Advertisment

മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

author-image
admin
Aug 15, 2021 12:26 IST

-ഹസ്സൻ തിക്കോടി

Advertisment

publive-image

എം.ടി.യോടൊപ്പം ഏഴുരാത്രികൾ (13)

“താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു. അതൊരാളാവാം ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.എം.ടി. കുവൈറ്റ് മലയാളികളോട് പറഞ്ഞത്.

അംബാസ്സഡർ ബി.എം.സി.നായരുടെ തട്ടകമായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനായി നിരവധി സുഹൃത്തുക്കളും സഹപാഠികളും ഞങ്ങൾ താമസിച്ച “സൗത്ത് പാർക്ക്” ഹോട്ടലിൽ വന്നു. തിക്കുറിശ്ശി സുകുമാരൻ നായരേ നേരിൽ കാണുന്നത് അവിടെ വെച്ചാണ്. ബി.എം.സി.യോടുള്ള ബഹുമാനാർത്ഥം രണ്ടാം ദിവസം തിരുവനന്തപുരം പ്രസ് ക്ലബ് ഒരു “സാംസ്കാരിക സായാഹ്നം” സംഘടിപ്പിച്ചിരുന്നു. ആറുമണിക്കായിരുന്നു പരിപാടി. അന്നേദിവസമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ ഹോട്ടലിൽ വന്നത്. മൂന്നു മണിക്ക് അവർ ഒരുമിച്ചു് പുറത്തുപോകുമ്പോൾ ബി.എം.സി.നായർ എന്നോട് പറഞ്ഞു:

“ഹസ്സൻ, ഞാൻ തിക്കുറിശ്ശിച്ചേട്ടന്റെ കൂടെ പുറത്തു പോവുകയാണ്, ആറുമണിക്ക് മുമ്പേ ഞങ്ങൾ ഹാളിലേക്ക് നേരിട്ടെത്തും, ഹസ്സൻ നേരത്തെ അവിടെ പോവണം…..”

തിരുവനന്തപുരം എയർ ഇന്ത്യ റീജിണൽ മാനെജർ ജോർജ് തരകനും ഞാനും നേരത്തെതന്നെ പരിപാടി നടക്കുന്ന ഹാളിലേക്ക് പോയി. ആറുമണിയോടെ ഹാളിലെ ഇരിപ്പടങ്ങൾ നിറഞ്ഞിരുന്നു. പൗരപ്രമുഖരുടെ ഒരു ക്രീം സദസ്സായിരുന്നു. ഏഴുമണിയായി. അംബാസഡറെ കാണാനില്ല. വന്നവരൊക്കെ അക്ഷമരായി. ഒടുവിൽ ഏഴുമണിക്ക് പരിപാടികൾ ആരംഭിച്ചു. ജോർജ് തരകൻ എന്നോട് സ്വകാര്യമായി പറഞ്ഞു:

“ഹസ്സൻ അദ്ദേഹം വരുന്നതുവരെ ഒന്ന് മാനേജ് ചെയ്യണം…..ക്ഷണിക്കപ്പെട്ട അഥിതികളുടെ ആശംസാ പ്രസംഗം കഴിയുന്നതോടെ അംബാസോഡർ വരും….അതുവരെ…”

സമയം എട്ടരയോടടുത്തു, അദ്ദേഹത്തിന്റെ അഭാവത്തിൽ ക്ഷണിക്കപ്പെട്ടവരുടെ പ്രസംഗങ്ങൾ കഴിഞ്ഞു. തരകൻ വീണ്ടും എന്നോടായി പറഞ്ഞു:

“ഹസ്സൻ തുടങ്ങുപ്പോഴേക്കും അംബാസഡർ വരാതിരിക്കില്ല…”

എന്റെ ഊഴമല്ലാതിരുന്നിട്ടും ഞാൻ പറഞ്ഞു തുടങ്ങി. മുൻകൂർ ജാമ്യമെടുത്തായിരുന്നു തുടക്കം. പറഞ്ഞു വന്നപ്പോൾ എന്റെ പ്രസംഗം ഒരനുഭവവിവരണമായിമാറി. 1990-ൽ കുവൈറ്റിൽ നടന്ന ഇറാക്ക് അധിനിവേശത്തിലെ എന്റെ അനുഭവം സദസ്സിനെ വല്ലാതെ കോരിത്തരിപ്പിച്ചു. സദസ്സ് നിശ്ശബമായി എന്നെ കേട്ടിരുന്നു. ഞാൻപോലുമറിഞ്ഞില്ല ഒന്നര മണിക്കൂർ കടന്നുപോയത്.

പ്രസംഗമവസാനിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു എന്നെ അനുമോദച്ചു. ഞാൻ അനുഭവിച്ച അധിനിവേശക്കാലത്തെ പീഡന കഥകൾ അവരിൽ അത്രമാത്രം വേദനനയും ആശ്ചര്യവും ഉണ്ടാക്കിയിരുന്നു. അവർ ആദ്യമായാണ് കുവൈറ്റ് അധിനിവേശത്തിന്റെ നേർക്കാഴ്ചകളുടെ വിവരണങ്ങൾ കേൾക്കുന്നത്. പത്തുമണിയോടെ അംബാസഡറും തിക്കുറുശ്ശിയും വന്നെങ്കിലും അവരൊന്നും പ്രസംഗിക്കാനുള്ള മൂഡിലല്ലായിരുന്നു. സദസ്സാവട്ടെ എന്റെ അനുഭവ വിവരണത്തിൽ സംതൃപ്തരായി പിരിഞ്ഞു.

എം.ടി.യുടെ കുവൈറ്റ് യാത്ര:

രണ്ടുദിവസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ മടക്കയാത്ര. നാടിന്റെ പച്ചപ്പും മഴമേഘങ്ങളുടെ ഒഴുക്കും കണ്ടുമതിയാവാത്തതുപോലെ. വിമാനം ആകാശത്തിന്റെ ഉച്ചിയിലെത്തിക്കാണും. സുന്ദരിമാരായ അറബി എയർ ഹോസ്റ്റസ് ഭക്ഷ്ണം വിളമ്പി. ബി.എം.സി. അദ്ദേഹത്തിന്റെ ഓർമ്മകളുടെ വാതിൽ ഓരോന്നായി തുറക്കാൻ തുടങ്ങി. കൂടെപഠിച്ചവരുടെയും സാഹിത്യ-ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സർഗ്ഗ സംഭാവനകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അപ്പോഴാണ് സുഹൃത്തായ എം.ടി.യെകുറിച്ച് അദ്ദേഹം വാചാലനായത്.

publive-image

(എം.ടി. ലേഖകൻ ഹസ്സൻ തിക്കോടിയോടൊപ്പം)

കുവൈറ്റിൽ എം.ടി.യുടെ ഒരു സാഹിത്യ-ചലചിത്ര മേള നടത്തണമെന്ന ആശയം ഉടലെടുത്തത് ആ ആകാശ യാത്രയിലായിരുന്നു. അടുത്ത ആഴ്ച ഞാൻ നാട്ടിൽ പോകുമ്പോൾ എം.ടി.യെ നേരിൽകണ്ട് അദ്ദേഹത്തിന് സൗകര്യപ്രദമായ തീയ്യതി തീരുമാനിക്കാമെന്ന് പറഞ്ഞു. യാത്രയുടെ ടിക്കറ്റുകൾ കുവൈറ്റ് എയർവേഴ്സിനെ കൊണ്ട് സ്പോൺസർ ചെയ്യിക്കാമെന്നും ബാക്കി പരിപാടികൾ എംബസിയും മലയാളി സംഘടനകളും ഒരുമിച്ചു തീരുമാനിക്കാമെന്നും പറഞ്ഞു.

publive-image

ജ്ഞാനപീഠം അവാർഡ് ജേതാവിനെ കുവൈറ്റിൽ എത്തിക്കുക എന്റെ ദൗത്യമായി മാറി. “അറിവ് അവസാനിക്കാത്ത അത്ഭുതമാണ്, ശക്തിയും സ്വാതന്ത്ര്യവുമാണ്, അതിന്റെ അതിരുകൾ ചക്രവാളം പോലെ എന്നും അകലെ അകലെയാണ്. അപ്രാപ്യമെന്ന് അറിയുമെങ്കിലും അതിന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ സാഹസികത നിറഞ്ഞ ഒരു തീർത്ഥാടനത്തിന്റെ സാഫല്യം അനുഭപ്പെടുന്നു.” എം.ടി.യുടെ മരുഭൂമി യാത്രയുടെ ഒരുക്കങ്ങൾ മനസ്സിൽ കുത്തിക്കുറിച്ചു.

മാതൃഭൂമി ആപ്പീസിലെ പുസ്തക കൂമ്പാരത്തിനിടയിലിരിക്കുന്ന കൂടല്ലൂർക്കാരനെ മണലാരണ്യത്തിലേക്കു ക്ഷണിച്ചപ്പോൾ ഫോക്നറുടെ പട്ടാഫയെന്ന സ്ഥലമാണ് എന്റെ ഓർമ്മയിൽ വന്നത്. അമേരിക്കയിൽ അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നോ എന്നെനിക്കറിയില്ല, അത് ഒരു പക്ഷെ യോക്നാ പട്ടാഫയെന്ന സാങ്കൽപ്പിക ഭൂമിയാവാം, എന്നിട്ടും അമേരിക്കക്കാർ ഫോക്നറുടെ സാങ്കൽപ്പിക ദേശമാണതെന്നു അക്കാലത്ത് വിശ്വസിച്ചിരുന്നില്ല.

അതുപോലെ കേരളത്തിലെ കൂടല്ലൂരിനെ ഞാനപീഠത്തോളം ഉയർത്തിയ എം.ടി. തന്റെ സാഹിത്യ പുരസ്കാരങ്ങൾക്ക് മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. “അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിക്കുന്ന സമുദ്രത്തേക്കാൾ അറിയുന്ന നിളാനദിയെയാണ് തനിക്കിഷ്ടമെന്നു” എം.ടി. പറഞ്ഞത് കൂടലൂരിന്റെ ഹൃദയത്തിൽ നിന്നും വിട്ടുമാറിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാനറിയാഞ്ഞിട്ടല്ല, തന്റെ സാഹിത്യ ജീവിതത്തിൽ ചേർത്തുപിടിക്കാൻ ആ ഗ്രാമവും അവിടത്തെ മനുഷ്യരും ഒരു പട്ടാഫയായി മാറിയതുകൊണ്ടാണ്.

എം.ടി.യുടെ ഒരാഴ്ചക്കാലത്തെ കുവൈറ്റ് വാസം മലയാളികളുടെ മാത്രം ഉത്സവക്കാലമായിരുന്നില്ല, ഇന്ത്യക്കാരുടെതുകൂടിയായിരുന്നു. കാരണം എം.ടി.യുടെ ജീവിതത്തിൽ ആദ്യമായാണ് എല്ലാഭാഷക്കാരും ഒരുമിച്ചു ഒരുവേദിയിൽ സംഗമിക്കുന്നത്. കുവൈറ്റ് “റൈറ്റേർഴ് ഫോറം” നൽകിയ സ്വീകരണച്ചടങ്ങിൽ എം.ടി. എന്ന അധ്യാപകനെയാണ് അവർ കണ്ടത്. വിവിധ ഭാഷാ കവികളായ നൂർപാർക്കാർ, ഹർഷവർധൻ, ജസ്ബീർ സിംഗ്, അരവിന്ദ് റെയ്ന തുടങ്ങിയവരും അവിടത്തെ വിവിധ പത്രങ്ങളുടെ പത്രാധിപന്മാരും എം.ടി.യുടെ ക്ളാസിൽ പങ്കെടുത്തു. അദ്ദേഹം പറഞ്ഞു:

“ഇന്ത്യയിലെ പല ദേശങ്ങളിലും ഞാൻ സാഹിത്യ ക്ളാസിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷെ അന്നൊക്കെ ഒരേ ഭാഷ സംസാരിക്കുന്നവരായിരുന്നു അതിലെ പങ്കാളികൾ. ഇവിടെ എല്ലാഭാഷക്കാരും അറബികളും പങ്കെടുക്കുന്ന ക്ളാസ് ഇതാദ്യമായാണ്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ആ സംവാദവും ക്ളാസുമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.

സാഹിത്യ ശില്പശാല:

കുവൈറ്റിൽ ആദ്യമായി ഇന്ത്യൻ എംബസി ഹാളിൽ ഒരു സാഹിത്യ ശിപാശാല ഒരുക്കിയത് മറ്റൊരു ചരിത്രമായി മാറി. എഴുത്തുകാരും സഹൃദയരും പങ്കെടുത്ത ആ മഹനീയ സദസ്സിൽ എം,ടി. ഉപദേശിച്ചു: “ആയിരം മാർഗങ്ങളും ആയിരം മതൃകകളും കണ്ടുകൊണ്ടു ആയിരത്തൊന്നാമത്തെ മാർഗവും മാതൃകയും സൃഷ്ടിക്കാനുള്ള വെമ്പലായിരിക്കണം കഥയെഴുതാൻ തുടങ്ങുമ്പോൾ നിങ്ങളുടെ പരമമായ ലക്ഷ്യം…”

പ്രവാസികളുടെ യാതനയും വേദനയും തൊട്ടറിയാൻ കൂടല്ലൂർക്കാരന് അധികസമയം വേണ്ടിവന്നില്ല, മനസ്സിൽ എന്നോ സൂക്ഷിച്ചപോലെ ആ വാക്കുകൾ നിളപോലെ നിർഗ്ഗളിക്കുകയായിരുന്നു.

“എന്തുകൊണ്ടാണ് നിങ്ങൾക്കീ മുരടിപ്പ്, ജീവിതത്തിൽ കലണ്ടർ ചിട്ട പാലിക്കാൻ നിർബന്ധിതരായവരാണ് നിങ്ങൾ. എല്ലാ കലാസൃഷ്ടികൾക്കും അലസ വേളകളിലെ മൗനം ആവശ്യമാണ്. പ്രവാസികളുടെ കാര്യത്തിൽ അലസവേളകൾ അപൂർവം. ധാരാളം വാഗ്ദാനങ്ങളുമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നവർ, അവർക്കു താല്പര്യമുണ്ടായിരുന്നു കല, സാഹിത്യം എന്നീ മേഖലകളിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.”

ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിൽ കരിഞ്ഞുണങ്ങിയ പ്രവാസികളോട് അദ്ദേഹം മറ്റൊരുപദേശം കൂടി കൊടുത്തു: “നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക. ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക. അനുഭവങ്ങൾ ഒരിക്കലും മനസ്സിൽനിന്നും നഷടമാവില്ല. അവ എന്നെങ്കിലും പുറത്തുവന്നെ മതിയാവൂ. അവയൊക്കെ എഴുതാനാവില്ലെങ്കിൽ ആരോടെങ്കിലും പങ്കിടുക…..ഒരു കഥപറച്ചിൽപോലെ...അത് നിങ്ങളുടെ മനസ്സിന് ശാന്തിയും സ്വസ്ഥതയും നൽകും…”

“പ്രവാസികളായ നിങ്ങൾ പലരുമായും കണ്ടുമുട്ടുന്നവരാണ്, അന്യദേശക്കാരും അന്യഭാഷക്കാരുമായി സംവദിക്കുന്നവരാണ് നിങ്ങൾ. മറ്റാർക്കും ലഭിക്കാത്ത ഒട്ടേറെ അനുഭവങ്ങളാണ് നിങ്ങളുടെ ജീവിത സമ്പത്തു. അവയൊന്നും മലയാള സാഹിത്യത്തിൽ അധികമൊന്നും വന്നുചേർന്നിട്ടില്ല. “നീ അവന്റെ കഥയറിഞ്ഞോ”, “അവന്റെ കഥ പറയാനില്ല”, “ആ കഥ പറയാത്തതാണ് ഭേദം..” എന്നൊക്കെ നാം സാധരണ ജീവിതത്തിൽ പറയുന്ന അന്യന്റെ കഥയുണ്ടല്ലോ അതൊരു എഴുത്തുകാരൻ പറയുമ്പോൾ അതൊരു യഥാർത്ഥ കഥയായി മാറുന്നു.”

ഏതൊരാളുടെ ജീവിതാനുഭവങ്ങൾക്കും ഒരു പരിധിയുണ്ട്. സ്വയം അനുഭവിക്കുന്ന, സ്വയം നീറുന്ന ആ പരിമിതികളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് തന്റെ അനുഭവങ്ങൾ മാത്രം ഒരുക്കികൊണ്ടു ഒരു കഥയോ/നോവലോ എഴുതാൻ പറ്റില്ല. സ്വന്തം അനുഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് ആദ്യതലം, മറ്റാരെങ്കിലും വന്നു പറയുന്ന അനുഭവങ്ങൾ, സംഭവങ്ങൾ കേൾക്കുമ്പോൾ സവിശേഷതയുണ്ടെന്നു തോന്നാം. അതും മനസ്സിൽ സൂക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഒരു ഘട്ടം കഴിയുമ്പോൾ സ്വന്തം അനുഭവത്തോട് സാമ്യമുള്ളതായി തോന്നുന്നു. ഇതാണ് രണ്ടാം തലം.

പുറം ലോകത്തുനിന്നും ലഭിക്കുന്ന അറിവുകളിലൂടെ അനുഭവപരമായ മൂന്നാം തലം രൂപപ്പെടുന്നു. ഇത് പത്രപംക്തികളിലൂടെ, വായിക്കുന്ന പുസ്തകങ്ങളിലൂടെ, എവിടെനിന്നോ കിട്ടുന്ന കേട്ടറിവുകളിലൂടെയും മറ്റുമാണ്. കാലപ്രവാഹത്തിലൂടെ കടന്നുപോകുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ അതിലെവിടെയോ ഒരു കഥയുണ്ടെന്നു തോന്നാം. എഴുതണമെന്ന മനസ്സിലെ അദമ്യമായ അഭിലാഷം സർഗ്ഗശക്തിയുള്ള ഒരു എഴുത്തുകാരനിലൂടെ പുറത്തുവരുന്നു. തെരഞ്ഞെടുക്കുന്ന പ്രമേയത്തിൽ ഒരു കഥയുണ്ടാവുന്നു.

ഇവിടെയാണ് സാധാരണ മനുഷ്യനും എഴുത്തുകാരനായ മനുഷ്യനും തമ്മിലുള്ള വ്യത്യാസം. ജീവിതത്തിൽ നാം കാണുന്നതിലെല്ലാം കഥയുണ്ട്. ഇതിൽ ഏത് തെരെഞ്ഞെടുക്കണമെന്നതാണ് എഴുത്തുകാരന്റെ മനസ്സിലെ സംഘർഷം. എഴുത്തുകയെന്നത് അവന്റെ നിയോഗമായി മാറുന്നു. താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു. അതൊരാളാവാം, ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.

എം.ടി.യുടെ ഹൃദയത്തിലൂടെ “ഫിലിമോത്സവം:

കുവൈറ്റ് മലയാളിയുടെ മറക്കാനാവാത്ത മറ്റൊരു അനുഭവമായിരുന്നു എം.ടി. ചിത്രങ്ങളുടെ പ്രദർശനം. കുവൈറ്റിൽ ആദ്യമായി നടക്കുന്ന ഒരു മലയാള ഫിലിമോത്സവത്തിന് എം.ടി.യുടെ സാന്നിധ്യവും സാമീപ്യവുമുണ്ടായി എന്നതാണ് ഏറെ പ്രത്യേകത. “എം.ടി.യുടെ ഹൃദയത്തിലൂടെ” എന്ന ഡോക്യൂമെന്ററിയോടൊപ്പം “കടവ്”, നാലുകെട്ട്, വൈശാലി, ഒരു വടക്കൻ വീരഗാഥ എന്നീ ചലചിത്രങ്ങൾ എംബസി ഓഡിറ്റോറിയത്തിൽ നിറസദസ്സിൽ കാണിക്കാനായതും എം.ടി.യുടെ കുവൈറ്റ് യാത്രയുടെ പ്രത്യകതയാണ്. അംബസഡർ ബി.എം.സി.നായരുടെ നിർലോഭമായ സഹകരണം ഒരിക്കലും മറക്കാനാവില്ല.

publive-image

വിഷുക്കണി കുവൈറ്റിൽ:

എംബസിയും, മലയാളി സംഘടനകളും പഞ്ചനക്ഷത്ര താമസ സൗകര്യം ഒരുക്കാമെന്നു പറഞ്ഞെങ്കിലും എം.ടി. എന്നോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. യാത്രക്കുമുമ്പേ അദ്ദേഹം അതേക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചെങ്കിലും ഒരു മഹാനായ മനുഷ്യനെ കൂടെത്താമസിപ്പിച്ചാൽ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആലോചനയിലായിരുന്നു ഞാൻ. പോരാത്തതിന് ആ സമയത്തു എന്റെ ഭാര്യ മകളുടെ പ്രസവത്തിനായി നാട്ടിലായിരുന്നു. എന്നോടൊപ്പം എന്റെ ഇളയമകൾ “ഫാദിയ” ഏഴാം ക്ലസ്സുകാരി മാത്രമാണുണ്ടായിരുന്നത്. അവൾക്കാണെങ്കിൽ ദിവസവും സ്കൂളിൽ പോവണം.

ഞാൻ വിവരങ്ങൾ പറഞ്ഞെങ്കിലും എം.ടി. എന്നോടൊപ്പം താമസിച്ചാൽ മതിയെന്നായി. അദ്ദേഹവും, ഭാര്യ സരസ്വതിയും മകൾ അശ്വതിയും അങ്ങനെ ഏഴു ദിനരാത്രങ്ങൾ ഒരുമിച്ചു താമസിച്ചു. കടലിന്നഭമുഖമായ മൂന്നാം നിലയിലെ ബാൽക്കണിയിൽ അതിരാവിലെ കടലിൽ എണ്ണ നിറക്കാനെത്തുന്ന എണ്ണക്കപ്പൽ നോക്കി ബീഡി വലിച്ചിരിക്കുന്ന ഗൗരവക്കാരനായ “വാസുവിന്” ഞാൻ കട്ടൻ ചായ ഉണ്ടാക്കി കൊടുത്തതൊക്കെ എന്റെ ജീവിതത്തിലെ ഭാഗ്യവും അനുഗ്രഹവുമായി മാറിയത് അനിതര സാധാരണമാണ്. മൂന്നു മുറികളുള്ള എന്റെ ഫ്ലാറ്റിലെ എല്ലാ സൗകര്യങ്ങളും ഞാൻ അവർക്കായി നീക്കിവെച്ചു. അശ്വതിയും അമ്മയും എന്റെ മകൾ ഫാദിയയുമായി വളരെ വേഗത്തിൽ അടുത്തു. സ്കൂൾവിട്ട് വിട്ടിലെത്തിയാൽ അവളായിരുന്നു അവരുടെ കൂട്ടിന്.

പ്രഭാത ഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ വിളമ്പാൻ കുവൈറ്റിലെ സഹൃദയരായ മലയാളി കുടുംബങ്ങൾ തയ്യാറായിരുന്നു. അവരാണ് സത്യത്തിൽ ഇടതടവില്ലാതെ എം.ടി.ക്കു വിരുന്നൊരുക്കിയത്. എം.ടി.യുടെ ഒരാഴ്ചകാലത്തെ ഹൃദ്യമായ സന്ദർശനം കഴിയാൻ ഒന്നര ദിവസം ബാക്കിനിൽക്കെ വന്ന “വിഷു”വിനു എം.ടി.യെ എങ്ങനെ പരിചരിക്കുമെന്നായിരുന്നു എന്റെ ചിന്ത. മരുഭൂമിയിലെത്തിയ മഹാകഥാകാരന് എങ്ങനെ വിഷുക്കണി ഒരുക്കും. ഇതിനുമുമ്പ് വിഷുക്കണി ഒരുക്കിയ അനുഭവം എനിക്കില്ല.

ഞാൻ ക്രിസ്ത്യാനിയായ എന്റെ അയൽവാസിയും അതെ കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന പത്തനംതിട്ടക്കാരൻ “തങ്കച്ചനെയും കുടുംബത്തെയും” ആ ദൗത്യം ഏൽപ്പിച്ചു. അത് അവരുടെ ജീവിതത്തിലെ മഹാഭാഗ്യമായി കണ്ട തങ്കച്ചൻ വളരെ ഭാഗിയായി ആ കർമ്മം നിർവഹിച്ചു. ജന്മ നാട്ടിൽനിന്നും മരഭൂമിയിലെത്തിയ എം.ടി.യുടെ പതിവ് “വിഷുക്കണി” ഇവിടെയും ഒരുക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. രാവിലെ തന്നെ വിഷുപ്പുടവ ഉടുത്തുകൊണ്ട് എം.ടി.യും ഭാര്യയും, മകളും ഒപ്പം ഞാനും മകളും തങ്കച്ചന്റെ വീട്ടുപടിക്കലെത്തി. വാതിൽ തുറന്നപാടേ അവരൊരുക്കിയ തനി നാടൻ വിഷുക്കണി ഏറെ ഹൃദ്യവും മരുഭൂമിയിലെ അത്ഭുതവുമാണെന്ന് എം.ടി. പിന്നീട് എന്നോട് പറഞ്ഞിരുന്നു. തങ്കച്ചന്റെയും കുടുംബത്തിന്റെയും രണ്ടാം പ്രാതലൊരുക്കമായിരുന്നു വിഷുവിനുണ്ടായിരുന്നത്.

കൂടല്ലൂർ വാസുവിനെ കാണാൻ എല്ലാദിവസവും കുവൈറ്റിലെ മലയാളികൾ എന്റെ ഫ്ലാറ്റിൽ വുന്നുംപോയുമിരുന്നു. ഏഴു ദിനരാത്രികളിലും വിവിധ പരിപാടികളിലും അവരെല്ലാം പങ്കെടുത്തു. ഓരോ എഴുത്തുകാരനും അവരുടേതായ ഒരു ലോകമുണ്ട്, ഗ്രാമാണെങ്കിലും, നഗരമാണെങ്കിലും മരുഭൂമിയാണെങ്കിലും അവരുടെ കൊച്ചു ലോകത്തുനിന്ന് അവരെവിടെയും പോവില്ല. ചുറ്റുമുള്ള മഹാസാഗരങ്ങളിൽപോലും അവരുടേതായ ഇടം കണ്ടെത്താനാണ് അവർ ശ്രമിക്കുക. എം.ടി.യുടെ ഇടം മരുഭൂമിയിലും വ്യത്യസ്ഥമായിരുന്നില്ല. ആരോടും അധികം സംസാരിക്കാത്ത ശീലം, ഗൗരവം സ്പുരിക്കുന്നു മുഖഭാവം. അതൊക്കെ എം.ടി.യുടെ സ്ഥായിയായ ഭാവമാണെന്ന് മലയാളികൾക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ടു തന്നെ ആർക്കും പരിഭവമോ, പരാതിയോ ഉണ്ടായിരുന്നില്ല.

ആധുനിക ലോകം ഒരു തരിശുനിലമാണെന്നും ഇവിടെത്തെ മനുഷ്യർ പൊള്ളയായ മനുഷ്യരാണെന്നും ആധുനിക നാഗരികത അതിന്റെ നാശത്തിലേക്കു നടക്കുകയാണെന്നും ടി.എസ് എലിയറ്റ് ലോകത്തോട് വിളിച്ചുപറഞ്ഞത് അദ്ദേഹത്തിന്റെ “The waste land” എന്ന മഹത്തായ കൃതിയിലൂടെയാണ്. ഒരുപക്ഷെ, എം.ടി.കണ്ട വിശാലമായ മരുഭൂമിയും അതിലെ തരിശ്ശായ പ്രദേശവും അദ്ദേഹത്തിന്റെ രചനയിൽ ഒരു പുതിയ മാനങ്ങൾ കണ്ടെത്തിയെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്. മകൾ അശ്വതിയുമായു അമ്മയും എന്റെ മകൾ ഫാദിയയുമായി ഏറെ അടുത്തിരുന്നു. വിട്ടുമാറാനാവാത്ത ഒരു സൗഹൃദം മകളുമായുണ്ടായി. അവർ പരസ്പരം അവരുടേതായ ലോകത്തിലെ ചങ്ങാത്തം പങ്കുവെച്ചു. എന്നിട്ടും, ഏഴാം ദിവസംവരെ എം.ടി. ഒന്നും ഉരിയാടാത്തതിലുള്ള കൊച്ചുകുട്ടിയുടെ പരിഭവം അവൾ എന്നോട് പങ്കുവെച്ചിരുന്നു. പക്ഷെ, ഏഴാംദിവസം അവളെ അരികിൽ വിളിച്ചിരുത്തി സൗമ്യമായി സ്നേഹത്തോടെ എം.ടി. പറഞ്ഞു:

publive-image

(മകൾ ഡോ: ഫാദിയ ഹസ്സൻ)

“നല്ലോണം പഠിക്കണം, ധാരാളം വായിക്കണം..” അവളുടെ തലയിൽ കൈവെച്ചു അവളെ അനുഗ്രഹിച്ചുകൊണ്ടു ഒരു പുസ്തകം അവൾക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം 2018-ൽ ഞാൻ എം.ടി.യെ കാണാനായി കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയിൽ പോയിരുന്നു. അപ്പോഴും എം.ടി. തിരക്കിയത് അന്ന് കുവൈറ്റിൽ കണ്ട മകളെ കുറിച്ചായിരുന്നു. ഞാൻ പറഞ്ഞു: “അവളിന്ന് ഡോ: ഫാദിയ ഹസ്സനാണ്, ദുബൈയിലെ ആസ്റ്ററിൽ ജോലി. കുടുംബസമേതം താമസിക്കുന്നു.” ഏഴാം ദിവസം വരെ മിണ്ടാതിരുന്ന എം.ടി. പോകുന്ന ദിവസം അനുഗ്രഹിച്ച കഥ മകൾ ഇടക്കൊക്കെ ഓർക്കാറുണ്ട്….

ബർമ്മക്കാരനൊടൊപ്പം മറ്റൊരു ഏഴു രാത്രികൾ കൂടി:

എന്റെ കല്യാണം കഴിഞ്ഞ രണ്ടാമത്തെ ആഴ്ചയാണ് ആ ബർമ്മക്കാരനെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്. ഞാനും ഭാര്യയും വൈദ്യന്മാരുടെ നാടായ തിക്കോടിയിൽ സദാനന്തൻ വൈദ്യരുടെ പീടികക്കുമുമ്പിൽ കോഴിക്കോട്ടേക്കുള്ള ബസ്സ് കാത്തു നിൽക്കുമ്പോളാണ് റെയിൽ പാളത്തിന്നപ്പുറത്തെ റോഡിലൂടെ ഒരു അസാധാരണ രൂപം നടന്നു വരുന്നത് ഞാൻ കാണുന്നത്. കുവൈറ്റിൽ കണ്ട നേപ്പാളിയുടെയോ, ചൈനക്കാരന്റെയോ മുഖച്ഛായ. പൊക്കം കുറഞ്ഞ പതിഞ്ഞ മൂക്കുള്ള അയാളുടെ കൂടെ സാരിയുടുത്ത ഒരു സ്ത്രീയും ഉണ്ടായിരുന്നു.

ആരോ പറഞ്ഞു: “ഖാദർക്കയും ഭാര്യയും വരുന്നുണ്ട്”. ആരാണീ ഖാദർക്ക. എനിക്കറിയില്ലായിരുന്നു. യു.എ.ഖാദർ എന്ന തൃക്കോട്ടൂർക്കാരനെ ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. ഒരു പക്ഷെ, അയാൾ തന്നെയാണോ ഈ വരുന്ന ഖാദർ. എനിക്ക് തെറ്റിയില്ല. എന്റെ തൊട്ടടുത്ത് ആയാളും ഭാര്യയും ബസ്സിനായി നിന്നു. മടിച്ചുനിൽക്കാതെ ഞാൻ സ്വയം പരിചയപ്പെടുത്തി, അയാൾ എന്നെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു:

publive-image

(യു.എ. ഖാദർ, ഇന്ത്യൻ അംബാസ്സഡർ ഗണപതി , ഹസ്സൻ തിക്കോടി ഫസ്റ്റ് സിക്രട്ടറി)

“കൊയിലാണ്ടിയിലെ മമ്മു ബാത്തയുടെ മകനല്ലേ”.....ഞാൻ അത്ഭുതപ്പെട്ടുപോയി. ഖാദർക്കയുടെ വാസസ്ഥലമായ കൊയിലാണ്ടി അമേത്തിന്നടുത്താണ് ബാപ്പയുടെ അംബക്കാന്റെകവും ബറാമി തറവാടും. അമേത്തെ മജീദും, ഹാഷിമും എന്റെ സഹപാടികളായിരുന്നു. ബർമ്മയിൽ നിന്നും വന്ന ഖാദർക്കയും ബാപ്പയും അമേത്തായിരുന്നു താമസം. കോഴിക്കോട്ടെത്തുംവരെ ഞങ്ങൾ ധാരാളം സംസാരിച്ചു.

ഒരു പാലായനത്തിന്റെ ജീവിതമാണ് യു.എ.ഖാദറിന്റേത്. മാമൈദി എന്ന ഉമ്മയുടെ ഓർമ്മകളിലൂടെ പെറ്റുവീണ രാജ്യമായ ബർമ്മയെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തിൽ ബാപ്പയോടൊപ്പം കൊയിലാണ്ടിയിൽ എത്തിപ്പെട്ടതൊക്കെ ബസ്സുയാത്രയുടെ മുഖരിതമായ ശബ്ദത്തിൽ അദ്ദേഹം പങ്കുവെച്ചു. ഐരാവദി നദിയും അരക്കാൻ മലകളും കടന്നു അമ്മയില്ലാത്ത കുട്ടിയേയും തോളിലേറ്റി യുദ്ധകാലത്തെ പലായനത്തിന്റെ ത്രസിപ്പിക്കുന്ന കഥകൾ പിന്നീട് പലപ്പോഴുമായി ഖാദർക്കയുമായി പങ്കിട്ടിരുന്നു.

“ഉച്ചക്കഞ്ഞി വെക്കുന്ന കദീശു” എന്ന ഒരു ചെറുകഥ തൃക്കോട്ടൂറിന്റെ പശ്ചാത്തലത്തിൽ ഞാൻ അക്കാലത്തു എഴുതിയിരുന്നു. ആ കഥ വെട്ടിത്തിരുത്തി തൃക്കോട്ടൂറിന്റെ ആറും, കാടും, ആവിക്കൽ പ്രദേശവുമാക്കി അണിയിച്ചൊരുക്കിത്തന്നത് ഖാദർക്കയായിരുന്നു. കഥക്കു എങ്ങനെ അലകും പിടിയും ചേർക്കാനാവുമെന്ന് എന്നെ പഠിപ്പിച്ച ഖാദർക്കയെ കുവൈറ്റിൽ കൊണ്ടുവരിക എന്റെ മനസ്സിലെ അടക്കാനാവാത്ത ഒരാഗ്രഹമായിരുന്നു. ആയിടക്കാണ് “കല” (കുവൈറ്റ് ആർട് ലവേഴ് അസോസിയേഷൻ) ഖാദർക്കയെ കൊണ്ടുവരാനായി എന്നോട് പറയുന്നത്. ടിക്കറ്റും താമസവും ഞാൻ ഒരുക്കാമെന്നും, ബാക്കി എല്ലാ പരിപാടികളും കല സംഘടിപ്പിക്കാമെന്നും തീരുമാനമായി. എം.ടി.ക്കു ശേഷം എനിക്ക് ലഭിക്കുന്ന മറ്റൊരു അസുലഭ ഭാഗ്യമായിരുന്നു ഖാദർക്കയോടൊപ്പമുള്ള ഏഴുരാത്രികൾ.

ഇടതുപക്ഷ ചായ്വുള്ളതിനാൽ സി.പി.എം.ന്റെ പോഷക സംഘടനയായ “കല” ഖാദർക്കയുടെ എല്ലാ പരിപാടികളും ഏറ്റെടുത്തു. അവരോടൊപ്പം അനുഗമിക്കുക മാത്രമായിരുന്നു എന്റെ ജോലി. എന്റെ ഭാര്യയും മകളും കൂടെയുള്ളതിനാൽ ഖാദർക്കയുടെ ഭാര്യക്കും മുഷിപ്പില്ലാതെ ഒരാഴ്ച കഴിയാനായി.

കാലങ്ങൾക്കു മായ്ക്കാനാവാത്ത കുവൈറ്റിലെ ഓർമ്മകളിൽ ഇനിയുമുണ്ട് കുറെ സാഹിത്യ സുഹൃത്തുക്കൾ. ഒരു കലാ-സാഹിത്യ-സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ കുവൈറ്റിൽ എത്തുന്നവരെ സ്വീകരിക്കാനും അവരോടൊപ്പം ഇത്തിരിനേരം സംവദിക്കാനും സഹകരിച്ചു പ്രവർത്തിക്കാനും എനിക്ക് സാധിച്ചു. കുവൈറ്റ് എയർവെയ്സിന്റെ ലേബലിൽ അവരെയൊക്കെ സ്പോൺസർ ചെയ്യാനും കഴിഞ്ഞത് എന്റെ ഔദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലാണ്.

ഓർമ്മയിൽ തപ്പിത്തടഞ്ഞാൽ ഒരുപാട് മഹത് വ്യക്തിത്വങ്ങളുടെ പേരുകൾ ഇവിടെ കുറിച്ചിടണം. അതിൽ ചിലരൊക്കെ എന്റെ മനസ്സിന്റെ ക്യാൻവാസിൽ മായാതെ കിടക്കുന്നു. സുഗതകുമാരി ടീച്ചറും, പെരുമ്പടവം ശ്രീധരനും, ഓ.എൻ.വി.യും, സാറാ ജോസഫും, യേശുദാസും, ചിത്രയും, ബാലഭാസ്കറും മത-സാംസ്കാരിക നേതാക്കളും കേന്ദ്ര-സംസഥാന മന്ത്രിമാരും, എം.പി., എം.എൽ.എമാരും അവരിൽ ചിലർ മാത്രം. ആരുടേയും പേരുകൾ ഇവിടെ പ്രത്യകം പറയുന്നില്ലെങ്കിലും അവരോടൊപ്പമുള്ള സാമൂഹ്യ-സാംസ്കാരിക സദസ്സിൽ എന്റെയും സാന്നിദ്യം ഉണ്ടായിരുന്നു. പക്ഷെ രാക്ഷ്ട്രീയക്കാരുടെ യോഗങ്ങളിൽ ഞാൻ ഒപ്പമുണ്ടായിരുന്നെങ്കിലും സജീവമായിരുന്നില്ല. കാരണം ഗൾഫിലെത്തിയാൽ തോളിൽ കൈയ്യിട്ടു നടക്കുന്ന രാക്ഷ്ട്രീയക്കാർ നാട്ടിലെത്തിയാൽ കണ്ടഭാവം നടിക്കുകയില്ലെന്ന തിരിച്ചറിവ് അവരുമായി അകലം പാലിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. നാട്ടിൽനിന്നും രാക്ഷ്ട്രീയക്കാരെ നേരിൽ കാണണമെങ്കിൽ ഒരുപാടു നേരം ഓച്ഛാനിച്ചു നിൽക്കണം. പിടിപാടില്ലെങ്കിൽ അവർ നമ്മെ ഒട്ടും ഗൗനിക്കില്ല. അതേസമയം രണ്ടുകൂട്ടർക്കും നേട്ടം കൊയ്യുന്നകാര്യമാണെങ്കിൽ അവർ മറയില്ലാതെ നമ്മോടൊപ്പമുണ്ടാവും. എന്നാൽ കലാകാരന്മാരുടെയും എഴുത്തുകാരുടെയും സ്ഥിതി തുലോം വ്യത്യസ്തമാണ്.

publive-image

(ചിത്രയോടൊപ്പം മകൾ ഫാദിയയും ഹസ്സൻ തിക്കോടിയും)

publive-image

(യേശുദാസ് കുവൈറ്റിൽ, പി.സി.ഹരീഷ്, എസ്.എ. ലബ്ബ എന്നിവരോടൊപ്പം)

ഇന്ത്യയുടെ അഭിമാനമായ പി.ടി.ഉഷ:

കുവൈറ്റിൽ വെച്ചുനടന്ന ഏഷ്യൻ ചാംബ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എന്റെ നാട്ടുകാരിയായ പി.ടി.ഉഷ. ആദരപൂർവം അവരെ സൽകരിക്കേണ്ടത് എന്റെതുകൂടി സന്തോഷവും ആവേശവുമായിരുന്നു. തൃക്കോട്ടൂറിന്റെ മണ്ണിൽ ഓടിച്ചാടികളിച്ച, ഇന്ത്യയുടെ യശസ്സ് ലോകത്തോളമുയർത്തിയ പി.ടി.ഉഷയെ ഉച്ചഭക്ഷണത്തിനു എന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

അന്ന് പക്ഷെ, എന്റെ ഭാര്യ ഫാത്തിമ പൂർണ്ണഗർഭിണിയായിരുന്നിട്ടും അവരെ സ്വീകരിക്കുന്നതിൽ യാതൊരു വിമുഖതയും കാണിച്ചിരുന്നില്ല. ഏകദേശം അമ്പതുപേരെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നൂറിലേറെപർ പങ്കെടുത്തിരുന്നു. ഓട്ടോഗ്രാഫ് സൈൻചെയ്യിക്കാനും, ഫോട്ടോ എടുക്കാനും തിക്കിത്തിരക്കി പലരും കയറിവന്നു. ഭക്ഷണം കഴിഞ്ഞതോടെ ഉഷയോടൊപ്പം ഞാനും അവർ പ്രാക്ടീസ് ചെയ്യുന്ന “ഖദസിയാ” ഗ്രൗഡിലേക്കു പോയി. അപ്പോഴൊന്നും എന്റെ ഭാര്യയുടെ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല.

ആൾത്തിരക്കൊഴിഞ്ഞതോടെ അവൾ ക്ഷീണിതയായിരുന്നു. രാത്രി ഏറെവൈകിയാണ് ഞാൻ വീട്ടിലേക്കു വിളിച്ചത്. ഫോൺ ശബ്ദിക്കുന്നില്ല. അടുത്ത ഫ്ലാറ്റിലെ വാസുവിനെയും സുധർമ്മയേയും വിളിച്ചു. അവരും ഫോണെടുക്കുന്നില്ല. മറ്റു ഫ്ളാറ്റുകളിലെല്ലാം അറബികളാണ് താമസം. അവരുടെ ഫോൺ നമ്പറൊന്നും എന്റെ കൈവശമില്ല. മനസ്സിൽ അങ്കലാപ്പിന്റെ ഇടിമിന്നൽ. പ്രസവിക്കാറായ പെണ്ണിനെ ഒറ്റക്കിട്ടു സാമൂഹ്യ പ്രവർത്തനത്തിനിറങ്ങിയ ഭർത്താവിനെ അവൾ വെറുക്കുമോ? നാലാമത്തെ കുഞ്ഞാണെങ്കിലും പ്രസവത്തിയ്യതി അടുത്തിരുന്നില്ലന്ന വിശ്വാസത്തിലാണ് കാവൽ നിൽക്കാതെ ഞാൻ ഉഷയോടൊപ്പം പോയത്.

publive-image

(പി.ടി. ഉഷയോടൊപ്പം ഹസ്സൻ തിക്കോടിയും കുടുംബവും, ഫഹീമ, ഭാര്യ ഫാത്തിമ ഫരീദ, ഫസീഹ).

അബുഹലീഫയിലെ “അദാൻ” ഹോസ്പിറ്റലിൽ വിളിച്ചു. ഭാഗ്യത്തിന് അവളെ നോക്കുന്ന ബോംബെക്കാരി ഗൈനക്കോളജിസ്റ്റ് ഡോ: ദീപയെ ഫോണിൽ കിട്ടി. പരിഹാസവും ദേഷ്യവും കലർന്ന ശബ്ദത്തിലായിരുന്നു അവരുടെ പ്രതികരണം.

“ഹസ്സൻ യു ഷുഡ്ന്റ് ഡു യുവർ സോഷ്യൽ വർക്ക് വെൻ യുവർ വൈഫ് ഈസ് എക്സ്പ്പറ്റെഡ്….എനിവേ..ഷീ ഈസ് സേഫ്...ഷീ ഈസ് ഇൻ ലേബർ റൂം...കം ഫാസ്റ്റ്…”

കുറെ വർഷങ്ങളായി ഭാര്യ ഡോ: ദീപയുടെ പരിചരണത്തിലായിരുന്നു. നാലാമത്തെകുട്ടി ആണായിരിക്കുമെന്ന് അവർ ഉറപ്പിച്ചിരുന്നു. അതിന്നായി ചില ചൊട്ടുചൊട്ടു മെത്തേഡുകൾ അവർതന്നെ പ്രയോഗിച്ചു. ക്രോമോസോമുകളിലെ ഏറ്റക്കുറച്ചിലാണ് ആണിനേയും പെണ്ണിനേയും തീരുമാനിക്കുന്നത്. എന്നാൽ ആരോഗ്യവും ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെക്കൂടി പ്രധാനം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന.

പ്രസവവേദനയിൽ ഞെരിപിരികൊള്ളുന്ന ഭാര്യയുടെ മുഖം മനസ്സിൽ വന്നുംപോയുമിരുന്നു. ഡിസംബർ പതിമൂന്നിന്റെ അവസാന സൂചികൾ അതിശീക്രം ഓടിത്തുടങ്ങി, ഒപ്പം ഖദസിയായിൽ നിന്ന് എന്റെ കാറിന്റെ ചക്രങ്ങളും അതിവേഗം കറങ്ങി. ഹോസ്പിറ്റലിൽ എത്തുംമ്പോഴേക്കും ഘടികാരത്തിന്റെ സൂചി ഡിസംബർ പതിനാലിലേക്കു വേച്ചു വേച്ചു നടന്നു. ഹോസ്പിറ്റലിലെ നീണ്ടകോറിഡോറിന്റെ മറ്റേ അറ്റത്താണ് ലേബർറൂം. അവിടെ ഡോ: ദീപ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമർശം കലർന്ന അവരുടെ ചിരിയിൽ നിസ്സഹായതയും നിർവികാരതയും എനിക്ക് കാണാമായിരുന്നു.

“മബ്റൂക് ഹസ്സൻ, യു ഹാവ് എ ബേബി ഗേൾ…ഇൻഷാഅള്ളാ..നെക്സ്റ്റ് വൺ വിൽ ബി എ ബേബി ബോയ്…..”

ഞാൻ മറുത്തൊന്നും പറഞ്ഞില്ല. സൈന്റിഫിക് തത്വങ്ങൾക്കുപരി, മുത്തശ്ശിമാരുടെയും ഭിഷഗ്വരന്മാരുടെയും പ്രവചനങ്ങൾക്കപ്പുറം ദൈവത്തിന്റെ സമ്മാനമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അൽ-ഹംദുലില്ലാഹ്.

ഡോ: ദീപ ഭാര്യയെയും പിറന്നു വീണ കുഞ്ഞു പൈതലിനെയും കാണിച്ചുതന്നു. അങ്ങെനെ പി.ടി. ഉഷയുടെ ഏഷ്യൻ അത്ലറ്റിക് മീറ്റിനു ഒരു ദൃക്സാക്ഷി കൂടി പിറന്നു. ഉഷ സ്വർണ്ണ മെഡൽ നേടിയ വർഷം കൂടിയായിരുന്നു അത്. (തുടരും)

ഹസ്സൻ തിക്കോടി: 9747883300 email: hassanbatha@gmail.com

Advertisment