ഓവറാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന രൂപമാണ് നെക്സോയുടേത്.

ചെറിയ ഗ്രില്ലും നീളമുള്ള എല്‍ഇഡി ഹെഡ് ലൈറ്റുമാണ് മുന്‍വശത്തെ ആകര്‍ഷണം. 12.3 ഇഞ്ച് വലിപ്പത്തില്‍ രണ്ട് എല്‍ഇഡി സ്‌ക്രീനുകളുണ്ട് ഇന്റീരിയറില്‍. ഇതിന്റെ ഇടതുവശത്തെ ഡിസ്‌പ്ലേയില്‍ സ്‍പീഡ്, റേഞ്ച് എന്നീ വിവരങ്ങളും വലത് ഡിസ്‌പ്ലേയില്‍ കണക്റ്റിവിറ്റി, ഓപ്ഷനുകളും ദൃശ്യമാകും.

വാഹനത്തിനകത്തെ വായു ശുദ്ധീകരിക്കുന്ന ഫീച്ചറാണ് നെക്‌സോയുടെ മറ്റൊരു പ്രധാന സവിശേഷത. ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ മിറര്‍, ലെയ്ന്‍ ഫോളോയിംഗ് അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിമോട്ട് പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയും ഫീച്ചറുകളായിട്ടുണ്ട്.

കാറിന് ഓട്ടോണമസായി പാര്‍ക്ക് ചെയ്യാനും ഇറങ്ങിവരാനും സാധിക്കുമെന്നതും പ്രത്യേകതയാണ്. രണ്ടായിരത്തിഇരുപത്തിയൊന്നോടെ പുറത്തിറക്കുന്ന വാഹനത്തിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

×