ബര്‍ലിന്‍: ജര്‍മനി സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രസിഡന്റ് മപ്മൂദ് അബ്ബാസ് നടത്തിയ ഹോളോകോസ്റ്റ് പരാമര്‍ശം സംബന്ധിച്ച് ജര്‍മന്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ 50 വംശഹത്യകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു അബ്ബാസിന്റെ പ്രസ്താവന. കഴിഞ്ഞദിവസം ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനൊപ്പം ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഇത്.
പരാമര്‍ശം ജര്‍മനിയിലും ഇസ്രായേലിലും പ്രതിഷേധത്തിന് കാരണമായിരുന്നു. അബ്ബാസ് വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. വംശഹത്യയെ കുറച്ചുകാണുന്നത് ജര്‍മനിയില്‍ ക്രിമിനല്‍ കുറ്റമാണ്.
ഓഗസ്ററ് 16ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അബ്ബാസ് വംശഹത്യ പരാമര്‍ശം നടത്തിയത്. 1972ല്‍ മ്യൂണിക്കില്‍ ഇസ്രായേല്‍ അത്ലറ്റുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന് മാപ്പുപറയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ ഇന്നേവരെ 50 ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ 50 കൂട്ടക്കൊലകള്‍ നടത്തി ~50 കുരുതികള്‍; 50 വംശഹത്യകള്‍ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
പലസ്തീന്‍ പ്രദേശങ്ങളെ സ്വയംഭരണ രാഷ്ട്രമായി ജര്‍മനി കണക്കാക്കുന്നില്ലെങ്കിലും ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി എന്നനിലയില്‍ ജര്‍മനിയിലെത്തിയ അബ്ബാസിനെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാനാകില്ല.