നിഗൂഢത നിറഞ്ഞ പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്

New Update

publive-image

Advertisment

നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ്.  ആ വലിയ ദുരന്ത കാഴ്ചകളുടെ ഓര്‍മ്മകള്‍ പതിറ്റാണ്ടു പിന്നിടുമ്പോഴും ആക്രമണ കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളിലെവിടെയോ സുരക്ഷിതമായി ഉറങ്ങുകയാണ്. 1988 ജൂലൈ 8‑ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണിൽ സ്ഥിതി ചെയ്യുന്ന പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂര്‍— കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്.

കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട് ഈ ഗ്രാമത്തിൽ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. 1988 ജൂലൈ എട്ടാം തീയതി കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്, ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലേക്ക് കയറിയ ബാംഗ്ലൂർ‑കന്യാകുമാരി ഐലന്റ് എക്സ്പ്രസ്നെയും കാത്ത് വലിയൊരു ദുരന്തം പതിയിരിപ്പുണ്ടായിരുന്നു എന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല. പെരുമണ്‍ പാലത്തില്‍നിന്നും പാളംതെറ്റി അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് ഐലന്റ് എക്സ്പ്രസ് ഊളിയിടുമ്പോള്‍ കൂടെ നൂറ്റിയഞ്ച് ജീവനുകളും അതോടൊപ്പം ആഴങ്ങളില്‍ അസ്ഥമിച്ചു.

ടൊര്‍ണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമല്ല, കേരള ജനതക്ക് പോലും ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാൽ പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കി.മീ വേഗതയില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്ക് മറിയുകയായിരുന്നു. അപകടകാരണം കണ്ടെത്താന്‍ രണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടും ടൊര്‍ണാഡോ തന്നെയാണ് കാരണമായി പറഞ്ഞത്. എന്നാല്‍ തങ്ങളറിയാത്ത ഏത് കാറ്റാണ് ഐലന്റ് എക്സ്പ്രസിനെയും അതിലെ 105പേരുടെ ജീവനും കൊണ്ട് പോയതെന്ന ചോദ്യം ഉത്തരം കിട്ടാത്ത ചോദ്യമായി ഇപ്പോഴും തുടരുന്നു.

NEWS
Advertisment