തൊഴില്‍ അന്വേഷികള്‍ക്ക് സന്തോഷവാര്‍ത്ത ! രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഈ വര്‍ഷാവസാനം സൃഷ്ടിക്കപ്പെടുന്നത് 50000 തൊഴിലവസരങ്ങള്‍; വിശദാംശങ്ങള്‍ ഇങ്ങനെ

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടമായതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഡിസംബര്‍ അവസാനത്തോടെ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Advertisment

സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, സാംസങ്, ഡിക്‌സണ്‍, ലാവ എന്നീ കമ്പനികള്‍ തങ്ങളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും തയ്യാറെടുക്കുകയാണ്.

പിഎല്‍ഐ പദ്ധതി പ്രകാരം ആഭ്യന്തര ഉത്പാദന വര്‍ധനവിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വന്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മറ്റുമായി സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ വ്യവസായത്തില്‍ 1100 ശതമാനം വളര്‍ച്ചയുണ്ടായതായും ഇതോടൊപ്പം കയറ്റുമതിയും വര്‍ധിച്ചതായും ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പ്രസിഡന്റ് പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു.

കൊവിഡ് വ്യാപനം ഈ മേഖലയുടെ വളര്‍ച്ചയെ കുറച്ച് ബാധിച്ചിരുന്നെങ്കിലും ഡിസംബര്‍ അവസാനത്തോടെ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ 2014-19 കാലഘട്ടത്തില്‍ 1100 ശതമാനം വളര്‍ച്ചയുണ്ടായതായി ഐസിഇഎയുടെ റിപ്പോര്‍ട്ടിലും പറയുന്നു. സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നതോടെ ഈ മേഖല നിരവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഇലക്ട്രോണിക് ഉത്പാദനരംഗത്തെ ശക്തിപ്പെടുത്തുന്നതിനായി അമ്പതിനായിരം കോടി രൂപയുടെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സ്‌കീമുകള്‍ ജൂണില്‍ ആരംഭിച്ചിരുന്നു. ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു.

Advertisment