ലോസ് ആഞ്ചെലെസ്: ബാസ്കറ്റ്ബാൾ ഇതിഹാസം കോബെ ബ്രയന്റിന്റെ വിധവ വെനേസ ബ്രയന്റിനു $16 മില്യൺ നഷ്ടപരിഹാരം നൽകാൻ ലോസ് ആഞ്ജലസിലെ ഫെഡറൽ ജൂറി ഉത്തരവിട്ടു. എൻ ബി എ താരവും 13 വയസുള്ള പുത്രി ജിയാനയും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ എടുത്തു ഇന്റർനെറ്റിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചതു കൊണ്ട് വെനേസ അനുഭവിച്ച കടുത്ത മനോവ്യഥയ്ക്കു നഷ്ടപരിഹാമായാണ് ഈ തുക നല്കാൻ ലോസ് ആഞ്ചലസ് കൗണ്ടിയോടു ജൂറി ആവശ്യപ്പെട്ടത്.
കൗണ്ടി ജീവനക്കാരാണു ചിത്രങ്ങൾ എടുത്തു പ്രചരിപ്പിച്ചത്. കോബെ ബ്രയന്റിനൊപ്പം അപകടത്തിൽ മരിച്ച സാറ ചെസ്റ്റർ, മകൾ പെയ്റ്റൻ എന്നിവരുടെ ചിത്രങ്ങൾ ഇതേ പോലെ പരസ്യമാക്കിയതിനു കേസിൽ കൂട്ടു പരാതിക്കാരനായ ക്രിസ്റ്റഫർ ചെസ്റ്ററിനു ജൂറി $15 മില്ല്യൺ അനുവദിച്ചു. ഇരുവർക്കും ഭരണഘടന നൽകുന്ന സ്വകാര്യത ലംഘിക്കപ്പെട്ടു എന്നു ജൂറിക്കു ബോധ്യപ്പെട്ടു.
കോബെ ബ്രയന്റും (41) പുത്രി ജിയാനയും ആറു കുടുംബ സുഹൃത്തുക്കളോടൊപ്പം പറക്കുമ്പോൾ 2020 ജനുവരിയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ലോസ് ആഞ്ജലസിന്റെ പ്രാന്ത പ്രദേശത്തു വീണ വിമാനത്തിൽ നിന്നു തെറിച്ചു വീണ മൃതദേഹങ്ങൾ തീർത്തും വികലമായിരുന്നു. വിധി വന്നയുടൻ വെനേസ ബ്രയന്റ് തന്റെ അഭിഭാഷകരെ ആശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. ഉത്തരവാദിത്തം ആയിരുന്നു കേസിൽ ചർച്ച ചെയ്യപ്പെട്ടത്," അഭിഭാഷകൻ ലൂയി ലി പറഞ്ഞു. "ഇപ്പോൾ ജൂറി ഏകാഭിപ്രായത്തിൽ തീർപ്പു കല്പിച്ചു."
കടുത്ത വൈകാരിക പീഡനമാണ് തങ്ങൾ അനുഭവിച്ചതെന്നു വെനേസ ബ്രയന്റ്റും ക്രിസ്റ്റഫർ ചെസ്റ്ററും കോടതിയിൽ പറഞ്ഞിരുന്നു. ഇത്തരം ചിത്രങ്ങൾ എടുക്കുന്നത് മനുഷ്യത്വത്തിനു നിരക്കാത്തതാണെന്നു ലി ചൂണ്ടിക്കാട്ടി. കൗണ്ടിയുടെ നടപടി കടുത്ത മനോവ്യഥ ഉണ്ടാക്കി.
"ഉണങ്ങാത്ത മുറിവിൽ അവർ ഉപ്പു തേച്ചു. പതിറ്റാണ്ടുകളായി ഇത് നടന്നു കൊണ്ടിരിക്കുന്നു. ദയവായി അവസാനിപ്പിക്കുക," അദ്ദേഹം കോടതിയോട് പറഞ്ഞു.
"മനുഷ്യ ശരീരങ്ങൾ പലതായി നുറുങ്ങിയതിന്റെ ചിത്രങ്ങൾ സ്വകാര്യമാണ്. അത് നാട്ടുകാർക്കു കാണാനുള്ളതല്ല."