ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ലിസ് ട്രൂസിനെ വിവാദത്തിലാക്കി.
മാക്രോണ്‍ യു.കെയുടെ സുഹൃത്താണോ ശത്രുവാണോ എന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും, താന്‍ പ്രധാനമന്ത്രിയായാല്‍ ഇക്കാര്യം മാക്രോണിന്റെ പ്രവൃത്തി വിലയിരുത്തി തീര്‍പ്പാക്കുമെന്നും, അദ്ദേഹത്തിന്റെ വാക്കുകളല്ല കണക്കിലെടുക്കേണ്ടതെന്നുമായിരുന്നു ലിസിന്റെ പരാമര്‍ശം.
രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസിന്റെ പരാമര്‍ശം അതിരു കടന്നതായി എതിരാളികള്‍ ആരോപിക്കുന്നു. ട്രസിന്റെ മുഖത്തടിച്ചപോലുള്ള പ്രതികരണത്തിനെതിരെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. യു.കെയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ രാജ്യത്തിനോടുള്ള അവഹേളനമാണ് ട്രസ് നടത്തിയതെന്ന് പാര്‍ട്ടി പ്രതികരിച്ചു. ടോറികളും ട്രസിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങളിട്ടു. ഗുരുതരമായ പിശകാണ് ട്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുന്‍ വിദേശകാര്യ മന്ത്രി അലിസ്റെറയര്‍ ബര്‍ട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അനുനയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബ്രെക്സിറ്റിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളലുകള്‍ ഉള്‍പ്പെടെ അപഗ്രഥിച്ചാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ ട്രസിന്റെ പ്രസ്താവന നല്‍കിയത്.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് സുഹൃത്താണെന്നും താന്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായാല്‍ യു.കെയും യൂറോപ്പുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിപദത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാളായ ഋഷി സുനാകിന്റെ പ്രതികരണം.