ടെല്‍ അവീവ്: ഇസ്രയേലില്‍ ചിട്ടി നടത്തി തലവരിപ്പണവുമായി മലയാളി ഉടമകള്‍ മുങ്ങി. തൃശ്ശൂര്‍ ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോര്‍ജ് തിരുവനന്തപുരം മയ്യനാട് സ്വദേശി ഷൈനി ഷിനിലുമാണ് മലയാളികളില്‍ നിന്ന് പണം തട്ടി നാടുവിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ജറുസലേം പോലീസിലും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കും കേരള പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. രണ്ടു പേരും രാജ്യം വിട്ടുവെന്നാണ് ഇസ്രായേല്‍ പൊലീസ് പരാതിക്കാരോട് പറഞ്ഞത്.
ഇസ്രയേലില്‍ വര്‍ഷങ്ങളായി പെര്‍ഫെക്ട് ചിട്ടി എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു ഇവര്‍. 350 ലേറെ പേരില്‍ നിന്ന് 2022 ഫെബ്രുവരി വരെ ഇവര്‍ പണം പിരിച്ചു കൊണ്ടിരുന്ന ഇവര്‍ ഒരു സുപ്രഭാതത്തില്‍ ഇസ്രായേലില്‍ നിന്നും മുങ്ങി.
പലരില്‍ നിന്നായി ഇത്തരത്തില്‍ ഇവര്‍ 50 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ആളെ കൂട്ടിയത്.
ചിട്ടിയില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് പാവപ്പെട്ട മലയാളികളെ കെണിയില്‍ വീഴ്ത്തി. തട്ടിയെടുത്ത പണവുമായി ഇവര്‍ ഇസ്രയേല്‍ വിട്ടതിന് ശേഷമാണ് പരാതിക്കാര്‍ വിവരമറിയുന്നത്. പണം നഷ്ടപ്പെട്ട പലരും ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന വിവരം. ഇന്‍വെസ്ററ്മെന്റ് വിസയില്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേയ്ക്ക് ചേക്കേറിയതായും സംശയിക്കുന്നുണ്ട്.