ബാങ്കിംഗ് സുരക്ഷയ്ക്ക് എഐ അധിഷ്ഠിത പരിഹാരവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്-ഇഗ്നോസി

New Update
dfghjklkjhgfdfghjk
തിരുവനന്തപുരം: ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണത്തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമത ശക്തമാക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഇന്‍ക്യുബേറ്റ് ചെയ്ത ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഇഗ്നോസി എന്‍റര്‍പ്രൈസസ്.
Advertisment

ഇഗ്നോസിയുടെ എഐ ഫേക്ക് ഗോള്‍ഡ് ഡിറ്റക്ഷന്‍ ആപ്പിലൂടെ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വ്യാജ സ്വര്‍ണവുമായി വായ്പയ്ക്കെത്തുന്നവരെ തടയാന്‍ സാധിക്കും. മുഖം തിരിച്ചറിയല്‍, തട്ടിപ്പ് രീതിയുടെ വിശകലനം എന്നിവയിലൂടെ മുന്‍കാലത്ത് സ്വര്‍ണ തട്ടിപ്പുകളുമായി ബന്ധമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
 
കേരളത്തിലെ സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നേരിടുന്ന സ്വര്‍ണപ്പണയ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ തദ്ദേശീയമായ ഈ എഐ അധിഷ്ഠിത നവീകരണത്തിലൂടെ സാധിക്കും. കൂടാതെ, ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഈ എഐ പരിഹാരം കരുത്ത് പകരും.

ഇഗ്നോസിയുടെ മറ്റൊരു പുതിയ ഉത്പന്നമായ എഐ അധിഷ്ഠിത അക്കൗണ്ട് ഓഡിറ്റിംഗ് ഫോട്ടോ എടുത്ത് തത്സമയം തന്നെ അംഗത്വം സ്ഥിരീകരിക്കാന്‍ സാധിക്കുന്നു.

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍റെ (എകെപിബിഎ) ഔദ്യോഗിക ടെക്നോളജി പങ്കാളിയായ ഇഗ്നോസിയുടെ ഈ രണ്ട് പരിഹാരങ്ങളും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച എകെപിബിഎയുടെ 67-ാമത് യോഗത്തില്‍ പുറത്തിറക്കിയിരുന്നു.

Advertisment