/sathyam/media/media_files/2025/09/20/building-2025-09-20-16-21-05.jpg)
കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന പറത്താനം ഉപകേന്ദ്രം
കോട്ടയം: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തോടു ചേര്‍ന്ന് ഉപകേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഹെല്‍ത്ത് ഗ്രാന്‍ഡില്‍ നിന്ന് 55.50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
രണ്ടു നിലകളിലായി 359.16 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കേന്ദ്രത്തിന്റെ തറ പൂര്‍ത്തിയാക്കി. ഭിത്തിയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 146.95 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള താഴത്തെ നില 205.34 ചതുരശ്ര മീറ്ററായി വിപുലീകരിക്കും. 153.82 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മുകള്‍നില പണിയുക.
വിപുലീകരണത്തിനുശേഷം താഴത്തെ നിലയില്‍ ഇപ്പോഴുള്ള സ്റ്റാഫ് റൂം,സ്റ്റോര്‍ റൂം,കുത്തിവെയ്പ്പിനുള്ള സൗകര്യം, ശൗചാലയങ്ങള്‍ എന്നിവയ്ക്ക് പുറമേ റിസപ്ഷന്‍, ക്ലിനിക്, ഡേ കെയര്‍, മുലയൂട്ടല്‍ മുറി,കാത്തിരിപ്പ് സ്ഥലം എന്നിവയും പ്രവര്‍ത്തിക്കും.
സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് മുകള്‍നിലയില്‍ സജ്ജീകരിക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇവിടെ ലഭിക്കും.