ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ കൗമാരക്കാരായ രണ്ട് മലയാളി കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലിലെ ഇനാഫ് തടാകത്തിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഐറിഷ് മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്.
/sathyam/media/post_attachments/xLlYxbIOXFATDoQPmnun.jpg)
എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍,കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകന്‍ റോഷന്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് എമര്‍ജന്‍സി വിഭാഗത്തിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത് .സ്ഥലത്ത് പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ബോര്‍ഗന്‍ വെളിപ്പെടുത്തി.
അഞ്ച് പേരടങ്ങിയ കൗമാരക്കാരുടെ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് .നീന്തുന്നതിനിടെ റോഷന്‍ ഒഴുക്കില്‍പ്പെട്ടു.കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.മീൻപിടുത്തത്തിന് പേരുകേട്ട ഇനാഗ് ഇരട്ട തടാകങ്ങൾ മെയ്ഡൗണിലെ ജഡ്ജസ് റോഡിനും ടെമ്പിൾ റോഡിനും ഇടയിൽ, സിറ്റി ഓഫ് ഡെറി റഗ്ബി ക്ലബ്ബിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
വിവരമറിഞ്ഞയുടന്‍ റാപ്പിഡ് റെസ്പോണ്‍സ് പാരാമെഡിക്കല്‍ ടീമുള്‍പ്പടെ അഞ്ച് എമര്‍ജന്‍സി സംഘങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി.രക്ഷപ്പെടുത്തിയയാളെ അവശനിലയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ആംബുലന്‍സ് സര്‍വീസില്‍ ആള്‍ട്ട്‌നാഗെല്‍വിന്‍ ഹോസ്പിറ്റലിലെത്തിച്ചു.എന്നാല്‍ അവിടെയെത്തിപ്പോഴേയ്ക്കും മരണത്തിന് കീഴടങ്ങിയിരുന്നു.