Advertisment

കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പുറത്ത് എന്നല്ലേ.. എന്നാല്‍ കറിവേപ്പിലയുടെ ഗുണങ്ങളറിഞ്ഞാലോ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമാണ് കറിവേപ്പിലകള്‍ ആഹാരത്തില്‍ ചേര്‍ത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ ‘കരുവേപ്പ്’ എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്.

വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. കാരണം കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് പതിവ്. എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഇലയല്ല എന്ന് കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍ കേട്ടാല്‍ മനസിലാകും. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്.

കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു. കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.

മാത്രമല്ല ശരീരത്തിലെ അന്നജത്തെ വിഘടിപ്പിക്കുന്ന ആല്‍ഫ അമയ്‌ലേസ് എന്‍സൈമിന്റെ ഉല്‍പാദനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് പ്രമേഹത്തെ കറിവേപ്പില കൊണ്ട് നിയന്ത്രിക്കാം എന്ന് ശാസ്ത്രലേകം കരുതുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കറിവേപ്പിലയ്ക്ക് ആവും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകതരം അലര്‍ജികള്‍, വ്രണങ്ങള്‍ എന്നിവയ്ക്ക് കറിവേപ്പ് ഇലകള്‍ ഫലം കണ്ടിട്ടുണ്ട്. ചൂടുകുരു, മറ്റ് ത്വക്ക് രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നു.

Health curry leaves
Advertisment