ബര്‍ലിന്‍: ജര്‍മന്‍ സര്‍ക്കാരിന്റെയും ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം ജര്‍മനിക്കാരും തൃപ്തരല്ലെന്ന് ഇന്‍സ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമാകുന്നു. മാധ്യമ സ്ഥാപനമായ ബൈല്‍ഡിനു വേണ്ടിയായിരുന്നു സര്‍വേ.
ഇതില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും ഷോള്‍സിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയാണ് രേഖപ്പെടുത്തുന്നത്. 25 ശതമാനം പേര്‍ മാത്രം സംതൃപ്തി അറിയിക്കുന്നു. ട്രാഫിക് ലൈറ്റ് മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലാകട്ടെ, 65 ശതമാനം പേരും അതൃപ്തരാണ്. 27 ശതമാനം പേര്‍ തൃപ്തി അറിയിച്ചു.
പ്രത്യേക വിഷയങ്ങള്‍ ഉന്നയിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. പൊതുവില്‍ തൃപ്തിയോ അതൃപ്തിയോ എന്നു മാത്രമാണ് സര്‍വേയില്‍ അന്വേഷിച്ചത്. മാര്‍ച്ചില്‍ നടത്തിയ സമാന സര്‍വേയില്‍ 46 ശതമാനം പേര്‍ ഷോള്‍സിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നു, 36 ശതമാനം മാത്രമായിരുന്നു അതൃപ്തര്‍. മുന്നണി സര്‍ക്കാരിന്റെ കാര്യത്തില്‍ 44 ശതമാനം പേര്‍ തൃപ്തരും 43 ശതമാനം പേര്‍ അതൃപ്തരുമായിരുന്നു. ഈ സ്ഥിതിയില്‍ നിന്നാണ് സര്‍ക്കാരിന്റെയും ചാന്‍സലറുടെയും ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുന്നത്.