ബ്രസല്‍സ് : യൂറോപ്പിനെയാകെ ഊര്‍ജ്ജ പ്രതിസന്ധി വലയ്ക്കുകയാണ്. വിന്റര്‍ എത്തുന്നതോടെ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും പോളണ്ടടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.ഇപ്പോള്‍ തന്നെ ആളുകള്‍ ദിവസങ്ങളോളം ക്യൂ നിന്നാണ് ഇന്ധനം വാങ്ങുന്നത്.ഇത്തരം നീണ്ട ക്യൂകള്‍ മറ്റു രാജ്യങ്ങളിലും കാണാനാകും.
പോളണ്ടിലെ ലുബെല്‍സ്‌കി വെഗിയേല്‍ ബോഗ്ഡങ്ക കല്‍ക്കരി ഖനിയില്‍ കാറുകളും ട്രക്കുകളും ഹീറ്റിംഗ് ഫ്യുവലിനായി പകലും രാത്രിയും കാത്തിരിക്കുകയാണ്. വിന്ററില്‍ പ്രതീക്ഷിക്കുന്ന ക്ഷാമത്തെ മറി കടക്കാനാണ് ആളുകള്‍ ഇന്ധനം ശേഖരിക്കുന്നത്.വളരെ വിദൂരത്തു നിന്നു പോലും ആളുകള്‍ ഹീറ്റിംഗ് ഇന്ധനം ശേഖരിക്കുന്നതിനായി ഇവിടെയെത്തുന്നത്. ഇത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
മൂന്നും നാലും ദിവസം കാത്തു നിന്നാല്‍ മാത്രമേ ഇന്ധനം ലഭിക്കൂവെന്നതാണ് സ്ഥിതി. ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. കഴിഞ്ഞ ദിവസമാണ് ഇവിടെ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വെള്ളമില്ലാത്തത് മറ്റൊരു ദുരിതമായി. ആളുകള്‍ ട്രക്കുകളിലും ട്രാക്ടറുകളിലും ട്രെയിലറുകളുടെയും കാറുകളിലുമാണ് രാവും പകലും കഴിയുന്നത്.
പോളണ്ടില്‍ 3.8മില്യണ്‍ ആളുകള്‍ പ്രതിസന്ധിയില്‍
കല്‍ക്കരിയെ ആശ്രയിക്കുന്ന പോളണ്ടിലെ 3.8മില്യണ്‍ ആളുകളാണ് ഇന്ധന ക്ഷാമവും വിലക്കയറ്റവും നേരിടുന്നത്.ഫെബ്രുവരിയില്‍ മോസ്‌കോയുടെ ഉക്രൈയ്ന്‍ ആക്രമണത്തെ തുടര്‍ന്നാണ് പോളണ്ടും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ കല്‍ക്കരിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍തന്നെ പോളണ്ട് റഷ്യന്‍ കല്‍ക്കരിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഓരോ വര്‍ഷവും പോളണ്ട് സ്വന്തം ഖനികളില്‍ നിന്ന് 50 മില്യണ്‍ ടണ്ണിലധികം കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ വില കാരണം, റഷ്യന്‍ കല്‍ക്കരിയാണ് കുടുംബങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്.ആവശ്യക്കാരേറിയതോടെ ബോഗ്ഡങ്കയും മറ്റ് സര്‍ക്കാര്‍ നിയന്ത്രിത ഖനികളും റേഷനിംഗ് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരുമെല്ലാം രംഗത്തുവന്നു. ദിവസം 250 പേര്‍ക്കാണ് ഇപ്പോള്‍ ഹീറ്റിംഗ് ഫ്യുവല്‍ നല്‍കുന്നത്.
പ്രശ്നമായത് റഷ്യന്‍ കല്‍ക്കരി വിലക്ക്
ഉടന്‍ പ്രാബല്യത്തില്‍ വന്ന റഷ്യന്‍ കല്‍ക്കരി നിരോധനമാണ് പ്രശ്നമായതെന്ന് ആളുകള്‍ പറയുന്നു. ഇ യു ഓഗസ്റ്റ് മുതലാണ് ഉപരോധം തീരുമാനിച്ചത്.എന്നാല്‍ പോളണ്ട് ഏപ്രിലില്‍ത്തന്നെ നിരോധനം കൊണ്ടുവന്നു. ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് പോളണ്ട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ ദിവസങ്ങള്‍ നീണ്ട ക്യൂവിനും ദുരിതങ്ങള്‍ക്കും അറുതിയില്ല.
ഇന്തോനേഷ്യ, കൊളംബിയ, ആഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ പോളണ്ട് സര്‍ക്കാര്‍ നിയന്ത്രിത കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിന്ററിനെ അപേക്ഷിച്ച് കല്‍ക്കരി വില ഇരട്ടിയോ മൂന്നിരട്ടിയോ ആയി. തുടര്‍ന്ന് വീട്ടുടമകള്‍ക്ക് സബ്‌സിഡികളും ഏര്‍പ്പെടുത്തിയിരുന്നു.
പോളണ്ടിന്റെ 80% വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്. അതിനാല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ട്.2021ല്‍ പോളണ്ട് 12 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്.അതില്‍ 8 മില്യണ്‍ ടണ്‍ റഷ്യയില്‍ നിന്നാണ് .