ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കാനിരിക്കെ, ആദ്യദിനം 11 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ലാലുപ്രസാദ് യാദവും ഉള്‍പ്പെടുന്നു. തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. വേണ്ട രേഖകള്‍ നല്‍കാത്തതിനാല്‍ ഒരു നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിട്ടുണ്ട്.
ഇതുവരെ പത്രിക നല്‍കിയവര്‍ ഇവരാണ്.
കെ പദ്മരാജന്‍ ( തമിഴ്‌നാട്)
ജീവന്‍ കുമാര്‍ മിത്തല്‍( ഡല്‍ഹി)
മുഹമ്മദ് എ ഹമീദ് പട്ടേല്‍ ( മഹാരാഷ്ട്ര)
സൈറ ബാനോ മുഹമ്മദ് പട്ടേല്‍ ( മഹാരാഷ്ട്ര)
ടി രമേഷ് ( നാമക്കല്‍)
ശ്യാം നന്ദന്‍ പ്രസാദ് ( ബിഹാര്‍)
ദയാശങ്കര്‍ അഗര്‍വാള്‍ ( ഡല്‍ഹി)
ലാലുപ്രസാദ് യാദവ് ( ബിഹാര്‍)
എ മനിതന്‍ ( തമിഴ്‌നാട്)
എം തിരുപ്പതി റെഡ്ഡി ( ആന്ധ്രപ്രദേശ്)
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 30 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വോട്ടെടുപ്പ് ജൂലൈ 18 ന്. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ ജൂലൈ 21 ന് നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും