ഡബ്ലിന്‍ : കുതിച്ചുയരുന്ന ജീവിതച്ചെലവ് താങ്ങാനാവാതെ അയര്‍ലണ്ടില്‍ തൊഴിലെടുക്കുന്ന വിവിധ വിഭാഗങ്ങളും സര്‍ക്കാര്‍ ജീവനക്കാരും വശം കെടുന്നു. പെട്രോളടിക്കണോ ഭക്ഷണം കഴിക്കണോ… ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. അത്രമേലുണ്ട് ജീവിത ദുരിതം.
/sathyam/media/post_attachments/3rv7zVVRID6lZpF6n0L9.jpg)
വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശമ്പള വര്‍ധനവ് സംബന്ധിച്ച ചര്‍ച്ചകളിലാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ ജീവിത ദുരിതങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
പണമില്ലാത്തതിനാല്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ജീവനക്കാരുണ്ട്. അതിനിടെ വാടക വീടൊഴിയാന്‍ നോട്ടീസ് ലഭിക്കുന്നവരുണ്ട്. പലചരക്ക് ബില്ലുകള്‍, ഹീറ്റിംഗ്, വൈദ്യുതി,ചൈല്‍ഡ് കെയര്‍ ചെലവുകള്‍ എല്ലാം കുതിയ്ക്കുകയാണ്. പോക്കറ്റ് കാലിയാകുന്നത് അറിയുന്നതേയില്ലെന്ന് ഇവര്‍ പറയുന്നു.ജീവിതം വളരെ ദുരിതപൂര്‍ണ്ണമാണെന്ന് എസ്. എന്‍. എമാര്‍ പറയുന്നു. മിനിമം വേതനത്തേക്കാള്‍ കൂടുതലൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ ചെലവും ഏറെയാണ്.കിട്ടുന്നത് ഒന്നിനും തികയുന്നില്ല. നല്ല അടിവസ്ത്രം പോലും വാങ്ങാനാവാത്ത ദുസ്ഥിതിയാണെന്നാണ് ഇവര്‍ തുറന്നു പറയുന്നു.
നിലവിലെ പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നതല്ല ശമ്പള വര്‍ധനവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഓഫര്‍ നിരസിച്ചതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുടങ്ങിയിരുന്നു.പുനരാരംഭിച്ച ചര്‍ച്ചകളിലും ജീവിതയാഥാര്‍ഥ്യം മുന്‍നിര്‍ത്തിയുള്ള വര്‍ധനവുണ്ടാകണമെന്ന ആവശ്യമാണ് യൂണിയനുകള്‍ മുന്നോട്ടുവെച്ചത്.
ശമ്പളത്തില്‍ 5 ശതമാനം വര്‍ധനവ് നല്‍കാമെന്നാണ് സര്‍ക്കാര്‍,ജീവനക്കാര്‍ക്ക് നല്‍കുന്ന ഓഫര്‍ .അത് അനുവദിക്കാനാവില്ലെന്ന വാശി തുടരുന്നതിനിടെ ഇന്നലെ ഒരു ശതമാനം കൂടി കൂട്ടാമെന്ന നിലപാടിലേയ്ക്ക് സര്‍ക്കാര്‍ പക്ഷം നീങ്ങിയിട്ടുണ്ട്.അതും പോരെന്ന നിലപാട് ജീവനക്കാരും വ്യക്തമാക്കി.ധാരണയാവാതെ പിരിഞ്ഞ ചര്‍ച്ചകള്‍ അടുത്ത ദിവസവും തുടരും.