ബര്‍ലിന്‍: ജര്‍മനിയിലൂടെയും പോളണ്ടിലൂടെയും ഒഴുകുന്ന ഓഡര്‍ നദിയില്‍ അപകടകാരിയായ ആല്‍ഗെയുടെ സാന്നിധ്യം കണ്ടെത്തി. മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആല്‍ഗെയാണ് കാരണമെന്നു വ്യക്തമായത്.
ജൂലൈ മുതല്‍ നൂറു ടണ്ണിലധികം മത്സ്യങ്ങളാണ് ഈ നദിയില്‍ ചത്തു പൊങ്ങിയത്. ഈ പ്രശ്നത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ പോളണ്ട് പരാജയപ്പെട്ടെന്ന് ജര്‍മനി ആരോപിക്കുകയും ചെയ്തിരുന്നു.
രെപംനീഷ്യം പാര്‍വം എന്ന ആല്‍ഗെയാണ് മത്സ്യങ്ങളുടെ അന്തകനായതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇവ ഇത്രയധികം പെരുകിയത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നും ജര്‍മന്‍ അധികൃതര്‍ പറയുന്നു.
നദീജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതാണ് ആല്‍ഗെ അസ്വാഭാവികമായി വളരാന്‍ കാരണം. ഓഡര്‍ നദിയില്‍ ഇത്രയധികം ലവണാംശം ഉണ്ടാകാറില്ല. അതിനാല്‍ തന്നെ മാനുഷികമായ ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടാകാമെന്ന് സംശയിക്കുന്നു.
രാസ മാലിന്യം നദിയില്‍ ഒഴുക്കിയതാവാം കാരണമെന്ന് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി അഭിപ്രായപ്പെട്ടു. എന്നാല്‍, അത്തരത്തില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് രാജ്യത്തിന്റെ പരിസ്ഥിതി വകുപ്പ് മന്ത്രി അന്ന മോസ്ക്വ വാദിക്കുന്നത്.